![](https://www.nrimalayalee.com/wp-content/uploads/2022/04/eid-ul-fitr-Kuwait-Holidays.jpg)
സ്വന്തം ലേഖകൻ: ഈദുൽ ഫിത്റിനോടനുബന്ധിച്ച് കുവൈത്തിൽ ഒമ്പതു ദിവസം ഒഴിവുലഭിക്കാൻ സാധ്യത. ഈവർഷം റമദാൻ 30 തികക്കുമെന്നും മേയ് രണ്ടു തിങ്കളാഴ്ചയാകും പെരുന്നാൾ എന്നുമാണ് കാലാവസ്ഥ കേന്ദ്രത്തിലെ വിദഗ്ധർ പറയുന്നത്. ഏപ്രിൽ 29 വെള്ളിയാഴ്ച മുതൽ ഒഴിവ് ആരംഭിക്കും. മേയ് ഒന്ന്, രണ്ട്, മൂന്ന്, നാല് ഞായർ മുതൽ ബുധൻ വരെ പെരുന്നാൾ അവധിയാകും. അടുത്ത വാരാന്ത അവധിക്ക് മുമ്പ് വരുന്ന വ്യാഴാഴ്ച വിശ്രമദിനമായി പ്രഖ്യാപിക്കുകയും ചെയ്താൽ ഫലത്തിൽ ഒമ്പതുദിവസം അടുപ്പിച്ച് ഒഴിവ് ലഭിക്കും.
യാത്രാനിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഹ്രസ്വ അവധിക്ക് ധാരാളം പ്രവാസികൾ നാട്ടിൽപോയേക്കും. സ്വദേശികളും ധാരാളമായി വിദേശത്തുപോകും. വിമാന ടിക്കറ്റ് നിരക്ക് ഈ ഘട്ടത്തിൽ കുത്തനെ ഉയരും. അവധി വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണ്. കൂടുതൽ ദിവസം അവധി നൽകുന്നതിനെതിരെ നേരത്തേ വിമർശനം ഉയർന്നിരുന്നു.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒമ്പതു ദിവസം അവധി നൽകിയപ്പോൾ ആണ് വിമർശനം ഉയർന്നത്. ഒരു മാസത്തിന്റെ ഏകദേശം മൂന്നിലൊന്ന് ദിവസം അടുപ്പിച്ച് അവധി നൽകുന്നത് ഉൽപാദനക്ഷമതയെയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെയും ബാധിക്കുമെന്നായിരുന്നു വിമർശനം. അതേസമയം, വിമർശനം നിലനിൽക്കെ തന്നെ പെരുന്നാളിന് ദീർഘ അവധി നൽകുമെന്ന് തന്നെയാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല