സ്വന്തം ലേഖകൻ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ തുക ഓരോ വര്‍ഷവും ശരാശരി 50 ശതമാനം എന്നനിരക്കിലാണ് വളര്‍ന്നിട്ടുള്ളത്. ഈ ഗണ്യമായ നേട്ടത്തിന് കാരണം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (UPI.) എന്ന സംവിധാനമാണ്. ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് മറ്റൊന്നിലേക്ക് തത്ക്ഷണം പണം കൈമാറ്റം ചെയ്യാന്‍ കഴിവുള്ള പേയ്‌മെന്റ് സംവിധാനമാണ് UPI. ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് UPI. എന്ന പ്ലാറ്റ്‌ഫോറത്തില്‍ ഊന്നിയാണ്.
വിനോദസഞ്ചാരത്തിലും UPI കൊണ്ടുവന്ന മാറ്റങ്ങള്‍ വലുതാണ്. പണമിടപാടുകള്‍ എളുപ്പത്തിലാക്കാനും, കറന്‍സികള്‍ കൊണ്ടുനടക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമെല്ലാം UPI വലിയരീതിയില്‍ സഹായിച്ചു. പല വിദേശ രാജ്യങ്ങളും UPI പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതും ഇന്ത്യക്കാര്‍ക്ക് സഹായകരമായി. ഇപ്പോഴിതാ ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ടവറിലെ ടിക്കറ്റ് കൗണ്ടറിലും UPI സേവനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുയാണ്.
ഇത് സംബന്ധിച്ച് നേരത്തെയേ ധാരണയായിരുന്നുവെങ്കിലും ഇപ്പോഴാണ് നിലവില്‍ വരുന്നത്. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷനാണ് ഇത് സംബന്ധിച്ച് വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയത്. ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായ ലൈറയുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതോടെ ഈഫള്‍ ടവര്‍ സന്ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങിന് UPI ഉപയോഗിച്ച് പണമടക്കാന്‍ സാധിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിനായി പാരീസിലെ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായി.
ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. വൈകാതെ തന്നെ ഫ്രാന്‍സിലെ മറ്റ് ഇടങ്ങളിലും UPI പെയ്‌മെന്റ് വ്യാപകമാകും. ഹോട്ടലുകളിലും മ്യൂസിയങ്ങളിലുമെല്ലാം UPI വ്യാപകമാകുന്നതോടെ ഇന്ത്യക്കാര്‍ക്ക് ഫ്രാന്‍സ് സന്ദര്‍ശനം എളുപ്പമാകും. ഫ്രാന്‍സിന് പുറമെ ഭൂട്ടാന്‍, യുകെ, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ UPI സേവനങ്ങള്‍ നിലവിലുണ്ട്. വൈകാതെ തന്നെ ചില യൂറോപ്യന്‍ രാജ്യങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും UPI വ്യാകമാകുമെന്നും എന്‍.പി.സി.ഐ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല