സ്വന്തം ലേഖകൻ: പെരുന്നാൾ അവധി മറ്റന്നാൾ ആരംഭിക്കാനിരിക്കെ കുതിച്ചുകയറി വിമാന ടിക്കറ്റ് നിരക്ക്. കൊടും ചൂടിൽനിന്ന് രക്ഷ തേടിയും കുടുംബത്തോടൊപ്പം നാട്ടിൽ പെരുന്നാൾ ആഘോഷിക്കാനും ഒരുങ്ങിയ പ്രവാസികൾക്കാണ് തിരിച്ചടിയായത്. 2 ആഴ്ച മുൻപ് 15000 രൂപയ്ക്ക് ലഭിച്ചിരുന്ന വൺവേ ടിക്കറ്റിന്റെ നിരക്ക് ഇപ്പോൾ 35000 മുതൽ 1.5 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്.
ഇതനുസരിച്ച് നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ മാത്രം ലക്ഷങ്ങൾ വേണ്ടിവരും. നേരിട്ടുള്ള വിമാനങ്ങളിൽ പരിമിത സീറ്റ് മാത്രമേ ഈ നിരക്കിൽ ലഭിക്കൂ. യാത്ര കണക്ഷൻ വിമാനങ്ങളിലാക്കിയാലും രക്ഷയില്ല. കൂടി ടിക്കറ്റ് നിരക്ക് കൊടുക്കണമെന്നു മാത്രമല്ല പത്തും പതിനഞ്ചും മണിക്കൂർ യാത്ര ചെയ്തുവേണം ലക്ഷ്യത്തിലെത്താൻ.
ഇന്ത്യൻ വിമാന കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗൊ, സ്പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ എയർലൈനുകളിൽ 50,000 രൂപയ്ക്കകത്ത് വൺവേ ടിക്കറ്റ് ലഭിക്കും. എയർ ഇന്ത്യയ്ക്ക് പുറമെ എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് എയർവെയ്സ് എന്നിവയുടെ നിരക്ക് 60,000 രൂപയ്ക്ക് മുകളിലാണ്. ഇതിൽ ചില വിദേശ എയർലൈനുകൾ വൺവേയ്ക്ക് 1.5 ലക്ഷം രൂപ വരെ വൺവേ ടിക്കറ്റിന് ഈടാക്കുന്നു.
തിരക്കേറിയ ഈ സമയത്തെ ടിക്കറ്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതും വലിയ നഷ്ടമാണുണ്ടാക്കുന്നത്. നിലവിൽ കേരളത്തിൽനിന്ന് യുഎഇയിലേക്ക് ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും തിരിച്ചുപോകാൻ അഞ്ചിരട്ടി തുക വേണ്ടിവരുമെന്നതാണ് വെല്ലുവിളി.
പെരുന്നാൾ പ്രമാണിച്ച് ഇന്ത്യയിലേക്കു മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കൂടിയിട്ടുണ്ട്. യുഎഇയിലെ പൊതു അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തി വിദേശ രാജ്യങ്ങളിലെ വിനോദ യാത്രയ്ക്ക് പോകുന്നവരുടെ എണ്ണം കൂടിയതും നിരക്ക് കൂടാൻ കാരണമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല