1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2024

സ്വന്തം ലേഖകൻ: ഗ്രാഡ്വേറ്റ് വീസയില്‍ ബ്രിട്ടനില്‍ പഠനത്തിനായി എത്തുന്നവര്‍ക്ക് കൂടുതല്‍ കര്‍ക്കശമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന പരീക്ഷ ഏര്‍പ്പെടുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നു. യു കെയില്‍ പഠനത്തിന് ഉദ്ദേശിക്കുന്നവരോ, ഗ്രാഡ്വേറ്റ് വീസയ്ക്കായി അപേക്ഷിക്കുന്നവരോ, നിര്‍ബന്ധമായ ഈ ഇംഗ്ലീഷ് ടെസ്റ്റ് പാസ്സായിരിക്കണം. ഏറ്റവും മികച്ചവരും, സമര്‍ത്ഥരായവരും ആയവര്‍ക്ക് മാത്രമെ ഈ വീസയില്‍ ബ്രിട്ടനിലേക്ക് എത്താന്‍ കഴിയു എന്ന് ഉറപ്പാക്കാനാണിത്.

തങ്ങളുടെ ഇമിഗ്രേഷന്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനോടൊപ്പം, ബ്രിട്ടനിലെ അന്താരാഷ്ട്ര നിലവാരമുള്ള യൂണിവേഴ്സിറ്റികളില്‍ സമര്‍ത്ഥരും, ഏറ്റവും മികച്ചവരുമായ വിദ്യാര്‍ത്ഥികളാണ് പഠനത്തിനെത്തുന്നത് എന്ന് ഉറപ്പാക്കുക കൂടിയാണ് ഇതിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാരമ്യത്തിലെത്തിയ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനായി ക്യാബിനറ്റ് ഉറച്ച തീരുമാനമെടുത്തതോടെ വേറെയും ചില നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നും വക്താവ് അറിയിച്ചു.

ഉയര്‍ന്ന ഡ്രോപ്പ് ഔട്ട് നിരക്കുകള്‍ ഉള്ള യൂണിവേഴ്സിറ്റികള്‍ക്ക് മേലും കോളേജുകള്‍ക്ക് മേലും കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വരാനും ക്യാബിനറ്റ് ശ്രമിക്കുന്നുണ്ട്. അതിനു പുറമെ, മിനിമം വേജസിനേക്കാള്‍ കുറവ് വേതനം നല്‍കി വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ക്ക് എതിരെ ഹോം ഡിപ്പാര്‍ട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കും. ഇത്തരക്കാര്‍, വിദ്യാര്‍ത്ഥികളെ പഠനത്തില്‍ നിന്നും അകറ്റുന്നു എന്നാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിലയിരുത്തല്‍.

അതോടൊപ്പം ചില പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിരോധിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയായതിന് ശേഷം രണ്ടു വര്‍ഷക്കാലത്തോളം യു കെ യില്‍ തുടരാനും ജോലി ചെയ്യാനും സൗകര്യമൊരുക്കുന്നതാണ് ഗ്രാഡ്വേറ്റ് വീസ. ഈ വീസ അനേകം വിദ്യാര്‍ത്ഥികളെ വിദേശ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് ആകര്‍ഷിച്ചതായും, പലരും ഇത് ദുരുപയോഗം ചെയ്തതായും സര്‍ക്കാര്‍ കരുതുന്നു.

നേരത്തെ യു കെയുടെ നെറ്റ് ഇമിഗ്രേഷന്‍ 2022 ല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7,64,000 ല്‍ എത്തിയിരുന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ഒ. എന്‍. എസ്) റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023 ല്‍ ഇത് 10 ശതമാനം കുറഞ്ഞ് 6,85,000 ല്‍ എത്തിനെയെങ്കിലും കോവിഡ് പൂര്‍വ്വകാലത്തെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ് ജോലിക്കായി ബ്രിട്ടനില്‍ എത്തുന്നവരില്‍ 40 ശതമാനവും ഇന്ത്യയില്‍ നിന്നോ നൈജീരിയയില്‍ നിന്നോ എത്തുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.