
സ്വന്തം ലേഖകൻ: നാട്ടിലേക്കുള്ള വിമാനനിരക്ക് നിരക്ക് കുറയുന്നത് കാത്തിരുന്ന പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി. യുഎഇയിൽ മധ്യവേനൽ അവധി തുടങ്ങി 2 ആഴ്ച പിന്നിട്ടിട്ടും നിരക്കിൽ മാറ്റമില്ല. ഓഗസ്റ്റ് 15നു ശേഷം കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വർധിച്ച വിമാന ടിക്കറ്റ് നിരക്കും പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
നാലംഗ കുടുംബത്തിന് ഇന്ന് ദുബായിൽനിന്ന് കൊച്ചിയിൽ പോയി ഓഗസ്റ്റ് 21ന് തിരിച്ചെത്താൻ കുറഞ്ഞത് രണ്ടര ലക്ഷം രൂപ വേണം. തിരക്കില്ലാത്ത സമയത്തെ നിരക്കിനെക്കാൾ 5 ഇരട്ടി തുക. ഇത്രയും തുക കൊടുത്താൽ പോലും കേരളത്തിലെത്താൻ കണക്‌ഷൻ വിമാനം വഴി 24 മണിക്കൂർ എടുക്കും. നേരിട്ടുള്ള വിമാനത്തിൽ 4 മണിക്കൂറിലെത്താവുന്ന സ്ഥലത്തേക്കാണ് ഒരുദിവസം എടുക്കുന്നത്.
സർവീസ് നടത്തുന്ന വിമാന കമ്പനികളുടെ എണ്ണവും സെക്ടറുകളും കൂടിയിട്ടും സീസൺ സമയത്തെ ഈ കൊള്ള തുടരുകയാണ്. നേരിട്ടുള്ള വിമാനങ്ങളിലെ പരിമിത സീറ്റിനും ഉയർന്ന നിരക്കാണ് വിവിധ എയർലൈനുകൾ ഈടാക്കുന്നത്. മധ്യവേനൽ അവധിക്കാലത്താണ് ഏറ്റവും കൂടുതൽ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്കു യാത്ര ചെയ്യുന്നത്. വിമാന സീറ്റിനെക്കാൾ പത്തിരട്ടി യാത്രക്കാർ എത്തുന്നതോടെ എയർലൈനുകൾ നിരക്കു കുത്തനെ കൂട്ടി.
അവധിക്കാലം, ഓണം, വിഷു, ഈസ്റ്റർ, പെരുന്നാൾ, ക്രിസ്മസ്, പുതുവർഷം തുടങ്ങി വിശേഷാവസരങ്ങളിലും കൂടുതൽ യാത്രക്കാരെ മുന്നിൽക്കണ്ട് എയർലൈനുകൾ നേരത്തെ തന്നെ ഓൺലൈനിൽ നിരക്ക് ഉയർത്തിവയ്ക്കുന്നു. മാസങ്ങൾക്കു മുൻപ് ടിക്കറ്റ് എടുത്താലും ഇരട്ടിയിലേറെ തുക നൽകണം.
അവധി മുൻകൂട്ടി ആസൂത്രണം ചെയ്യാൻ പറ്റാത്തവർ അവസാന നിമിഷം ടിക്കറ്റ് എടുക്കുമ്പോൾ അഞ്ചിരട്ടിയോളം അധിക നിരക്ക് നൽകേണ്ടി വരുന്നു. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാനും സീസൺ സമയത്ത് അധിക വിമാന സർവീസ് ഏർപ്പെടുത്തി പ്രവാസികൾക്ക് നാട്ടിലും തിരിച്ചും എത്താനും അവസരമുണ്ടാക്കണമെന്ന പ്രവാസികളുടെ ആവശ്യത്തോട് അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. കുറഞ്ഞ നിരക്കിൽ നാട്ടിൽ എത്താമെന്നത് സ്വപ്നം മാത്രമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല