സ്വന്തം ലേഖകൻ: ഗൾഫിൽ ചൊവ്വാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പെരുന്നാൾ ആഘോഷത്തിന് ഗൾഫ് നാടുകൾ ദിവസങ്ങൾക്കു മുമ്പുതന്നെ ഒരുങ്ങിയിരുന്നു. യു.എ.ഇ.യിൽ പെരുന്നാൾ നമസ്കാരത്തിനായി പള്ളികളും ഈദ് ഗാഹുകളും നേരത്തേതന്നെ സജ്ജമാക്കിയിരുന്നു. നമസ്കാരത്തിനും ഖുത്തുബയ്ക്കുമായി 15 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.
പ്രാർഥനയ്ക്ക് 15 മിനിറ്റ് മുൻപ് പള്ളി തുറക്കും. പ്രാർഥന കഴിഞ്ഞയുടൻ അടയ്ക്കും. കൂട്ടംചേരുന്നതിനും വിലക്കുണ്ട്. ഈദ് ആശംസനേരാനും പാരിതോഷികങ്ങൾ നൽകാനും ഡിജിറ്റൽമാർഗം തിരഞ്ഞെടുക്കാനാണ് നിർദേശം. തിരക്ക് പ്രമാണിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഗതാഗത സംവിധാനം പുനഃക്രമീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത ശനിയാഴ്ച വരെ പാർക്കിങ്ങും സൗജന്യമാണ്. വിലക്കിഴിവ് ഏര്‍പ്പെടുത്തിയതിനാല്‍ വ്യാപാര സ്ഥാപനങ്ങള്‍ വന്‍ കച്ചവടവും പ്രതീക്ഷിക്കുന്നു.
കുവൈത്തിൽ കഴിഞ്ഞ വർഷം ബലിപെരുന്നാളിന് കോവിഡ് പശ്ചാത്തലത്തിൽ പള്ളികൾ അടച്ചിട്ടതിനാൽ വീട്ടിലായിരുന്നു പെരുന്നാൾ നമസ്കാരമെങ്കിൽ ഇത്തവണ പള്ളിയിൽ പോകാം. രാവിലെ 5.16ന് പെരുന്നാൾ നമസ്കാരം. 15 മിനിറ്റ് കൊണ്ട് പ്രാർഥന അവസാനിപ്പിച്ച് മടങ്ങാനും നിർദേശമുണ്ട്. പ്രാർഥനക്കെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. നമസ്കാരത്തിനായി അണി നിൽക്കുമ്പോൾ സാമൂഹിക അകലം പാലിച്ചിരിക്കണം.
രാജ്യത്ത് ജുമുഅ നടക്കാറുള്ള എല്ലാ പള്ളികളിലും ഈദ് നമസ്കാരം ഉണ്ടാകും. സ്ഥലസൗകര്യമുള്ള വലിയ പള്ളികളിൽ സ്ത്രീകൾക്കും പ്രവേശനമുണ്ടാകും. മാസ്ക് ധരിക്കാത്തവരെ പ്രാർഥനാഹാളിലേക്ക് പ്രവേശിപ്പിക്കില്ല. വിവിധ സ്പോർട്സ് കേന്ദ്രങ്ങളിലും യൂത്ത് സെൻററുകളിലുമായി ഇൗദ്ഗാഹ് സൗകര്യവുമൊരുക്കിയിട്ടുണ്ട്.
പുതിയ യാത്രനയം പ്രഖ്യാപിച്ച് ഇളവുകൾ പ്രാബല്യത്തിൽ വരുകയും ചെയ്തതോടെ ഖത്തറിൽ പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസത്തിൻെറ പെരുന്നാളാണിത്. രാവിലെ 5.10ന് പെരുന്നാൾ നമസ്കാരങ്ങൾ. രാജ്യത്തിൻെറ എല്ലാ കോണുകളിലുമായി പള്ളികളും ഈദ്ഗാഹുകളുമായി 924 കേന്ദ്രങ്ങൾ നമസ്കാരത്തിന് സജ്ജമായിക്കഴിഞ്ഞു. ഇതുസംബന്ധിച്ച പട്ടിക കഴിഞ്ഞ ദിവസം മതകാര്യ മന്ത്രാലയം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
നമസ്കാരത്തിനെത്തുന്നവർ കോവിഡ് ചട്ടങ്ങൾ പൂർണമായി പാലിക്കണമെന്ന് ഇസ്ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാവരും മാസ്ക് ധരിച്ചും മുസല്ലകൾ കരുതിയും അംഗശുദ്ധി വരുത്തിയുമാവണം പള്ളിയിലെത്തേണ്ടത്. ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കണം. ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് കാണിക്കണം. പള്ളികളുടെയും നമസ്കാരഗ്രൗണ്ടുകളുടെയും പ്രവേശനകവാടത്തിൽ ഇത് പരിശോധിക്കും.
12 വയസ്സിനു താഴെയുള്ളവർക്ക് പ്രവേശനമുണ്ടാകില്ല. പള്ളികളിലെയും മൈതാനങ്ങളിലെയും സ്ത്രീകൾക്കുള്ള നമസ്കാര ഇടങ്ങൾ അടഞ്ഞുതന്നെ കിടക്കും. സ്ത്രീകൾ വീടുകളിൽനിന്ന് നമസ്കാരം നിർവഹിക്കണമെന്നാണ് നിർദേശം. പെരുന്നാളിന് മുന്നോടിയായി ‘ബലദിയ’ നേതൃത്വത്തിൽ രാജ്യത്തെ പള്ളികളും നമസ്കാര സ്ഥലങ്ങളും ശുചീകരിച്ചു. ദിവസങ്ങൾക്കു മുേമ്പതന്നെ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണം പൂർത്തിയാക്കി.
ഒമാനിൽ കോവിഡ് രോഗപശ്ചാത്തലത്തിലെ നാലാമത്തെയും സമ്പൂർണ ലോക്ഡൗണിെൻറ അന്തരീക്ഷത്തിലുള്ള ആദ്യത്തെയും പെരുന്നാളാണ് ഇന്ന്. പള്ളികളിലെ പെരുന്നാൾ നമസ്കാരത്തിന് ഇക്കുറിയും അനുമതിയില്ല. ബലിപെരുന്നാൾ ദിനത്തിലും അടുത്ത രണ്ട് ദിവസങ്ങളിലുമാണ് നേരത്തേ സമ്പൂർണ ലോക്ഡൗൺ തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് ഒരുദിവസം കൂടി നീട്ടുകയായിരുന്നു.
കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സൂർ വിലായത്തിനെ സമ്പൂർണ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യം ഗുരുതരമായതിനാൽ പെരുന്നാൾ ദിവസങ്ങളിൽ ആളുകൾ ഒത്തുചേരലുകളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി ആവശ്യപ്പെട്ടു.
കേസുകൾ, കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായ വിധത്തിൽ വർധിക്കുകയാണ്. ആരോഗ്യ പ്രവർത്തകരിലും രോഗബാധ വർധിക്കുന്നുണ്ട്. സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് ബലികർമങ്ങൾ നടത്തുന്നതിനുള്ള പ്രയാസത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക്ക്, സാഹചര്യം പ്രയാസകരമാണെങ്കിൽ മുസ്ലിംകൾക്ക് ബലിയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാവുന്നതാണെന്ന് ഗ്രാൻഡ് മുഫ്തി പറഞ്ഞു.
തങ്ങളുടെ കഴിവിനും അപ്പുറത്തുമുള്ള സാഹചര്യങ്ങളിൽ വിശ്വാസികളെ കൂടുതൽ പ്രയാസപ്പെടുത്താൻ അല്ലാഹു ആഗ്രഹിക്കുന്നില്ല. ലോക്ഡൗൺ ലംഘിക്കാതെ സാധ്യമെങ്കിൽ വീടുകളിൽ ബലികർമങ്ങൾ നടത്താവുന്നതാണെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല