സ്വന്തം ലേഖകൻ: ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ട്രെയിനിലുണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ചിത്രവും താന്‍ കണ്ട ആളുമായി സാമ്യം ഉണ്ടെന്ന് റാഷിക്ക് സ്ഥിരീകരിച്ചു.
പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യവും നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനില്‍ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയ്ക്ക് മാവോയിസ്റ്റ്-തീവ്രവാദബന്ധമുണ്ടോയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.
സാഹചര്യത്തെളിവുകള്‍ പ്രകാരം കൃത്യം പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തതല്ല മറിച്ച ആസൂത്രിതമാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇയാള്‍ ഉത്തരേന്ത്യക്കാരനാണോയെന്ന സംശയവും പോലീസിനുണ്ട്. ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാണ്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. രണ്ടു ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്ന് കുറിപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. മൃതദേഹം കിട്ടിയ സ്ഥലത്തിന് തൊട്ടടുത്താണ് ബാഗ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുപ്പി പെട്രോള്‍ ഉണ്ടായിരുന്നു. നോട്ട്ബുക്ക്, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, മറ്റുചില വസ്തുക്കള്‍ എന്നിവ ബാഗില്‍ നിന്ന് കണ്ടെത്തി. ബാഗില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും പേഴ്‌സില്‍ നിന്ന് കഷ്ണം കടലാസും ഫോറന്‍സിക് സംഘം കണ്ടെത്തി.
ഒട്ടേറെ ദുരൂഹത നിറഞ്ഞതാണ് കണ്ടെത്തിയ നോട്ട്ബുക്കിലെ കുറിപ്പുകള്‍. ഡയറിക്കുറിപ്പുകള്‍ പോലെ കൃത്യമായ തീയതി നല്‍കിയിട്ടുണ്ട്. ജീവിതത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, പണം കുറച്ചു ചെലവാക്കണം, പുകയില ഉപയോഗം നിര്‍ത്തണം, വിവിധ സ്ഥലപ്പേരുകള്‍ തുടങ്ങി പരസ്പരബന്ധമില്ലാത്ത പല കാര്യങ്ങളും കുറിച്ചിട്ടുണ്ട്. പല ആകൃതിയിലും വലിപ്പത്തിലും എസ് എന്ന ഇംഗ്ലീഷ് അക്ഷരം നോട്ട്ബുക്കില്‍ കാണാം. ചിലരുടെ പേരുകളും പലഭാഗത്തായി കുറിച്ചിട്ടുണ്ട്. ഇതില്‍ അക്രമിയുടെ പേരുണ്ടോ എന്ന സംശയത്തിലാണ്. കുറിപ്പില്‍ ആവര്‍ത്തിച്ചെഴുതിയ ചില പേരുകളില്‍ നിന്ന് ഇയാള്‍ക്ക് മറ്റാരുടേയോ സഹായം കിട്ടിയതായി സൂചനയുണ്ട്.
അതിനിടെ മൂന്നുപേരുടെ മരണത്തിനിടയാക്കുകയും ഒമ്പതുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നോയിഡ സ്വദേശിയെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്നാണ് വിവരം. ട്രാക്കില്‍നിന്ന് കണ്ടെടുത്ത മൊബൈല്‍ഫോണില്‍നിന്ന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്.
റെയില്‍വേട്രാക്കില്‍നിന്ന് കിട്ടിയ മൊബൈല്‍ഫോണില്‍ സിംകാര്‍ഡ് ഇല്ലായിരുന്നുവെങ്കിലും ഈ ഫോണില്‍ നേരത്തെ ഉപയോഗിച്ച സിംകാര്‍ഡുകള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉത്തരേന്ത്യന്‍ സ്വദേശിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല