
സ്വന്തം ലേഖകൻ: ബലിപെരുന്നാളിന് ദുബായിലെ പൊതു പാർക്കിങ് നാല് ദിവസം സൗജന്യമാണെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഈ മാസം 27 മുതൽ 30 വരെ മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെ പണമടച്ചുള്ള സോണുകളിൽ പാർക്കിങ് ഫീസ് ബാധകമല്ല. ജൂലൈ ഒന്ന് ശനിയാഴ്ച മുതൽ ഫീസ് ബാധകമാണ്.
ഈദ് അൽ അദ്ഹ പ്രമാണിച്ച് പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ അവധി( നാല് ദിവസം) ചൊവ്വാഴ്ച മുതൽ ലഭിക്കും. ശനി-ഞായർ വാരാന്ത്യമുള്ളവർക്ക് ഇത് ആറ് ദിവസത്തെ ഇടവേളയായി മാറും. ജൂലൈ മൂന്നിന് എല്ലാവരും ജോലിയിൽ തിരിച്ചെത്തും.
അവധിക്കാലത്ത് വാഹന പരിശോധന, ഉപയോക്തൃ സേവന കേന്ദ്രങ്ങൾ തുടങ്ങിയ സേവനങ്ങളുടെയും പ്രവൃത്തി സമയങ്ങളിൽ മാറ്റം വരുത്തുമെന്ന് ആർടിഎ അറിയിച്ചു. വാഹനങ്ങളുടെ സാങ്കേതിക പരിശോധന ഈ മാസം 30-ന് പുനരാരംഭിക്കും, ഹാളുകൾ ജൂലൈ ഒന്നിന് വീണ്ടും തുറക്കും.
അൽ കിഫാഫ് ഒഴികെയുള്ള എല്ലാ ഉപയോക്തൃ സന്തോഷ കേന്ദ്രങ്ങളും ഈ മാസം 27 മുതൽ 30 വരെ അടച്ചിടും. ഉമ്മു റമൂൽ, ദെയ്‌റ, അൽ ബർഷ, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ പതിവുപോലെ 24/7 പ്രവർത്തിക്കും.
മെട്രോ: ഈ മാസം 26-30 , ജൂലൈ ഒന്ന് തീയതികളിൽ മെട്രോ സർവീസ് രാവിലെ അഞ്ച് മുതൽ അടുത്ത ദിവസം പുലർച്ചെ ഒന്ന് വരെ പ്രവർത്തിക്കും. ഇന്നും ജൂലൈ രണ്ടിനും രാവിലെ എട്ട് മുതൽ പിറ്റേദിവസം പുലർച്ചെ ഒന്ന് വരെയാണ് സമയം.
ട്രാം: ഈ മാസം 26-30, ജൂലൈ ഒന്ന് ട്രാം രാവിലെ 6 മുതൽ പിറ്റേദിവസം പുലർച്ചെ ഒന്ന് വരെ പ്രവർത്തിക്കും. ഇന്നും ജൂലൈ രണ്ടിനും രാവിലെ ഒൻപത് മുതൽ പിറ്റേന്ന് പുലർച്ചെ ഒന്ന് വരെയാണ് ട്രാമിന്റെ സമയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല