സ്വന്തം ലേഖകന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാനുള്ള വിലക്ക് പ്രാബല്യത്തില്‍, വിമാനത്താവളങ്ങളില്‍ പരാതി പ്രളയം. എട്ടു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് നിരോധിച്ച അമേരിക്കയുടെയും ബ്രിട്ടന്റേയും ഉത്തരവ് പ്രബല്യത്തിലായതോടെ പരിശോധന ശക്തമാക്കി. എന്നാല്‍ കര്‍ശന പരിശോധന യാത്രക്കാരില്‍നിന്ന് പരാതി പ്രളയത്തിനും കാരണമായതാണ് റിപ്പോര്‍ട്ടുകള്‍.
ലാപ്‌ടോപ്, ഐപാഡ്, ടാബ്ലറ്റ്, കാമറ, ഇറഡാറുകള്‍, പ്രിന്ററുകള്‍, ഡീവീഡി പ്ലെയര്‍, ഇലക്ട്രോണിക് ഗെയിമുകള്‍ എന്നിവ യാത്രക്കാരന് കൈവശം വെക്കാന്‍ അനുവാദമില്ല. മൊബൈല്‍ ഫോണ്‍ മാത്രം കൈയ്യില്‍വച്ച് വിമാനത്തില്‍ കയറേണ്ട അവസ്ഥയിലായതാണ് യാത്രക്കാരെ അരിശം കൊള്ളിച്ചത്. ഇസ്തംബൂള്‍ വിമാനത്താവളത്തില്‍ നിയന്ത്രണം നടപ്പാക്കിയത് യാത്രക്കാരില്‍നിന്ന് വിമര്‍ശനം വിളിച്ചുവരുത്തി. ലോകത്തെതന്നെ ഏറ്റവും സുരക്ഷാ സന്നാഹങ്ങളുള്ള ഈ വിമാനത്താവളത്തില്‍ ഇത്തരമൊരു നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്ന് വാദിച്ച യാത്രക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉടക്കി.
ഈജിപ്തിലെ കൈറോ, ജോര്‍ഡനിലെ അമ്മാന്‍, കുവൈത്തിലെ കുവൈത്ത് സിറ്റി, മൊറോക്കോയിലെ കാസാബ്ലാങ്ക, ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, തുര്‍ക്കിയിലെ ഇസ്തംബൂള്‍, യു.എ.ഇയിലെ അബൂദബി, ദുബൈ എന്നീ വിമാനത്താവളങ്ങളില്‍നിന്ന് യു.എസിലേക്കു വരുന്ന വിമാനങ്ങളിലാണ് വിലക്ക് ബാധകം. പ്രതിദിനം 50 ഓളം വിമാന സര്‍വീസുകളേയും പതിനായിരക്കണക്കിന് യാത്രക്കാരേയും വിലക്ക് ബാധിക്കും. ബ്രിട്ടന്റെ വിലക്കല്‍ പട്ടികയില്‍ നിന്ന് ഖത്തറിനെയും യു.എ.ഇയെയും ഒഴിവാക്കിയിട്ടുണ്ട്.
തീവ്രവാദ ഭീഷണി കാരണമാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരോധിച്ചതെന്നാണ് യു.എസിന്റെയും ബ്രിട്ടന്റെയും വാദം. എന്നാല്‍, പശ്ചിമേഷ്യയിലെയും വടക്കനാഫ്രിക്കയിലെയും മുസ്ലിം രാജ്യങ്ങളോടുള്ള വിവേചനമാണ് നടപടിയിലൂടെ വെളിപ്പെടുന്നതെന്ന് തുര്‍ക്കി അടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നു. ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള വിമാനകമ്പനികളെ തകര്‍ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഗൂഡ പദ്ധതിയാണിതെന്നും ചിലര്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല