സ്വന്തം ലേഖകന്‍: പറക്കലിനിടെ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു, ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന. അലക്‌സാണ്ട്രിയയില്‍ നിന്ന് 290 കിമി വടക്കായാണ് ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ തെരച്ചില്‍ സംഘം അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സീറ്റുകളും വിമാനത്തിന്റെ മറ്റു ചില ഭാഗങ്ങളുമാണ് ലഭിച്ചതെന്ന് ഈജിപ്ത് സൈന്യത്തിന്റെ പ്രതിനിധി പറഞ്ഞു.
ഗ്രീക്, ഈജിപ്ഷ്യന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് സേനകളാണ് വിമാനത്തിനായി തെരച്ചില്‍ നടത്തുന്നത്. വിമാനത്തിന്റെ അവസാന നിമിഷങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുന്ന ഫ്‌ലൈറ്റ് റെക്കോര്‍ഡറിനായുള്ള തെരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന 56 യാത്രക്കാരും 10 ജോലിക്കാരും മരിച്ചതായാണ് പ്രാഥമിക നിഗമനം.
പാരീസില്‍ നിന്നും കെയ്‌റോയിലേക്ക് 66 യാത്രക്കാരുമായി യാത്ര തിരിച്ച ഈജിപ്ത് എയര്‍ വിമാനം എയര്‍ബസ് എ320 മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ കാണാതാകുകയായിരുന്നു. അന്വേഷണം തുടരുന്നുണ്ടെങ്കിലും ഭീകരാക്രമണ സാധ്യത ഇതുവരെ അധികൃര്‍ തള്ളിക്കളഞ്ഞിട്ടില്ല. ഗ്രീക്ക് അതിര്‍ത്തി കടക്കാന്‍ ഏഴ് മൈല്‍ ബാക്കിയുള്ളപ്പോളാണ് റാഡറില്‍ നിന്നും വിമാനം കാണാതാകുന്നത്.
പാരീസില്‍ നിന്നും ബുധനാഴ്ച രാത്രി 11.09 ന് പുറപ്പെട്ട വിമാനം പുലര്‍ച്ചെ 2.30 ന് കെയ്‌റോയില്‍ എത്തേണ്ടതായിരുന്നു. കെയ്‌റോയ്ക്ക് 210 നോട്ടിക്കല്‍ മൈല്‍ അകലെയാണു വിമാനം കാണാതായത്. കാണതാകുന്നതിന് മുന്‍പ് വിമാനം മലക്കം മറിഞ്ഞതായീ ഗ്രീക്ക് പ്രതിരോധ മന്ത്രി പാനോമസ് പറഞ്ഞു. കാര്‍പത്തോസ് ദ്വീപീന് തെക്ക് 130 നോട്ടിക്കല്‍ മൈല്‍ അകലെ ആകാശത്ത് തീഗോളം കണ്ടിരുന്നതായി ഒരു കപ്പലിന്റെ ക്യാപ്റ്റന്‍ അറിയിച്ചിരുന്നു.
ഗ്രീസിന്റെ ആകാശ അതിര്‍ത്തിയിലെത്തിയപ്പോഴാണ് സ്‌ക്രീനില്‍ നിന്നും വിമാനം കാണാതായതെന്ന് ഗ്രീക്ക് വ്യോമഗതാഗത സേന മേധാവി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കിയ ദ്വീപിനു മുകളില്‍ പറക്കുമ്പോള്‍ ഗ്രീക്ക് വ്യോമഗതാഗത വിഭാഗവുമായി പൈലറ്റ് സംസാരിച്ചിരുന്നു. 2003 മുതല്‍ സര്‍വ്വിസ് നടത്തുന്ന വിമാനത്തിന് സങ്കേതിക തകരാറിനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്തരുടെ വിലയിരുത്തല്‍. കൈകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 30 ഈജിപ്ത്ക്കാരും 15 ഫ്രഞ്ചുകാരും മറ്റ് രാജ്യങ്ങളില്‍ നിന്നായി 11 പേരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല