സ്വന്തം ലേഖകന്‍: മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്, താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. താരങ്ങള്‍ ഏറ്റുമുട്ടുന്ന മണ്ഡലമായ പത്തനാപുരത്ത് നടന്‍ കെ.ബി ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണത്തിന് ഇറങ്ങിയതാണ് താരസംഘടനയായ അമ്മയില്‍ ഭിന്നതക്ക് കാരണമായത്.
താരങ്ങള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ പക്ഷം ചേരരുതെന്ന സംഘടനയുടെ നിര്‍ദ്ദേശം മറികടന്ന് മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി വോട്ട് ചോദിച്ചതില്‍ പ്രതിഷേധിച്ച് നടന്‍ സലീം കുമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു. അതേസമയം മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയതിനെ പിന്തുണച്ച് നടന്‍ ദിലീപ് രംഗത്തെത്തി.
താരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നത് സംബന്ധിച്ച് അമ്മയില്‍ ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. താരങ്ങളാരും സ്ഥാനാര്‍ത്ഥിയായത് അമ്മയില്‍ ആലോചിച്ചിട്ടല്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ അനാശ്യമാണെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
സലീം കുമാര്‍ ആരോപിക്കുന്നത് പോലെ ഒരു തീരുമാനവും അമ്മ എടുത്തിട്ടില്ലെന്ന് സംഘടനാ ഭാരവാഹി കൂടിയായ നടന്‍ ഇടവേള ബാബുവും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ പ്രചരണത്തിന് പോയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമെന്നായിരുന്നു അമ്മ പ്രസിഡന്റ് ഇന്നസെന്റ് എം.പിയുടെ പ്രതികരണം. മോഹന്‍ലാലിനെ പിന്തുണച്ച് കൊല്ലത്തെ ഇടത് സ്ഥാനാര്‍ത്ഥി മുകേഷും രംഗത്ത് വന്നിരുന്നു.
ഗണേശിനേക്കാള്‍ മുമ്പ് താനുമായി സൗഹൃദമുള്ളയാളാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ സൗഹൃദത്തിന്റെ പേരില്‍ മോഹന്‍ലാല്‍ പ്രചരണത്തിന് പോയത് വിഷമമുണ്ടാക്കിയെന്ന് പത്തനാപുരത്ത് ഗണേഷ് കുമാറിന്റെ എതിരാളിയായ ജഗദീഷ് പറഞ്ഞു.
സിനിമാ നടന്മാരുടെ സംഘടനയായ അമ്മയ്ക്ക് രാഷ്ട്രീയ നിലപാടുകള്‍ ഇല്ലെന്നും അമ്മ നിഷ്പക്ഷ പ്രചരണമാണ് നടത്തുന്നതെന്നും ഇന്നസെന്റ് പറഞ്ഞത്. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാട് മോഹന്‍ലാല്‍ എടുത്തതില്‍ പലര്‍ക്കും വിഷമമുണ്ടെന്നും അക്കാര്യം പലരും തന്നെ വിളിച്ചു പറഞ്ഞെന്നും ഇക്കാര്യത്തില്‍ സലിംകുമാറിന്റെ വികാരം തന്നെയാണ് അമ്മയിലെ ഭൂരിപക്ഷം പേര്‍ക്കുമെന്നും ജഗദീഷ് വ്യക്തമാക്കി.
ബിജെപിക്കു വേണ്ടു മത്സരിക്കുന്ന ഭീമന്‍ രഘുവാണ് പത്തനാപുരത്തെ മൂന്നാമത്തെ താര സ്ഥാനാര്‍ഥി. മോഹന്‍ലാലല്ല ആരും വന്നാലും പത്തനാപുരത്ത് താന്‍ തന്നെ ജയിച്ചു കയറുമെന്നായിരുന്നു സംഭവത്തെക്കുറിച്ച് ഭീമന്‍ രഘുവിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല