1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2012

ഒരു അഭിമുഖത്തിന്റെ ഉദേശ്യം എന്താണ്? അവര്‍ പരസ്യപ്പെടുത്തിയ ജോലിക്ക് ഏറ്റവും യോഗ്യനായ ഉദ്യോഗാര്‍ഥി നിങ്ങളാണോ എന്ന് വിലയിരുത്തുക. ചില ചോദ്യങ്ങള്‍ കേട്ടാല്‍ നമുക്ക്‌ തോന്നും ഈ അഭിമുഖം നടത്തുന്നത് നമ്മളെ പുറത്താക്കാന്‍ വേണ്ടി മാത്രമോ അല്ലെങ്കില്‍ ജോലി നമുക്ക്‌ കിട്ടില്ല എന്ന് ഉറപ്പിക്കാന്‍ വേണ്ടി മാത്രമോ എന്ന്. പക്ഷെ അതല്ല അവരുടെ ഉദേശ്യം. സമ്മര്‍ദത്തില്‍ പെടുമ്പോള്‍ നിങ്ങള്‍ എങ്ങനെ ആണ് പെരുമാറുന്നത്, നിങ്ങളുടെ വ്യക്തിത്വം എങ്ങനെയുള്ളതാണ്, നിങ്ങളുടെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ എന്തൊക്കെയാണ് എന്നൊക്കെ അറിയലാണ് അവരുടെ ലക്‌ഷ്യം. നിങ്ങള്‍ നന്നയി തയ്യാറായിട്ടുണ്ടെങ്കില്‍ പിന്നെ പിന്മാറണ്ടതിന്റെയോ നിരാശപെടണ്ടതിന്റെയോ ആവശ്യം ഇല്ല. അഭിമുഖം വിജയകരമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാ കുറച്ച ബുദ്ധിമുട്ടുള്ള ചോദ്യങ്ങളും അവയ്ക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഉത്തരങ്ങളും.

നിങ്ങളെ പറ്റി പറയുക (tell us about yourself)

മിക്കവാറും ഇതായിരിക്കും ആദ്യം തരുന്ന ചോദ്യം ഇതിലൂടെ നിങ്ങള്‍ക്ക് നന്നായി ശോഭിക്കാന്‍ ഒരു അവസരമാണ് അവര്‍ തരുന്നത്. നിങ്ങളുടെ ജീവിതകഥ പറയാന്‍ നില്‍ക്കാതെ നിങ്ങള്‍ എന്താണ്, എന്തുകൊണ്ടാണ് അവരുടെ ജോലിക്ക് ഏറ്റവും യോഗ്യന്‍ നിങ്ങളാണ് എന്ന് പറയുന്നത് എന്നൊക്കെ രണ്ടോ മൂന്നോ മിനിട്ടിനുളില്‍ പറയാന്‍ കഴിയണം. ഉദാഹരണത്തിന് ‘ മാധ്യമ പരസ്യ രംഗത്തെ എന്‍റെ ജീവിതം തുടങ്ങുന്നത് അഞ്ചു വര്‍ഷം മുന്‍പ്‌ ഒരു സെയില്‍സ്‌ റപ്രസന്ററ്റിവ്‌ ആയാണ്. കുറെ റാങ്കിങ്ങുകള്‍ നേടി മൂന്നു വര്‍ഷം മുന്‍പ്‌ സെയില്‍സ്‌ മാനേജര്‍ സ്ഥാനത്തെത്തി. ഇപ്പോള്‍ ഏറ്റവും മിടുക്കരായ 15 പേര്‍ ഉള്ള ഒരു ടീമിന് പരിശീലനവും വ്യക്തിത്വ വികസനവും നല്കുക എന്നതാണ് എന്റെ ജോലി. ഇങ്ങനെ ചുരുങ്ങിയ വാക്കില്‍ ഒതുക്കുക.

നിങ്ങള്‍ എന്ത് ശമ്പളം പ്രതീക്ഷിക്കുന്നു

ഇത്തരം ജോലിക്ക് സാധാരണ ഉള്ള ശമ്പളത്തിനെ പറ്റിയും ആനുകൂല്യങ്ങളെ പറ്റിയും നമുക്ക് ഒരു ധാരണ മുന്‍പേ ഉണ്ടായിരിക്കണം. നിങ്ങള്‍ എന്ത് ശമ്പളം ആണ് എനിക്ക് വാഗ്ദാനം ചെയ്യാന്‍ ഉദേശിക്കുന്നത് എന്ന് നമുക്ക്‌ വേണമെങ്കില്‍ തിരിച്ചു ചോദിക്കാം. അവര്‍ തരാന്‍ ഉദേശിക്കുന്നതിനെക്കാള്‍ തുക കുറച്ചായിരിക്കും അവര്‍ പറയുക. നമ്മള്‍ സ്വയം ഒരു വില ഇടാതെ ഒരു പരിധി വക്കാം. ഉദാഹരണമായി നിലവില്‍ പൊതുവായി ഇപ്പോള്‍ ഉള്ള 23000- 25000 രൂപ എന്ന നിലയില്‍ നിന്നും ഒട്ടും കുറവായിരിക്കില്ല നിങ്ങള്‍ എനിക്ക് വാഗ്ദാനം ചെയ്യുന്നത് എന്നെനിക്ക് അറിയാം എന്ന് പറയാം.

ഞങ്ങള്‍ എന്തിനു നിങ്ങളെ തിരഞ്ഞെടുക്കണം

ഇത് വളരെ കുഴയ്ക്കുന്ന ഒരു ചോദ്യം ആണ്. ഇതിന്റെ ഉത്തരം നിങ്ങള്‍ക്ക് ജോലി വാങ്ങിതരാനും ജോലി ഇല്ലാതാക്കാനും കഴിയും. നിങ്ങളുടെ ഉത്തരം ചോദ്യകര്‍ത്താവിന്റെ പ്രതീക്ഷകളെ എങ്ങനെ തൃപ്തിപെടുത്തുന്നു എന്നതിലാണ് നിങ്ങളുടെ കഴിവ്‌. യഥാര്‍ത്ഥത്തില്‍ അവര്‍ ചോദിക്കുന്നത് നിങ്ങള്‍ക്ക് അവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നാണ്. നിങ്ങള്‍ക്ക് ഇങ്ങനെ പറയാം: ഞാന്‍ മനസിലാക്കിയിടത്തോളം നിങ്ങള്‍ക്ക് നിങ്ങളുടെ സെയില്‍സ്‌ വര്‍ധിപ്പിക്കാനും നിങ്ങളുടെ ടീമിനെ പരിശീലിപ്പിക്കാനും കഴിവുള്ള ഒരാളെയാണ്. ഈ രംഗത്ത് ഞാന്‍ എന്റെ കഴിവ്‌ തെളിയിച്ച് കഴിഞ്ഞതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ എന്റെ ശമ്പളം 15000 രൂപയില്‍ നിന്ന് 21000രൂപയിലേക്ക് വര്‍ധിച്ചത് അതിന്റെ തെളിവാണ്.’

നിങ്ങള്‍ ഒരു കാറോ മരമോ മൃഗമോ ആയിരുന്നെങ്കില്‍ (“If you were a car … tree … animal what would you be?”)

പരിഭ്രമിപ്പിക്കുന്ന ചില വിഡ്ഢി ചോദ്യങ്ങളും ചിലപ്പോള്‍ ചോദിച്ചെന്നിരിക്കും. ഇതിനു പ്രത്യേകിച്ചു ശരിയോ തെറ്റോ ആയ ഉത്തരം ഒന്നുമില്ല. നിങ്ങളുടെ കാഴ്ച്ച്ചപാട് എന്താണെന്ന് അറിയാനുള്ള ഒരു ശ്രമമാണ് അത്. നിങ്ങള്‍ ഒരു കാര്‍ ആണെങ്കില്‍ എന്ത് തരത്തിലുള്ള കാര്‍ ആയിരിക്കും എന്ന് ചോദിച്ചാല്‍ വളരെ വേഗത ഉള്ളതും ആധുനികവും ആയ ഒരു കാറിന്റെ പേര് പറയാം.

എന്തുകൊണ്ട് പഴയ ജോലി ഉപേക്ഷിച്ചു

ഈ ചോദ്യം എപ്പോളെങ്കിലും ചോദിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് ഉത്തരം നമുക്ക്‌ ഉണ്ടായിരിക്കും. ഒരിക്കലും പഴയ കമ്പനിയെ കുറ്റപ്പെടുത്തി സംസാരിക്കരുത്. ഒരുപാട് കാര്യങ്ങള്‍ അവിടെ നിന്നും പഠിച്ചു. പ്രമോഷന്‍ സാധ്യത അവിടെ കുറവാണെന്ന് തോന്നി. ഞാന്‍ കരിയറില്‍ ഇനിയും ഉയരത്തിലെത്താന്‍ ആഗ്രഹിക്കുന്നു എന്ന മട്ടില്‍ ഉത്തരം പറയാം.

നിങ്ങളുടെ ദുര്‍ബലത എന്താണ്

ചില കരിയര്‍ വിദഗ്ധര്‍ പറയുന്നത് നിങ്ങളുടെ ഏതെങ്കിലും നല്ല ഗുണം തന്നെ ദുര്‍ബലതയാക്കി പറയാം എന്നാണ്. ഉദാഹരണത്തിന് ഞാന്‍ ഒരുപാട് സമയം ജോലി ചെയ്യുന്നു. പക്ഷെ ഇത് നമ്മള്‍ക്ക് ജോലി വേഗത കുറവാണെന്നോ സമയം ശരിയായി വിനിയോഗിക്കാന്‍ അറിയില്ല എന്നോ ഉള്ള ധാരണക്ക് ഇടയാക്കും. പകരം ശരിക്കുള്ള ബലഹീനത തന്നെ പറയുക.ജോലി സമയം ശരിക്ക് പ്ളാന്‍ ചെയ്ത് ഉപയോഗിക്കാന്‍ അറിയില്ല , പക്ഷെ ഇപ്പോള്‍ ഞാന്‍ എന്റെ ലാപ്ടോപില്‍ ജോലിക്കുള്ള ടൈം ടേബിളും ഡയറിയും സൂക്ഷിക്കുന്നു എന്ന് പറയാം.

എന്താണ് നിങ്ങളുടെ പ്രചോദനം

വലിയ ശമ്പളമോ വീടോ കാറോ ഒന്നും നിങ്ങളുടെ പ്രചോദനമായി പറയരുത്. പകരം ചോദ്യകര്‍ത്താവിനെ ത്രസിപ്പിക്കുന്ന രീതിയില്‍ അവരുടെ കമ്പനിക്ക് നിങ്ങള്‍ എങ്ങനെ ഗുണം ചെയ്യും എന്ന് മനസിലാക്കിക്കുന്ന തരത്തില്‍ മറുപടി പറയുക.ഉദാഹരണത്തിന് ‘എന്റെ ടീം അവരുടെ സെയില്‍സ്‌ ടാര്‍ജറ്റ് എന്ന ലക്ഷ്യത്തിലെത്തുന്നതും പറഞ്ഞ സമയത്തിനുള്ളില്‍ പ്രോജക്റ്റ്‌ തീര്‍ക്കുന്നതും എനിക്ക് ഒരുപാടു പ്രചോദനം തരുന്നു.

നിങ്ങളുടെ മുന്‍ സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളെ പറ്റിയുള്ള അഭിപ്രായം

നിങ്ങളുടെ മുന്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ ചോദ്യകര്‍ത്താവ് ആഗ്രഹിക്കുന്നു എന്നതിന്റെ സൂചന ആയിരിക്കാന്‍ ഈ ചോദ്യം.അതുകൊണ്ട് തന്നെ അവര്‍ ആഗ്രഹിക്കുന്ന രീതിയിലായിരിക്കണം നിങ്ങള്‍ മറുപടി പറയേണ്ടത്. ‘വളരെ നല്ല ഒരു ബന്ധമാണ് ഞാനും എന്റെ മാനേജരും തമ്മിലുള്ളത്.ഞങ്ങള്‍ പരസ്പരം ഞങ്ങളുടെ കഴിവുകളെ ബഹുമാനിക്കുന്നു.കഠിനാധ്വാനിയായ, സമര്‍പ്പണ മനോഭാവമുള്ള,സ്വന്തം കഴിവുകളാല്‍ ജോലി ചെയ്യാന്‍ കഴിയുന്ന ഒരാള്‍ എന്ന നിലക്കാണ് അവര്‍ എന്നെ കാണുന്നത് ‘ എന്ന് പറയാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.