പാരീസ്: യൂറോപ്പിലെ അമൂല്യ സ്മാരകമായി ഈഫല്‍ ഗോപുരം തെരഞ്ഞെടുക്കപ്പെട്ടു. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് മോന്‍സ ആന്‍ഡ് ബ്രയാന്‍സ നടത്തിയ പഠനത്തില്‍ 434 ബില്യന്‍ യൂറോയാണ് ഈഫലിന്റെ മൂല്യമായി കണക്കാക്കപ്പെട്ടത്. അതേസമയം, രണ്ടാം സ്ഥാനത്തുള്ള റോമിലെ കൊളോസിയത്തെക്കാള്‍ ആറു മടങ്ങ് മൂല്യമേറിയതായി ഈഫല്‍ ഗോപുരമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പിലെ വിവിധ ചരിത്ര സ്മാരകങ്ങളുടെ സാമ്പത്തിക മൂല്യം വിലയിരുത്തിയ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് മോന്‍സ ആന്‍ഡ് ബ്രയാന്‍സ, ഇതിനായി പ്രതിച്ഛായ, ബ്രാന്‍ഡിംഗ്, സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ എന്നിവയാണ് മാനദണ്ഡങ്ങളായി സ്വീകരിച്ചത്.
ഫ്രാന്‍സിലെ പാരീസില്‍ സ്ഥിതിചെയ്യുന്ന ഇരുമ്പു ഗോപുരമാണ് ഈഫല്‍ ഗോപുരം. 1889മുതല്‍ 1931വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത വസ്തു എന്ന ബഹുമതി ഈ ഗോപുരത്തിനു സ്വന്തമായിരുന്നു. 1889ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനത്തിലാണ് ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടില്‍ 300.65 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ നാലു മുട്ടുകള്‍ 188.98 മീറ്റര്‍ ഉയരത്തില്‍ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി മൂന്നു പ്ലാറ്റ്‌ഫോമുകളുമുണ്ട്. ഇന്ന് ഫ്രാന്‍സിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ 25 ശതമാനം മൂല്യം ഈഫല്‍ ഗോപുരത്തിനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ സുസ്ഥിരതാ ഫണ്ടിനു തുല്യമാണ് ഇതിന്റെ മൂല്യം.
അമൂല്യ സ്മാരകങ്ങളുടെ പട്ടികയില്‍ ബാഴ്‌സലോണയിലെ ലാ സഗ്രാഡ ഫാമിലിയയിലുള്ള ഗോഡിയുടെ അപൂര്‍ണമായ കത്തീഡ്രല്‍ മാസ്റ്റര്‍പീസാണ് മൂന്നാം സ്ഥാനത്ത്. മിലാനിലെ ഡോം, ലണ്ടന്‍ ടവര്‍, മാഡ്രിഡിലെ പ്രാഡോ മ്യൂസിയം, വെസ്റ്റേണ്‍ ഇംഗ്ലണ്ടിലെ സ്റ്റോണ്‍ ഹെഞ്ച് എന്നിവയാണെന്ന് പട്ടികയിലെ മറ്റു സ്മാരകങ്ങള്‍. യൂറോപ്പിലെ ചരിത്ര സ്മാരകങ്ങളുടെ ആകെ മൂല്യം കണക്കാക്കിയിരിക്കുന്നത് 700 ബില്യന്‍ യൂറോയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല