
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒൻപതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിൽ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്.
യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ കുര്യൻ ജോർജ്, മനോജ് കുമാർ പിള്ള, അലക്സ് വർഗീസ് എന്നിവരായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകുന്നത്. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റീജിയണൽ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8 ശനിയാഴ്ച യോർക് ഷെയർ & ഹംമ്പർ, നോർത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും, ഫെബ്രുവരി 9 ഞായറാഴ്ച ഈസ്റ്റ് വെസ്റ്റ് & മിഡ്ലാൻഡ്സ് റീജിയണിലും, ഫെബ്രുവരി 15 ശനിയാഴ്ച ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ് റീജിയണുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നതായിരിക്കും. മറ്റ് റീജിയണുകളിൽ തിരഞ്ഞെടുപ്പ് പിന്നീട് നടത്തുന്നതാണ്.
ബർമിംഗ്ഹാമിലെ എർഡിംഗ്ടണിൽ രാവിലെ പത്തുമണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിർവാഹക സമിതി യോഗം പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ ചേരും. ഉച്ചക്ക് പന്ത്രണ്ട് മണിമുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുക്മ പ്രതിനിധികൾ ബർമിംഗ്ഹാമിലേക്ക് എത്തിത്തുടങ്ങും.
ഉച്ചഭക്ഷണത്തിന് ശേഷം കൃത്യം ഒരുമണിക്ക് വാർഷിക പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി വാർഷിക പൊതുയോഗം അവസാനിപ്പിക്കുന്ന വിധമാണ് കാര്യപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ തെരഞ്ഞെടുപ്പ് നടക്കും.
യുക്മ സ്ഥാപിതമായ 2009-ൽ സ്ഥാപക പ്രസിഡൻ്റായി വർഗീസ് ജോൺ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതൊരിക്കൽ കൂടി വർഗീസ് ജോൺ യുക്മയെ നയിച്ചു. തുടർന്ന് വിജി കെ.പിയുടെ നേതൃത്വത്തിൽ കമ്മിറ്റി ഭരണസാരഥ്യമേറ്റെടുത്തു. വിജിയും രണ്ടാമതൊരിക്കൽ കൂടി യുക്മയെ നയിക്കുകയുണ്ടായി. തുടർന്ന് ഫ്രാൻസീസ് മാത്യു കവളക്കാട്ട്, മാമ്മൻ ഫിലിപ്പ്, മനോജ് കുമാർ പിള്ള എന്നിവരും യുക്മയുടെ കഴിഞ്ഞ പതിനഞ്ച് വർഷങ്ങളിൽ യുക്മയുടെ തേരോട്ടത്തിനെ മുന്നിൽ നിന്നും നയിച്ചു.
യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ രൂപംകൊണ്ടതിന്റെ ക്രിസ്റ്റൽ ഈയർ (പതിനഞ്ചാം വാർഷികം) ആഘോഷങ്ങൾക്കിടയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നനിലയിൽ 2025 ലെ ദേശീയ തെരഞ്ഞെടുപ്പ് തീർച്ചയായും ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ പത്ത് മേഖലകളിൽനിന്നായി ഏകദേശം നാനൂറിൽ പരം പ്രതിനിധികൾ തങ്ങളുടെ ദേശീയ സാരഥികളെ തെരഞ്ഞെടുക്കുവാൻ ഫെബ്രുവരി 22ശനിയാഴ്ച എത്തിച്ചേരും എന്ന് വിലയിരുത്തപ്പെടുന്നു.
പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാൻ യുക്മ പ്രതിനിധികൾക്ക് മാത്രമേ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. പ്രതിനിധികൾ ആവശ്യമെങ്കിൽ പ്രദർശിപ്പിക്കാൻ ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യു കെ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയൽ കാർഡ് സമർപ്പിക്കുവാൻ പ്രതിനിധികൾ ബാധ്യസ്ഥരാണ്.
പൊതുയോഗം നടക്കുന്ന വേദിയുടെ വിലാസം:
URC CHURCH,
Holly lane,
Erdington,
B24 9JS.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല