
സ്വന്തം ലേഖകൻ: ഒമാനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ജൂൺ16 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് അവധി നൽകിയിരിക്കുന്നത്. വാരാന്ത്യദിനങ്ങളുൾപ്പെടെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും.
പൊതു-സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. 23ന് ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും. ഒമാനിൽ ജൂൺ 17നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ 16നും ആണ് ഈ വർഷത്തെ പെരുന്നാൾ. അവധി പ്രഖ്യാപിച്ചത്തോടെ വരും ദിവസങ്ങളിൽ രാജ്യം പെരുന്നാൾ തിരക്കിലേക്ക് നീങ്ങും.
അതിനിടെ ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ അഞ്ചാമത്തെ രാജ്യമായി ഒമാൻ. ഓൺലൈൻ ഡാറ്റാബേസായ നംബിയോ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഒമാന്റെ നേട്ടം.2024ലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ 81സ്‌കോർ നേടിയാണ് ഒമാൻ അഞ്ചാമതെത്തിയത്.
തായ്വാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്ക്ക് തൊട്ടുപിന്നിലായാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ചാമത്തെ രാജ്യമായി ഒമാൻ റാങ്ക് ചെയ്തത്. ആഗോള വാർത്താ ഏജൻസികൾ വ്യാപകമായി ഉപയോഗിക്കുന്ന ഓൺലൈൻ ഡാറ്റാബേസാണ് നംബിയോ.
ജീവിതച്ചിലവ്, കുറ്റകൃത്യങ്ങളുടെ നിരക്ക്, ജീവിത നിലവാരം, ഭവന സൂചകങ്ങൾ, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകൾ തുടങ്ങിയവയാണ് നംബിയോയുടെ സുരക്ഷാ സൂചിക പരിഗണിച്ചത്. ഒമാന്റെ ശ്രദ്ധേയമായ നേട്ടം പ്രവാസികൾക്കും പൗരന്മാർക്കും സന്ദർശകർക്കും സുരക്ഷിതമായ അന്തരീക്ഷം നിലനിർത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രയത്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല