സ്വന്തം ലേഖകന്‍: ആനകളോടുള്ള ക്രൂരത, സുപ്രീം കോടതി വടിയെടുക്കുന്നു.
നാട്ടാവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുമ്പോള്‍ മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമവും ചട്ടങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നു കോടതി നിര്‍ദ്ദേശം നല്‍കി.
വന്യജീവികളെ നാട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും അവയോടു ക്രൂരത കാട്ടുന്നതും തടയാന്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല എന്നഥുകൊണ്ട് നിലവിലുള്ള നിയമം പാലിക്കാതിരിക്കേണ്ടതില്ല എന്ന് ജഡ്ജിമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പാന്ത് എന്നിവരുടെ ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
വന്യജീവി മോചന, പുനരധിവാസ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഉല്‍സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന ആനകളോടു ക്രൂരത കാട്ടരുതെന്ന് ആന ഉടമകള്‍ക്കും ഉല്‍സവ സമിതികള്‍ക്കും സുപ്രീം കോടതി മേയ് 13 ന് ഇടക്കാല നിര്‍ദേശം നല്‍കിയിരുന്നു.
ക്രൂരത കാട്ടിയെന്നു തെളിഞ്ഞാല്‍ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട അപേക്ഷ പരിഗണിച്ചപ്പോള്‍ അന്നു ബെഞ്ച് വ്യക്തമാക്കി. പാലക്കാട് ജില്ലയിലെ മൂന്നു ക്ഷേത്രങ്ങളില്‍ കോടതി ഉത്തരവിനു വിരുദ്ധമായ നടപടികളുണ്ടായെന്ന് ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡ് കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം 18 നു പരിഗണിക്കും. കേരളത്തില്‍ ഉല്‍സവങ്ങളുമായി ബന്ധപ്പെട്ട് ആനകളോടുള്ള ക്രൂരത കൂടിവരുന്ന പശ്ചാത്തലത്തിലാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല