സ്വന്തം ലേഖകൻ: ഇലക്ടറല്‍ ബോണ്ട് കേസില്‍ സര്‍ക്കാരിനും എസ്ബിഐക്കും വീണ്ടും തിരിച്ചടി. ബോണ്ടുകളുടെ തിരിച്ചറിയല്‍ കോഡ് നല്കാന് എസ്ബിഐയോട് കോടതി ഉത്തരവിട്ടു. ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയെന്ന് കാട്ടി വ്യാഴാഴ്ചയ്ക്കുള്ളില്‍ സത്യവാംഗ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്കി.
എസ്ബിഐ കൈമാറുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്നതിനിടെ എസ്ബിഐക്കെതിരേ കോടതി വിമര്‍ശനം ഉന്നയിച്ചു. കോടതി ആവശ്യപ്പെട്ടാല്‍ മാത്രമേ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ കഴിയൂ എന്ന സമീപനം ശരിയല്ലെന്ന് കോടതി പറഞ്ഞു.
ഇലക്ടറല്‍ ബോണ്ടില്‍ തിരിച്ചറിയല്‍ നമ്പറുകള്‍ നല്‍കാമെന്ന് എസ്ബിഐ കോടതിയെ അറിയിച്ചു. ഒരു കാര്യവും മറച്ചുവയ്ക്കുന്നില്ലെന്നും എസ്ബിഐ കോടതില്‍ പറഞ്ഞു. വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സര്‍ക്കാരിനും ഏതെങ്കിലും തരത്തില്‍ പ്രയാസമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു.
അതേസമയം തിരിച്ചറിയല്‍ കോഡ് പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേസില്‍ കക്ഷി ചേരാന്‍ വ്യവസായ സംഘടനകളും കോടതിയില്‍ അപേക്ഷ നല്കി. എന്നാല്‍ കക്ഷി ചേരാനുള്ള അപേക്ഷ നിലവില്‍ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
ഇലക്ടറല്‍ ബോണ്ടുകള്‍ ആര് വാങ്ങി, ആര് സ്വീകരിച്ചു എന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദേശമായിരുന്നു നേരത്തേ കോടതി എസ്ബിഐയ്ക്ക് നിര്‍ദേശം നല്‍കിയത്. വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നും കമ്മീഷനോട് ഇത് പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ആരുടെയൊക്കെ ബോണ്ടുകളാണ് ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കിട്ടിയതെന്ന് സംബന്ധിച്ച വ്യക്തമായ വിവരം എസ്ബിഐ കൈമാറിയിരുന്നില്ല. ഇതിന് പിന്നാലെ ഓരോ ബോണ്ടുകളുടെയും തിരിച്ചറിയല്‍ നമ്പര്‍ നല്കാന് ഉത്തരവിടണം എന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല