1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2024

സ്വന്തം ലേഖകൻ: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. എതിരാളിയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെതിരെ ദീപാവലി പോസ്റ്റില്‍ ട്രംപ് നിശിതവിമര്‍ശനവും നടത്തി. യുഎസ് പ്രസിഡന്റ് ബൈഡനും കമലയും ഹിന്ദുക്കളെ അവഗണിച്ചതായും ട്രംപ് ആരോപിച്ചു.

‘ബംഗ്ലാദേശില്‍ ജനക്കൂട്ടം ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നേരെ അക്രമവും കൊള്ളയും നടത്തുകയാണ്. ഈ ക്രൂരമായ അക്രമത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു’ ട്രംപ് എക്‌സില്‍ കുറിച്ചു.

തന്റെ കാലത്തായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. കമലയും ജോ ബൈഡനും ലോകമെമ്പാടുമുള്ള ഹിന്ദുക്കളെയും അമേരിക്കയിലെ ഹിന്ദുക്കളെയും അവഗണിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയുമായും തന്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബന്ധം ശക്തിപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി.

‘തീവ്ര ഇടതുപക്ഷത്തിന്റെ മതവിരുദ്ധ അജണ്ടക്കെതിരെ ഞങ്ങള്‍ ഹിന്ദു അമേരിക്കക്കാരെയും സംരക്ഷിക്കും. നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഞങ്ങള്‍ പോരാടും’ ട്രംപ് പറഞ്ഞു.

‘കമലാ ഹാരിസ് നിങ്ങളുടെ ചെറുകിട ബിസിനസ്സുകളെ കൂടുതല്‍ നിയന്ത്രണങ്ങളും ഉയര്‍ന്ന നികുതികളും ഉപയോഗിച്ച് നശിപ്പിക്കും. അതേ സമയം ഞാന്‍ നികുതി വെട്ടിച്ചുരുക്കി, നിയന്ത്രണങ്ങള്‍ വെട്ടിച്ചുരുക്കി, അമേരിക്കന്‍ ഊര്‍ജ്ജം സ്വതന്ത്രമാക്കി ചരിത്രത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തു. ഞങ്ങള്‍ അത് വീണ്ടും ചെയ്യും, മുമ്പത്തേക്കാള്‍ വലുതും മികച്ചതും, ഞങ്ങള്‍ അമേരിക്കയെ വീണ്ടും മഹത്തരമാക്കും’ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.