സ്വന്തം ലേഖകന്‍: ഈജിപ്തിലെ മുന്‍ പ്രസിഡന്റായ മൊഹമ്മദ് മുര്‍സിക്ക് കെയ്‌റോ കോടതി 20 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചു. മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതാവായ മുര്‍സി 2012 ഡിസംബറില്‍ പ്രക്ഷോഭകാരികളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് ശിക്ഷ.
2012 ലെ കലാപകാലത്ത് മുര്‍സിയുടെ കൊട്ടാരത്തിനു പുറത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുര്‍സി പ്രക്ഷോഭകാരികളെ വധിക്കാന്‍ പ്രേരണ ചെലുത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രക്ഷോഭത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്.
അട്ടിമറിയുമായി ബന്ധപ്പെട്ട് മറ്റു മൂന്ന് കേസുകള്‍ കൂടി അദ്ദേഹത്തിനു മേല്‍ ചുമത്തിയിട്ടുണ്ട്. 2013 ല്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയായിരുന്നു മുര്‍സി. തുടര്‍ന്ന് മുര്‍സി അനൂകൂലികള്‍ രാജ്യം മുഴുവന്‍ ആക്രമവും പ്രതിഷേധവും അഴിച്ചു വിട്ടു.
കെയ്‌റോയിലെ റാബിയ അദവിയ്യ ചത്വരത്തില്‍ നടത്തിയ കുത്തിയിരുപ്പ് പ്രതിഷേധം ആക്രമാസക്തമാകുകയും 817 പ്രക്ഷോഭകാരികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയാകുകയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെടിവപ്പിനെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് മുര്‍സി അനുകൂലികള്‍ ഇപ്പോഴും ഈജിപ്തിലെ വിവിധ തടവറകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 2014 വരെ 1212 പേരെ ഭരണകൂടം വധശിക്ഷക്ക് വിധിച്ചു. മുസ്ലീം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ബദീം വധശിക്ഷ ലഭിച്ചവരിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല