1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ രാജ്യത്ത് 17,360 മെഗാവാട്ട് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലോഡാണ്. കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയ 17,120 മെഗാവാട്ടായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും ഉയര്‍ന്ന ലോഡ്.

അതേസമയം, ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചനയില്ലെങ്കിലും വൈദ്യുതി ഉപയോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ അതിന്റെ ഉപഭോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആലോചനയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ടോക്കിയോയില്‍ നടന്ന അറബ് ജാപ്പനീസ് ഇക്കണോമിക് ഫോറത്തിന്റെ അഞ്ചാം സെഷനില്‍ രാജ്യത്തിന്റെ വൈദ്യുതി പ്രതിസന്ധിയെ നേരിടാനുള്ള ദീര്‍ഘകാല പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അടുത്ത ദശകത്തില്‍ മൊത്തം ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജത്തിന്റെ ശതമാനം നിലവിലുള്ളതിന്റെ 30 ശതമാനമായി ഉയര്‍ത്താനാണ് പദ്ധതിയിടുന്നതെന്ന് കുവൈത്തിലെ വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രി ഡോ. മഹമൂദ് ബുഷെഹ്രി പറഞ്ഞു. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് പുനരുപയോഗിക്കാവുന്നതും ശുദ്ധവുമായ ഊര്‍ജ്ജം ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

ഇലക്ട്രിസിറ്റി ഗ്രിഡുകളുടെ സുരക്ഷ, മാനേജ്മെന്റ്, എനര്‍ജി സ്റ്റോറേജ് സ്റ്റേഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യകളും നവീകരിക്കാനും ശ്രമമുണ്ട്. സ്വദേശികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പുനരുപയോഗ ഊര്‍ജ സാങ്കേതികവിദ്യകള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിലും കുവൈത്തിന് താല്‍പ്പര്യമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ഉല്‍പ്പാദനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് കുവൈത്ത് ഇതിനകം ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്ററുകളും എഐ സാങ്കേതികവിദ്യയും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഉപഭോഗം കുറയ്ക്കുന്നതിന് വൈദ്യുതി വിലനിര്‍ണ്ണയ സമ്പ്രദായം പരിഷ്‌ക്കരിക്കുമെന്നും മന്ത്രി മഹമൂദ് ബുഷെഹ്രി കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതിലൂടെ ഉപഭോഗം കുറയ്ക്കാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നിരുന്നു. ചില ദിവസങ്ങളില്‍ അത് 53 ഡിഗ്രിയായി ഉയര്‍ന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ രാജ്യത്ത് ചൂട് കൂടുമെന്ന സൂചനകളാണ് അധികൃതര്‍ നല്‍കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.