സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പിനെ നേരിടുന്ന ടോറി പാര്‍ട്ടിയ്ക്കും റിഷി സുനാകിനും പിടിവള്ളിയായി നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍. കഴിഞ്ഞവര്‍ഷം യുകെയിലേയ്ക്കുള്ള നെറ്റ് മൈഗ്രേഷന്‍ കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 2022ലെ നെറ്റ് മൈഗ്രേഷനുമായി താരതമ്യം ചെയ്യുമ്പോള്‍ കുടിയേറ്റം 10 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2022 – ലെ നെറ്റ് മൈഗ്രേഷന്‍ ഏറ്റവും ഉയർന്ന റിക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു.
2023 ഡിസംബര്‍ വരെയുള്ള വര്‍ഷത്തില്‍ യുകെയിലേയ്ക്കുള്ള നെറ്റ് മൈഗ്രേഷന്‍ 6,85,000 ആണ് . എന്നാല്‍ 2022 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇത് 764,000 ആയിരുന്നു. യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് കുറയുന്നതിന്റെ പ്രവണതയാണോ ഇത് എന്ന് പറയാറായിട്ടില്ലെങ്കിലും ഈ കണക്കുകള്‍ ഭരണ നേതൃത്വത്തിന് ആശ്വാസം പകരുന്നതാണ്.
പ്രധാനമന്ത്രി സുനാക് ജൂലൈ 4 ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തൊട്ടു പുറകെയാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ യുകെയിലേയ്ക്കുള്ള കുടിയേറ്റം വന്‍ ചര്‍ച്ചാവിഷയമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തെ പ്രവചിച്ചിരുന്നു. നെറ്റ് മൈഗ്രേഷനിലെ ഇടിവും 2024 ല്‍ ഇതുവരെ വീസ അപേക്ഷകരില്‍ 25 ശതമാനം കുറവ് ഉണ്ടായതും സുനാകിന്റെ നേട്ടമാണെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.
സ്റ്റുഡന്റ് വീസകളില്‍ നിയന്ത്രണം വന്നതോടെ 2024-ലെ ആദ്യ നാല് മാസത്തില്‍ സ്റ്റുഡന്റ് ഡിപ്പന്റന്‍ഡ് അപേക്ഷകളില്‍ 79% കുറവ് വന്നിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായെന്ന് തെളിയിക്കാനാണ് സുനാക് ഗവണ്‍മെന്റ് ഈ കണക്കുകള്‍ ഉപയോഗിക്കുന്നത്.
2023 ഏപ്രിലിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍ വീസ അപേക്ഷകളില്‍ 76% കുറവും, ഫാമിലി ഡിപ്പന്റന്‍ഡ്‌സിന് അപേക്ഷിക്കുന്നതില്‍ 58% ഇടിവുമാണ് രേഖപ്പെടുത്തുന്നതെന്ന് യുകെ ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല