സ്വന്തം ലേഖകൻ: ഫുട്‌ബോൾലോകത്തെ ഞെട്ടിച്ചുകൊണ്ട് മാസ് എൻട്രിക്കൊരുങ്ങുകയാണ് ലോകത്തെ അതിസമ്പന്നരിൽ ഒന്നാമനായ എലോൺ മസ്‌ക്. ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് ലിവർപൂളിനെ സ്വന്തമാക്കുകയാണ് ലക്ഷ്യം. ക്ലബ്ബിന്റെ നിലവിലെ ഉടമസ്ഥർ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും കളിക്കാൻ ഇറങ്ങുന്നത് മസ്‌കായതിനാൽ അവസാനമിനിറ്റുവരെ ടീമിനെ സ്വന്തമാക്കാനുള്ള നീക്കം നടക്കുമെന്നുറപ്പ്. മസ്‌ക് ലിവർപൂളിനെ സ്വന്തമാക്കിയാൽ പ്രീമിയർ ലീഗിലെ ഉടമസ്ഥരുടെ ആസ്തിയിൽ ടീം രണ്ടാമതെത്തും.
എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് ഒരു അഭിമുഖത്തിലാണ് ലിവർപൂൾ ക്ലബ്ബിനെ സ്വന്തമാക്കാനുള്ള മകന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ വൻകിടകമ്പനിയായ ഫെൻവെ സ്‌പോർട്‌സ് ഗ്രൂപ്പാണ് ലിവർപൂളിന്റെ മുഖ്യഓഹരിയുടമകൾ. 2010-ലാണ് ഗ്രൂപ്പ് ക്ലബ്ബിനെ സ്വന്തമാക്കിയത്. ഗ്രൂപ്പിനുകീഴിൽ ലിവർപൂൾ ക്ലബ്ബ് ഫുട്‌ബോളിൽ ഏറെ നേട്ടമുണ്ടാക്കി. മൂന്നു പതിറ്റാണ്ടിനുശേഷം പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ ക്ലബ് ചാമ്പ്യൻസ് ലീഗും നേടി. ഇത്തവണ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും കിരീടപ്രതീക്ഷയുണ്ട്. വിവിധ സ്‌പോർട്‌സ് ടീമുകളുടെ ഉടമകളാണ് ഫെൻവെ.
ധനകാര്യമാസികയായ ഫോബ്‌സിന്റെ 2024-ലെ കണക്കനുസരിച്ച് ലിവർപൂൾ ക്ലബ്ബിന്റെ മൂല്യം 44,645 കോടി രൂപയാണ്. മസ്‌കിന് ഈ തുകയ്ക്ക് ക്ലബ്ബിനെ സ്വന്തമാക്കാനാവില്ല. കാരണം വില കുതിച്ചുയരും. 2010-ൽ ഫെൻവെ ക്ലബ്ബിനെ വാങ്ങിയത് ഏതാണ്ട് 3000 കോടി രൂപയ്ക്കാണ്. പത്തുവർഷംകൊണ്ട് പതിനഞ്ചിരട്ടി വർധിച്ചു.
ഫോബ്‌സിന്റെ ഈ വർഷത്തെ കണക്കനുസരിച്ച് 36 ലക്ഷം കോടി രൂപയാണ് മസ്‌കിന്റെ ആസ്തി. ശതകോടീശ്വരന്മാരിലെ പട്ടികയിൽ ഒന്നാമൻ. ടെസ്‌ല മോട്ടോഴ്‌സിന്റെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകൻ. 2012-ൽ റോക്കറ്റ് വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ച കമ്പനിയാണ് സ്‌പേസ് എക്‌സ്. സാമൂഹികമാധ്യമമായ എക്‌സും (പഴയ ട്വിറ്റർ) മസ്‌കിന്റെ ഉടമസ്ഥതയിലാണ്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ ജനിച്ച മസ്‌കിന് കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പൗരത്വമുണ്ട്. താമസം അമേരിക്കയിൽ.
ലിവർപൂൾ
1892 ജൂൺ മൂന്നിന് സ്ഥാപിതമായ ക്ലബ്. ഫുട്‌ബോൾലോകത്ത് റെഡ്‌സ് എന്ന് വിളിപ്പേര്. ആൻഫീൽഡാണ് ഹോം ഗ്രൗണ്ട്. ഇംഗ്ലീഷ് ഒന്നാം ഡിവിഷനിൽ (പ്രീമിയർ ലീഗ് അടക്കം) 19 തവണ ചാമ്പ്യന്മാരായി. ലീഗ് കപ്പ് 10 തവണയും എഫ്.എ. കപ്പ് എട്ടുതവണയും കമ്യൂണിറ്റി ഷീൽഡ് 16 തവണയും നേടി. ചാമ്പ്യൻസ് ലീഗിൽ ആറുതവണ കിരീടംനേടി. നാലുതവണ യുവേഫ സൂപ്പർ കപ്പും ഒരുതവണ ക്ലബ് ലോകകപ്പും നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല