സ്വന്തം ലേഖകന്‍: റഡാറുകളുടെ കണ്ണുകെട്ടാന്‍ ചൈനീസ് തന്ത്രം; പുതുപുത്തന്‍ ഇലക്ട്രോണിക് ബോംബര്‍ വിമാനവുമായി ചൈന. തെക്കന്‍ ചൈനാക്കടലിലും കിഴക്കന്‍ ചൈനാക്കടലിലും സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ ഇലക്ട്രോണിക് യുദ്ധവിമാനമായ എച്ച്–6ജിയ്ക്ക് ചൈന രൂപം നല്‍കിയത്. പരമ്പരാഗത ബോംബര്‍ വിമാനം പുതുക്കി ഇലക്ട്രോണിക് ആവശ്യങ്ങള്‍ക്കായി മാറ്റിയെടുക്കുകയായിരുന്നു. ബോംബ് പ്രയോഗിക്കുന്നതിനൊപ്പം വിശാലമായ പ്രദേശത്ത് മറ്റു യുദ്ധതന്ത്രങ്ങള്‍ക്കും ഉപയോഗിക്കാനാകും എന്നതാണ് പ്രത്യേകത.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നാവികസേനയുടെ തെക്കന്‍ ചൈനാക്കടലിലെ ആയുധവിന്യാസത്തിലേക്ക് എച്ച്–6ജിയെയും ചേര്‍ത്തുകഴിഞ്ഞു. പത്തു വര്‍ഷമായിരിക്കും വിമാനത്തിന്റെ കാലാവധി. ഇതാദ്യമായിട്ടാണ് ‘ഇലക്ട്രോണിക്’ യുദ്ധത്തില്‍ ഒരു ബോംബര്‍വിമാനം പങ്കാളികയാകുന്നതെന്നും ചൈന വ്യക്തമാക്കുന്നു. വിമാനത്തിന്റെ ചിറകുകള്‍ക്കു താഴെയുള്ള ഇലക്ട്രോണിക് കൗണ്ടര്‍ മെഷേഴ്‌സ്(ഇസിഎം) പോഡുകളാണ് വിമാനങ്ങളിലെ പ്രധാന ഭാഗം. യുദ്ധസമയത്ത് ഇലക്ട്രോണിക് ജാമിങ്, സിഗ്‌നലുകള്‍ അടിച്ചമര്‍ത്തല്‍, റേഡിയേഷനുകളെ തകര്‍ക്കല്‍ തുടങ്ങിയവയാണ് വിമാനത്തിന്റെ ജോലി.
സിഗ്‌നലുകളുടെ ജാമിങ് വഴി വിവിധ നിരീക്ഷണ ഉപകരണങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. റഡാര്‍ ഉപകരണങ്ങളെ ഉള്‍പ്പെടെ കബളിപ്പിച്ച് ശത്രുരാജ്യത്തേക്കു കടന്ന് ആക്രമിക്കാന്‍ അതോടെ ഈ വിമാനങ്ങള്‍ക്കു സാധിക്കും. ഇസിഎം പോഡുകള്‍ ഉപയോഗിച്ച് പരമ്പരാഗത വിമാനങ്ങളെ ഇ–ഫൈറ്ററുകളാക്കി മാറ്റാനാണു ചൈനയുടെ ശ്രമം. ഇതിനു ചേര്‍ന്ന ആധുനിക ഇസിഎം പോഡുകള്‍ ചൈന വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. ജെ–15 പോലുള്ള ഫൈറ്റര്‍ ജെറ്റുകളിലേക്ക് ഈ സാങ്കേതിക കൊണ്ടുവരാനാണു ശ്രമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല