1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2024

സ്വന്തം ലേഖകൻ: ത്യാഗവും സമര്‍പ്പിതജീവിതവും ഓര്‍മിപ്പിച്ച് യു.എ.ഇ.യും സൗദിയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്ലാം മതവിശ്വാസികള്‍ ഞായറാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഇബ്രാഹിം നബിയുടെയും പത്‌നി ഹാജറയുടെയും പുത്രന്‍ ഇസ്മായിലിന്റെയും ത്യാഗസമ്പന്നതയുടെ ഓര്‍മ്മപുതുക്കല്‍കൂടിയാണ് ബലിപെരുന്നാള്‍. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് ഞായറാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

ത്യാഗത്തോടൊപ്പം മാനവികതയുടെയും സന്ദേശംനല്‍കുന്ന ബലിപെരുന്നാളില്‍ യു.എ.ഇ.യിലെ മസ്ജിദുകളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ പ്രാര്‍ഥനകള്‍ നടന്നു. മതപ്രഭാഷണങ്ങള്‍ക്കായി കേരളത്തില്‍നിന്നടക്കം മതപണ്ഡിതന്മാര്‍ എത്തിയിരുന്നു.

മലയാളികള്‍ക്കായി യു.എ.ഇ.യില്‍ പ്രത്യേക ഈദ്ഗാഹുകള്‍ ഒരുക്കി. പോലീസ്, മുനിസിപ്പാലിറ്റി തുടങ്ങിയ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് പ്രാര്‍ഥനാസൗകര്യങ്ങള്‍ ഒരുക്കിയത്. മലയാളത്തിനുപുറമേ തമിഴ്, ഉറുദു, ഇംഗ്‌ളീഷ് ഭാഷകളിലും പെരുന്നാള്‍ ഖുതുബയുണ്ടായി.

കനത്തചൂടിനെ പ്രതിരോധിക്കാനായി, പെരുന്നാള്‍ പ്രാര്‍ഥനകള്‍ നടക്കുന്ന ഇടങ്ങളില്‍ ആവശ്യമായ ശീതീകരണ സംവിധാനങ്ങളും ഒരുക്കിയിരുന്നു. പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം നടക്കുന്ന ബലികര്‍മങ്ങള്‍ക്ക് യു.എ.ഇ.യിലെ എമിറേറ്റുകള്‍ ആവശ്യമായ സൗകര്യങ്ങളും ദിവസങ്ങള്‍ക്കുമുന്‍പുതന്നെ ഒരുക്കിയിരുന്നു. പെരുന്നാളാഘോഷങ്ങളുടെ ഭാഗമായി പരസ്പരം ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കുടുബങ്ങളുടെ ഒത്തുചേരലുണ്ടാകും. രാത്രിയോടെ വിവിധയിടങ്ങളില്‍ കരിമരുന്നുപ്രയോഗങ്ങളും ഷോപ്പിങ് മാളുകളിലടക്കം ആഘോഷപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

അബുദാബി കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവിടങ്ങളിലെല്ലാം ഈദ് ആഘോഷങ്ങള്‍ നടക്കും. ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇ.യില്‍ സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നാലുദിവസത്തെ അവധിയായതിനാല്‍ ആഘോഷങ്ങള്‍ക്ക് തിരക്കേറും.

ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ തടവുകാർക്ക് മാപ്പ് നൽകി. യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ജയിലുകളിലുള്ള വിവിധ രാജ്യക്കാരായ 2,984 തടവുകാരെയാണ് ബലിപെരുന്നാൾ പ്രമാണിച്ച് മാപ്പുനൽകി വിട്ടയയ്ക്കുന്നത്. അബുദബി 1,138, ദുബായ് 686, ഷാർജ352, അജ്മാൻ 233, റാസൽഖൈമ 481,ഫുജൈറ94 എന്നിങ്ങനെയാണ് തടവുകാരുടെ എണ്ണം.

ചെറിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെയും തടവുകാലത്ത് നല്ല നടപ്പിന് വിധേയരായവരെയുമാണ് മോചിപ്പിക്കുക. അവരുടെ സാമ്പത്തിക ബാധ്യതയും ഒഴിവാക്കും. തെറ്റുകളിൽ പശ്ചാത്തപിച്ച് പുതിയൊരു ജീവിതം നയിക്കാനുള്ള അവസരമാണ് ഇതിലൂടെ തടവുകാർക്ക് കൈവന്നിരിക്കുന്നത്.

ഒമാനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് 169 തടവുകാർക്കാണ് സുൽത്താൻ ഹൈത്തം ബിൻ താരിഖ് പൊതുമാപ്പ് നൽകിയിരിക്കുന്നത്. റോയൽ ഒമാൻ പൊലീസ് ഇന്നു പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. തടവുകാരുടെ കുടുംബത്തെയും ബലിപെരുന്നാളും പരിഗണിച്ചാണ് സുൽത്താൻ പൊതുമാപ്പ് നൽകിയതെന്ന് പ്രസ്താവനയിൽ പറയുന്നു.

കുവൈത്തിൽ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കഴിയുന്ന പ്രവാസികൾക്ക് മാര്‍ച്ച് 17ന് പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി 13 ദിവസത്തേക്കു കൂടി നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ, റംസാൻ പ്രത്യേക ദിനങ്ങളിൽ തടവുകാർക്ക് മാപ്പ് നൽകാറുണ്ട്,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.