
സ്വന്തം ലേഖകൻ: വ്യാവസായിക രംഗത്തെ വലിയ എതിരാളികളാണ് സ്‌പേസ് എക്‌സ്, ട്വിറ്റര്‍ കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കും, മെറ്റ പ്ലാറ്റ്‌ഫോംസിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും. വിവിധ മേഖലകളില്‍ അഭിപ്രായ വ്യത്യാസങ്ങളുള്ളവര്‍. ഇടക്കിടെ ഓണ്‍ലൈന്‍ വഴി വാക് പോര് നടത്തുന്നവര്‍. എന്നാല്‍ ഇപ്പോഴിതാ ഇരുവരും തമ്മില്‍ പുതിയൊരു വാക്‌പോരാട്ടം നടക്കുകയാണ്. ഇത്തവണ പരസ്യമായ വെല്ലുവിളികളാണെന്ന് മാത്രം.
ഇലോണ്‍ മസ്‌ക് പങ്കുവെച്ച പുതിയ ട്വീറ്റാണ് തുടക്കം. സക്കര്‍ബര്‍ഗുമായി ഒരു കേജ് ഫൈറ്റിന് തയ്യാറാണെന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. ഈ വെല്ലുവിളി ഏറ്റെടുത്ത സക്കര്‍ബര്‍ഗ് ‘സ്ഥലം പറയൂ’ എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു. മസ്‌കിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഈ മറുപടി. പിന്നാലെ മസ്‌കിന്റെ മറുപടിയെത്തി. ‘വെഗാസ് ഒക്ടാഗണ്‍’. ലാസ് വെഗാസില്‍ നടക്കുന്ന അള്‍ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പിന്റെ വേദിയാണ് വെഗാസ് ഒക്ടഗണ്‍.
തന്റെ കയ്യില്‍ ഒരു പ്രത്യേക അടവുണ്ടെന്നും ദി വാല്‍റസ് എന്നാണ് താന്‍ അതിനെ വിളിക്കുന്നതെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. എതിരാളിയുടെ മുകളില്‍ ഒന്നും ചെയ്യാതെ അങ്ങ് കിടക്കും. ഇതിനും സക്കര്‍ബര്‍ഗ് മറുപടി നല്‍കി താന്‍ ബ്രസീലിയന്‍ ആയോധന കലയായ ജി ജിറ്റ്‌സു പരിശീലിക്കുന്ന വീഡിയോയാണ് സക്കര്‍ബര്‍ഗ് പങ്കുവെച്ചത്.
എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനികള്‍ ഔദ്യോഗികനമായ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. അതായത് ഇരുവരും തമ്മില്‍ കാര്യമായി പറയുകയാണോ എന്ന് വ്യക്തമല്ല. എന്നാല്‍ സക്കര്‍ബര്‍ഗും മസ്‌കും പറയുന്നത് കാര്യമായെങ്കില്‍ അത് എംഎംഎയുടെ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്നും. ലോകം കണ്ട ഏറ്റവും വലിയ പോരാട്ടം ആയിരിക്കും അതെന്നും ഇവരുടെ വാക് പോര് കേട്ട യുഎഫ്‌സി പ്രസിഡന്റ് ഡാന വൈറ്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല