സ്വന്തം ലേഖകന്‍: കാണാതായ ഈജിപ്ഷ്യന്‍ വിമാനം തകരും മുമ്പ് പുക ഉയര്‍ന്നിരുന്നതായി അന്വേഷക സംഘം, കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു. മെഡിറ്ററേനിയനില്‍ വ്യാഴാഴ്ച തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന 66 യാത്രക്കാരും കൊല്ലപ്പെട്ടതായി ഉറപ്പായിട്ടുണ്ട്. പാരീസില്‍നിന്നു കയ്‌റോയ്ക്കുള്ള പറക്കലിനിടയില്‍ മെഡിറ്ററേനിയനില്‍ വച്ചായിരുന്നു വിമാനം അപ്രത്യക്ഷമായത്.
വിമാനം തകരുന്നതിനുമുമ്പ് പുക ഉയര്‍ന്നതായി ഓട്ടോമാറ്റിക് ഡിറ്റക്ഷന്‍ സിസ്റ്റം നല്‍കിയ സിഗ്‌നലുകളില്‍നിന്നു വ്യക്തമായതായി ഫ്രഞ്ച് അന്വേഷകരാണ് വെളിപ്പെടുത്തിയത്. പെട്ടെന്നുണ്ടായ തീപിടുത്തത്തിന്റെ ഫലമായിരിക്കാം ഇതെന്നാണ് അനുമാനം. തീപിടിത്തമുണ്ടായത് വയറിംഗിലെ തകരാറു മൂലമോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതു മൂലമോ ആകാമെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു.
വിമാന ദുരന്തത്തിനു പിന്നില്‍ ഭീകരരാണെന്ന് ഈജിപ്തും റഷ്യയും പറഞ്ഞെങ്കിലും ഒരു ഭീകര സംഘവും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് പരിശോധിച്ചാലേ ദുരന്തത്തിന്റെ കാരണം വ്യക്തമായി അറിയാനാവൂ. തെരച്ചില്‍ നടക്കുന്ന സമുദ്രഭാഗത്ത് വെള്ളത്തിന്റെ ആഴം പതിനായിരം അടി വരെയാണ്.
20,000 അടി വരെ ആഴമുള്ള ഭാഗത്തു നിന്നു ബ്ലാക്‌ബോക്‌സിന്റെ സിഗ്‌നല്‍ കിട്ടും. ഈജിപ്ത്, ഫ്രാന്‍സ്, ഗ്രീസ്, ബ്രിട്ടന്‍, യുഎസ്, സൈപ്രസ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ലഭിച്ച അവശിഷ്ടങ്ങളുടെ ഫോട്ടോ ഈജിപ്ത് പുറത്തുവിട്ടിരിന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല