1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2019

സ്വന്തം ലേഖകന്‍: അവധിക്കാലത്തിന് ശേഷം സ്‌കൂളിലെത്തിയതിന്റെ സങ്കടം സഹിക്കാനാവാതെ വിതുമ്പുന്ന സഹപാഠിയുടെ കൈപിടിച്ച് ആശ്വസിപ്പിക്കുന്ന ക്രിസ്റ്റ്യന്‍ മൂര്‍ എന്ന എട്ടുവയസുകാരന്റെ ചിത്രമാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറല്‍. ആഘോഷത്തിമിര്‍പ്പില്‍ നിന്ന് സ്‌കൂളിലെത്തിയ മകന്‍ സങ്കടപ്പെട്ടേക്കുമെന്ന ആശങ്കയില്‍ സ്‌കൂളിന് പുറത്ത് നിന്ന നോക്കി നില്‍ക്കുകയായിരുന്ന അമ്മ കോര്‍ട്ട്‌നി കോക്ക് മൂര്‍ തന്നെയാണ് ഓട്ടിസബാധിതനായ കോണറിനെ ആശ്വസിപ്പിക്കാനായി ക്രിസ്റ്റ്യന്‍ കൈപിടിച്ചതിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ചത്.

യുഎസിലെ കാന്‍സസിലെ സ്‌കൂളിലാണ് സംഭവം. സ്‌കൂളിന്റെ മുന്നില്‍ കരഞ്ഞു കൊണ്ട് നില്‍ക്കുകയായിരുന്ന കോണറിനെ കണ്ട ക്രിസ്റ്റ്യന്‍ അവന്റെ അരികിലെത്തി കൈ പിടിച്ചു. കോണറിന് അത് ഏറെ ആശ്വാസമായി. ഇത്രയും മിടുക്കനും സ്‌നേഹവും കരുണയുമുള്ള കുഞ്ഞാണ് തന്റെ മകനെന്നോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് രണ്ട് കുട്ടികളും ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ക്രിസ്റ്റ്യന്റെ അമ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആദ്യദിവസം ഗംഭീരമായെന്നും അധ്യാപകരേയും കൂട്ടുകാരേയും വളരെ ഇഷ്ടമായെന്നുമാണ് കോണര്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ തന്നോട് പറഞ്ഞതെന്ന് കോണറിന്റെ അമ്മ ഏപ്രില്‍ ക്രൈറ്റസ് പറഞ്ഞു. ക്രിസ്റ്റ്യന്‍ അവനെ ആശ്വസിപ്പിച്ച കാര്യം ഫെയ്‌സ് ബുക്കിലൂടെ ദിവസങ്ങള്‍ക്ക് ശേഷമാണ് അറിയാനിടയായതെന്നും ഏപ്രില്‍ ക്രൈറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. ഓട്ടിസബാധിതനായ തന്റെ മകന് സ്‌കൂളിലെ ആദ്യദിനം മാനസികസമ്മര്‍ദമുണ്ടായിട്ടുണ്ടാവുമെന്നും ക്രിസ്റ്റ്യന്റെ ഇടപെടല്‍ അത് ലഘൂകരിച്ചിട്ടുണ്ടാവുമെന്നും അവര്‍ പറയുന്നു

ഓഗസ്റ്റ് 14 നാണ് സ്‌കൂള്‍ തുറന്നത്. സെക്കന്‍ഡ് ഗ്രേഡ് വിദ്യാര്‍ഥികളാണ് കോണറും ക്രിസ്റ്റ്യനും. മുമ്പും ഒരേ ക്ലാസിലായിരുന്നെങ്കിലും ഇരുവര്‍ക്കുമിടയില്‍ സൗഹൃദമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രണ്ടുപേരും നല്ല ചങ്ങാതിമാരാണെന്ന് കോണറിന്റെ അമ്മ പറയുന്നു. ക്രിസ്റ്റ്യന്‍ കോണറിനോട് കാണിച്ച സഹാനുഭൂതിയ്ക്ക് ഏപ്രില്‍ കോര്‍ട്ട്‌നിയ്ക്ക് നന്ദി അറിയിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും ക്രിസ്റ്റ്യനെ പോലെയാവട്ടെയെന്നാഗ്രഹിക്കുന്നുവെന്നും കോര്‍ട്ട്‌നിയുടെ പോസ്റ്റിന് താഴെ ഏപ്രില്‍ കമന്റ് ചെയ്തു.

ക്രിസ്റ്റ്യന് സ്‌നേഹമറിയിച്ച് നാല്‍പതിനായിരത്തിലധികം പേര്‍ കോര്‍ട്ട്‌നിയുടെ പോസ്റ്റിനോട് പ്രതികരിച്ചു. മുപ്പതിനായിരത്തോളം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. വെറുമൊരു എട്ടു വയസുകാരന്‍ സ്വമേധയാ ചെയ്ത സ്‌നേഹപ്രവൃത്തിയെ നിരവധി പേര്‍ അനുമോദിച്ചു. ഒരാളുടെ കുറ്റം കണ്ടെത്തി പരിഹസിക്കാനും വിഷമിപ്പിക്കാനും എളുപ്പമാണെന്നും അവരെ മനസിലാക്കി നല്ല രീതിയില്‍ പെരുമാറുന്നത് വളരെ ഉത്തമമായ പ്രവൃത്തിയാണെന്നും ഏപ്രില്‍ പറയുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.