1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2023

സ്വന്തം ലേഖകൻ: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്‌ചയും ബലിപെരുന്നാൾ 28 ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും.

ഞായറാഴ്ച വൈകീട്ട് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിശ്വാസികൾ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ ഒരുമിച്ചുകൂടുകയും ചെയ്‍തു. മാസപ്പിറവി ദൃശ്യമായതോടെ അറഫാ സംഗമം ജൂൺ 27നും ബലി പെരുന്നാള്‍ ജൂണ്‍ 28നും നിശ്ചയിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി.

ഒമാനിലും ബലി പെരുന്നാള്‍ ജൂണ്‍ 28ന് തന്നെയായിരിക്കുമെന്ന് രാജ്യത്തെ മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. മതകാര്യ മന്ത്രാലയത്തില്‍ നടന്ന യോഗത്തിന് ശേഷം മാസപ്പിറവി നിരീക്ഷണ സമിതി ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കുയും ചെയ്‍തു പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗസ്മരണയിലാണ് മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷം ലോകമെമ്പാടും കൊണ്ടാടുന്നത്.

അതേസമയം കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ചയാണ്. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.