ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ ഉയരുന്ന ന്യായമായ ചോദ്യമാണ് ബ്രിട്ടണിലെ പ്രായമായവര്‍ എങ്ങനെ ആശുപത്രിയില്‍ പോകുമെന്നത്. കാരണമുണ്ട്. പ്രായമായവരെ ബ്രിട്ടണിലെ ആശുപത്രികള്‍ പരിശോധിക്കുന്ന രീതികളും മറ്റും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. എന്‍എച്ച്എസിനെ വിമര്‍ശിക്കുന്നതാണ് ഭൂരിപക്ഷം റിപ്പോര്‍ട്ടുകളും.
പ്രായമായവരെ പല ആശുപത്രികളിലും പഴകിയ മാംസത്തെപ്പോലെയാണ് കാണുന്നതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രായമായവര്‍ക്ക് വേദനസംഹാരികള്‍പോലും നല്‍കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പ്രായമായവരെ പരിശോധിക്കുന്ന രീതികളോട് ബന്ധുക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടെങ്കിലും കാര്യമായി പ്രതികരിക്കാനാവുന്നില്ല എന്നതാണ് വാസ്തവം. ആശുപത്രികളെക്കുറിച്ച് നിരന്തരമുള്ള പരാതികളാണ് പ്രവഹിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഒരു ബ്രിട്ടീഷ് പത്രത്തിന്റെ നേതൃത്വത്തില്‍ ആശുപത്രികളുടെ സുരക്ഷയെക്കുറിച്ചും പ്രായമായവരെ പരിശോധിക്കുന്ന രീതികളെക്കുറിച്ചും കാര്യമായ പരാതി ഉയര്‍ത്തിയതോടെ പ്രശ്നം രൂക്ഷമായി. എന്‍എച്ച്എസിന്റെ നേതൃത്വത്തില്‍ ഗുണമേന്മ അന്വേഷകര്‍ ബ്രിട്ടണിലെ ആശുപത്രികളില്‍ നിരന്തരം പരിശോധിക്കാനെത്തി. അതിനെത്തുടര്‍ന്ന് ബ്രിട്ടണിലെ ഭൂരിപക്ഷം ആശുപത്രികളും പ്രായമായവരെ ശുശ്രൂഷിക്കുന്ന കാര്യത്തില്‍ പുറകിലാണെന്ന് കണ്ടെത്തി. ഇത് വലിയ ആശങ്കയാണ് ബ്രിട്ടണിലെ ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്. തങ്ങളുടെ മാതാപിതാക്കള്‍ക്ക് മികച്ച ചികിത്സ കിട്ടില്ല എന്ന ചിന്ത ബ്രിട്ടണിലെ കുടുംബങ്ങളെ അസ്വസ്തമാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല