ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വിധി നിര്‍ണയിക്കുന്ന സംസ്ഥാനമെന്നു കരുതപ്പെടുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ രാജ്യത്തിന്റെ രാഷ്ട്രീയചിത്രം ഏറക്കുറെ തെളിയുകയാണ്. യുപിയിലും പഞ്ചാബിലും ഗോവയിലും കോണ്‍ഗ്രസിനു പരാജയം. ഉത്തരഖണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും കട്ടയ്ക്കുകട്ട. അവിടെ ആരു ഭരിക്കും എന്നറിയാന്‍, നടക്കാനിരിക്കുന്ന കുതിരക്കച്ചവടങ്ങളുടെ അന്തിമഫലം കൂടി പുറത്തുവരണം. ഭരണത്തുടര്‍ച്ചയ്ക്ക് ജനസമ്മതി ലഭിക്കാതെ പോയി എങ്കിലും ബിജെപി തന്നെ അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 60 അംഗ മണിപ്പുര്‍ നിയമസഭയില്‍ നേരിയ ഭൂരിപക്ഷം നേടാമെന്ന പ്രതീക്ഷ ബാക്കിയുണ്ട്, ഇപ്പോള്‍ കോണ്‍ഗ്രസിന്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുപൂരം കൊടിയിറങ്ങുമ്പോള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ധനനഷ്ടം, മാനഹാനി തുടങ്ങി സമ്പൂര്‍ണ പരാജയത്തോടടുത്തു നില്‍ക്കുന്ന തിരിച്ചടി. കഷ്ടിച്ചു നാണം മറയ്ക്കാന്‍ കിട്ടിയതു മണിപ്പുര്‍ എന്ന ഇത്തിരിയില്ലാത്ത സംസ്ഥാനം.
പഞ്ചാബില്‍ അകാലി ദളിനു രണ്ടാമൂഴം. കോണ്‍ഗ്രസിനു ഗോവയില്‍ ഭരണനഷ്ടം. രാഹുല്‍ ഗാന്ധി മുന്നില്‍നിന്നു പടനയിച്ച യുപിയില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തത് ഏറെക്കുറെ ജീവന്മരണപ്പോരാട്ടം. കോര്‍പ്പറെറ്റ് ശൈലിയില്‍ പ്രൊഫഷനലുകളുടെ ബുദ്ധി ബാങ്കുകളില്‍ പിറന്ന പ്രചാരണ തന്ത്രങ്ങള്‍. ലാപ്ടോപ്പുകളിലും ഐ-പാഡുകളിലും തലപുകഞ്ഞ് കൂട്ടിയും കിഴിച്ചും നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയം. എല്ലാത്തിലും എവിടെയും രാഹുലിന്‍റെ നേതൃത്വം. നടപ്പാക്കാന്‍ രാഹുല്‍ നേരിട്ടു തെരഞ്ഞെടുത്തു നിയോഗിച്ച സിഇഒമാര്‍. പ്രചാരണരംഗത്ത് യുവത്വം വിളിച്ചോതുന്ന മോഡേണ്‍ സമീപനങ്ങള്‍. തേരു തെളിക്കാന്‍ അമേത്തിയും ബറേലിയുമടക്കം പഴയ കോണ്‍ഗ്രസ് നെടുങ്കോട്ടകളില്‍, സാരി ഞൊറിഞ്ഞുടുത്ത് ഇന്ദിരാജിയെ ഓര്‍മിപ്പിച്ച് പ്രിയങ്ക എന്ന ആര്‍ജവം.
രോഗപീഡകള്‍ കെടുത്താത്ത മന്ദഹാസവുമായി മക്കളെ പിന്തുണച്ചു തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ ഹെലികോപ്റ്റര്‍ പര്യടനങ്ങള്‍. യുപിയിലെങ്കിലും തെരഞ്ഞെടുപ്പിന്‍റെ ഒന്നാം റൗണ്ടില്‍ ഒരു അമ്പരപ്പ് സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. രാഹുല്‍ ഇതാ കൊടുങ്കാറ്റാകുന്നു എന്ന് ഡല്‍ഹി മീഡിയ താരങ്ങള്‍. മായാവതി എന്ന മത്തഗജത്തെയും പഴയകാല ഫയല്‍വാന്‍ മുലായം സിങ്ങിനെയും ഒറ്റക്കൈക്ക് മലര്‍ത്താന്‍ പോകുന്നുവെന്നു രാഹുലില്‍ ഭ്രമിച്ചു ചില ചാനലുകള്‍. പക്ഷേ, യുപി എന്ന ഉത്തരേന്ത്യന്‍ ഹൃദയഭൂമിയുടെ ജന മനഃശാസ്ത്രം തിരിച്ചറിയാന്‍ മോത്തിലാലിന്‍റെയും ജവഹര്‍ലാലിന്‍റെയും ഇന്ദിരയുടെയും രാജീവിന്‍റെയും സഞ്ജയിന്‍റെയും പിന്‍മുറക്കാരനു കഴിയാതെ പോയി എന്നത് കയ്ക്കുന്ന യാഥാര്‍ഥ്യം.
ദേശീയ രാഷ്ട്രീയത്തില്‍ പൊടുന്നനെ പ്രത്യാഘാതങ്ങള്‍ സംഭവിപ്പിക്കില്ല തെരഞ്ഞെടുപ്പു ഫലം എന്നു വേണമെങ്കില്‍ സമാധാനിക്കാം, ദേശീയ പാര്‍ട്ടിക്ക്. പക്ഷേ, രാഹുല്‍ ഗാന്ധിയുടെ കരിസ്മ ഗ്രാമീണ ജനതയില്‍ ചലനമുണ്ടാക്കുന്നില്ല എന്നതടക്കമുള്ള വലിയ പാഠങ്ങള്‍ പഠിപ്പിച്ച തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനുള്ളില്‍ ചെറുതല്ലാത്ത അസ്വസ്ഥതകള്‍ക്കു ജന്മം നല്‍കും. രാഹുലും പ്രിയങ്കയും ഇറങ്ങിയാല്‍ ആള്‍ക്കൂട്ടങ്ങളുണ്ടാകും എന്നതിനു നാം കണ്ട ടെലിവിഷന്‍ ദൃശ്യങ്ങള്‍ സാക്ഷ്യം. എന്നാല്‍, ആള്‍ക്കൂട്ടങ്ങളെ വോട്ടാക്കി മാറ്റുന്ന മായാജാലമാണു തെരഞ്ഞെടുപ്പില്‍ നിര്‍ണായകം.
ഇന്ദിര ഗാന്ധിയുടെ കരിസ്മ എന്നു പേരിട്ട, രാജീവിന്‍റെ മൃദു മന്ദഹാസത്തില്‍ നാം കണ്ടു ത്രസിച്ച ആ മാജിക് പുതുതലമുറയിലേക്കു പകര്‍ന്നു കിട്ടിയില്ല എന്ന ഞെട്ടിക്കുന്ന തിരിച്ചറിവുണ്ട് തെരഞ്ഞെടുപ്പു ഫലത്തില്‍. പഞ്ചാബില്‍ കണക്കു പിഴച്ചുവെന്നു സമാധാനിക്കാം. ഗോവയില്‍ തറപറ്റിയതിനെ ആന്‍റി ഇന്‍കംപന്‍സി എന്ന ഓമനപ്പേരില്‍ ഒതുക്കാം. പക്ഷേ, യുപിയുടെ ഹൃദയം തുടിക്കുന്നത് രാഹുലിനു വേണ്ടിയോ പ്രിയങ്കയ്ക്കുവേണ്ടിയോ അല്ല എന്ന വമ്പന്‍ അക്ഷരത്തിലുള്ള ചുവരെഴുത്തില്‍ നിന്നു മുഖംതിരിക്കാന്‍ കഴിയില്ല, രാജ്യത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും.
എല്ലാം തകര്‍ന്നു എന്ന യാഥാര്‍ഥ്യത്തിലേക്കു തിടുക്കപ്പെടേണ്ടതില്ല. രാഹുല്‍ ഗാന്ധിയെന്ന ബ്രാന്‍ഡ് രാജ്യത്തു മേലില്‍ മാര്‍ക്കറ്റ് പിടിക്കില്ല എന്നും ഭ്രമിക്കരുത്. അതൊന്നുമല്ല ഇന്നലെ പുറത്തുവന്ന കോണ്‍ഗ്രസ് വിരുദ്ധ വോട്ടില്‍ അന്തര്‍ലീനമായ സന്ദേശം. പട നയിച്ചതും പരുക്കേറ്റതും തോറ്റതും രാഹുല്‍ തന്നെ. തന്ത്രങ്ങള്‍ പിഴച്ചതും രാഹുലിന്. എല്ലാം താന്‍ തന്നെ എന്ന പരമ്പരാഗത ഗര്‍വിനു ജനം തിരിച്ചടി നല്‍കിയെന്നതും വ്യക്തം. പക്ഷേ, അതില്‍ നിന്നെല്ലാം അപ്പുറത്താണ് തെരഞ്ഞെടുപ്പു ഫലത്തില്‍ അടങ്ങുന്ന ജനസന്ദേശം. മന്‍മോഹന്‍ സിങ്ങിന്‍റെ രണ്ടാമൂഴം ജനങ്ങള്‍ മടുത്തിരിക്കുന്നു; യുപിയിലും ഗോവയിലും പഞ്ചാബിലും ഉത്തരഖണ്ഡിലുമെല്ലാം.
വിലക്കയറ്റവും തീവ്രവാദവും രാജ്യസുരക്ഷയുമടക്കം ഒരു സര്‍ക്കാരിന്‍റെ നട്ടെല്ലു തകരേണ്ട പോര്‍മുഖങ്ങളില്‍ അമ്പേ തോറ്റുപോയ കേന്ദ്രഭരണം. അണ്ണാ ഹസാരെ മോഡല്‍ അല്‍പ്പായുസ് പ്രസ്ഥാനങ്ങളോടുപോലും മുഖാമുഖം നില്‍ക്കാന്‍ ത്രാണിയില്ലാത്ത വഴുവഴുപ്പന്‍ ഭരണനേതൃത്വം. പ്രാദേശിക നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത വിധം ഒറ്റപ്പെട്ടും അകന്നും പോയ രാഹുല്‍ ഗാന്ധി എന്ന യുവനേതാവിന്‍റെ ശൈലീപരമായ അബദ്ധങ്ങള്‍. കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്ന പദവിയില്‍ ആളുണ്ടോ എന്നു ന്യായമായും സംശയിപ്പിക്കും വിധം ശ്യൂനത. എല്ലാം ചേര്‍ന്ന പ്രതിസന്ധിയുടെ സൃഷ്ടിയത്രേ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തില്‍ കോണ്‍ഗ്രസിനെതിരേ വീശിയടിച്ച വിരുദ്ധവിരകാരം.
എന്നാല്‍ എല്ലാത്തിനും ഒടുവില്‍ ആത്മവിശ്വാസം നഷ്ടമാവാത്ത ഒരു നേതാവിനെയാണു ഫലം പുറത്തുവന്നശേഷം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോള്‍ രാഹുല്‍ഗാന്ധിയില്‍ കാണാനായത്. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയാകട്ടെ അമിതആത്മവിശ്വാസത്തിലുമാണ്. ജനാധിപത്യത്തില്‍ ഇത്തരം ചില തിരിച്ചടികള്‍ സ്വാഭാവികമാണെന്നും അതില്‍നിന്നു പാഠം പഠിക്കാന്‍ ശ്രമിക്കുമെന്നുമുള്ള രാഹുലിന്റെ വാക്കുകള്‍ കോണ്‍ഗ്രസിന്റെ വരുംകാല പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചാല്‍, നഷ്ടപ്പെട്ട ജനവിശ്വാസം അവര്‍ക്കു വീണ്ടെടുക്കാനായേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല