1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2024

സ്വന്തം ലേഖകൻ: രണ്ടാം തവണയും പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിര്‍ണായക നീക്കങ്ങൾ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്നും ഒരു അനധികൃത കുടിയേറ്റക്കാരനേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു. വലിയ രാഷ്ട്രീയ വിജയമാണ് നേടിയത്. അമേരിക്കയുടെ സുവര്‍ണകാലം വന്നെത്തിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇനി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാതെ പോരാടും. അമേരിക്കയെ വീണ്ടും ഉന്നതിയിലെത്തിക്കും. നമ്മള്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. തന്‌റെ വിജയം രാജ്യത്തിന്‌റെ മുറിവുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വിങ് സ്‌റ്റേറ്റ്‌സ് വോട്ടേഴ്‌സിന് പ്രത്യേകം നന്ദിയുണ്ട്. ഇനിയുള്ള ഓരോ ദിവസവും, ഓരോ ശ്വാസവും രാജ്യത്തിനായി പ്രവര്‍ത്തിക്കും. ജനകീയ വോട്ടിലും മുന്നിലെത്തിയതില്‍ സന്തോഷമുണ്ട്. ഒരുമിച്ച് നിന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളെ നേരിടാമെന്നും ട്രംപ് വിക്ടറി സ്പീച്ചിൽ വ്യക്തമാക്കി.

രാജ്യത്തിന്‌റെ ഭാവിക്കായും നമ്മുടെ മക്കളുടെ ഭാവിക്കായും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ട്രംപിന് 277 ഇലക്ടറൽ വോട്ടും, കമല ഹാരിസിന് 226 ഇലക്ടറൽ വോട്ടുകളുമാണ് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്‌റ് ചരിത്രത്തില്‍ 127 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരിക്കല്‍ തോൽവിയറിഞ്ഞ പ്രസിഡന്‌റ് വീണ്ടും അധികാരത്തിലെത്തുന്നത്. ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 നേടിയാല്‍ കേവല ഭൂരിപക്ഷമാകും.

യു.എസ് പ്രസിഡണ്ടുപദത്തിലേക്ക് ഡൊണാള്‍ഡ് ട്രംപ് അനായാസം നടന്നുകയറുമ്പോള്‍ ആശങ്കയിലാവുന്നത് പൊതുജനാരോഗ്യവും കുടിവെള്ളവും ഫ്‌ളൂറൈഡുമാണ്. യു.എസ്സില്‍ ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യം ചെയ്യുന്നത് പൊതുവിതരണം ചെയ്യുന്ന ജലത്തില്‍ ഫ്‌ളൂറൈഡ് ചേര്‍ക്കുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെക്കുന്നതായിരിക്കും എന്നാണ് അമേരിക്കന്‍ പൊതുപ്രവര്‍ത്തകനും ആന്റി വാക്‌സിന്‍ ആക്ടിവീസ്റ്റുമായ റോബര്‍ട് എഫ് കെന്നഡി തന്റെ എക്‌സിലെ കുറിപ്പിലൂടെ പ്രഖ്യാപിച്ചത്.

ജനുവരി ഇരുപതോടെ യു.എസ്സിലെ പൊതുജലവിതരണ സംവിധാനത്തില്‍ നിന്നും ഫ്‌ളൂറൈഡ് നീക്കം ചെയ്യാനായിരിക്കും ട്രംപിന്റെ വൈറ്റ് ഹൗസ് നിര്‍ദ്ദേശിക്കുക എന്ന് റോബര്‍ട്ട് എഫ് കെന്നഡി എക്‌സിലൂടെ അറിയിക്കുന്നുണ്ട്. ഫ്‌ളൂറൈഡ് ഒരു വ്യാവസായിക മാലിന്യമാണെന്നും അസ്ഥിഭ്രംശം, നാഡീസംബന്ധമായ രോഗങ്ങള്‍, ഐക്യുവിലെ കുറവ് തുടങ്ങി അനവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും കെന്നഡി മുമ്പ് പ്രസ്താവിച്ചിരുന്നു. ആരോഗ്യദൃഢമായ അമേരിക്കയെ തിരിച്ചുകൊണ്ടുവരിക എന്നതിനെക്കുറിച്ചാണ് ട്രംപും ഭാര്യ മെലാനിയ ട്രംപും ആലോചിക്കുന്നതെന്നും കെന്നഡി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.