1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2017

സ്വന്തം ലേഖകന്‍: വോട്ടു മറിക്കാന്‍ ശശികലയും കൂട്ടരും ഒഴുക്കിയത് 89 കോടി രൂപ, തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര തിര!ഞ്ഞെടുപ്പു കമ്മിഷന്‍ റദ്ദാക്കി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മന്ത്രിമാരും എംപിയും വഴി 89 കോടി രൂപ ശശികല പക്ഷം വിതരണം ചെയ്തതായി ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് പരിശോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവ് ഇറക്കി.

വോട്ടെടുപ്പിനുള്ള പുതിയ തീയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. മറ്റന്നാള്‍ ആയിരുന്നു വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് തമിഴ്‌നാട് ചീഫ് ഇലക്ടറല്‍ ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിനുശേഷം പുതിയ തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

ഒരു വോട്ടിന് 4000 രൂപ വീതം ശശികല പക്ഷം നല്‍കുന്നുവെന്നാണ് ആദായനികുതി വകുപ്പിന് പരാതി ലഭിച്ചിരുന്നത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ എഐഎഡിഎംകെ ശശികല വിഭാഗം സ്ഥാനാര്‍ഥി ടി ടി വി ദിനകരന്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി 89 കോടി രൂപ വിതരണം ചെയ്തുവെന്ന് ആദായനികുതി വകുപ്പിന്റെ കണ്ടെത്തിയിരുന്നു. ദിനകരന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന വിഡിയോ സോഷ്യല്‍ മീഡിയയിലും പുറത്തുവന്നിരുന്നു. 4000 രൂപ വീതം മൂന്നുപേര്‍ക്ക് നല്‍കുന്നതാണ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയ ഭാസ്‌കറിന്റെ വീട്ടില്‍ അടക്കം 35 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വോട്ടര്‍മാര്‍ക്ക് പണം എങ്ങനെ നല്‍കണമെന്നത് ഉള്‍പ്പടെയുള്ളതിന്റെ രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായാണ് വിവരം.

വോട്ടിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വിജയഭാസ്‌കറിനെതിരെ തമിഴ്‌നാട് ആദായനികുതി വകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. സിനിമാ താരവും സമത്വമക്കള്‍ കച്ചി നേതാവുമായ ശരത് കുമാറിന്റെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ശരത്കുമാറും ദിനകരന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മുന്‍മുഖ്യമന്ത്രി ജയലളിത മരിച്ച ഒഴിവിലാണ് ആര്‍ കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എഐഎഡിഎംകെ ശശികല വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി ശശികലയുടെ അനന്തരവനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരനും, എഐഎഡിഎംകെ പനീര്‍ശെല്‍വം വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഇ മധുസൂദനനുമാണ് മല്‍സരരംഗത്തുള്ളത്. ഡിഎംകെ സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതാവ് മരുതുഗണേഷും, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറും ജനവിധി തേടുന്നു.

ഡിഎംകെ ഔദ്യോഗിക ചിഹ്നമായ ഉദയസൂര്യനിലും, ദീപ ബോട്ട് ചിഹ്നത്തിലും വോട്ടുതേടുമ്പോള്‍ എഐഎഡിഎംകെ ചിഹ്നമായ രണ്ടില ശശികലഒപിഎസ് തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പുകമ്മീഷന്‍ മരവിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദിനകരന്‍ തൊപ്പി അടയാളത്തിലും, മധുസൂദനന്‍ വൈദ്യുതപോസ്റ്റ് അടയാളത്തിലുമാണ് ജനവിധി തേടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.