സ്വന്തം ലേഖകൻ: ന്യൂറാലിങ്ക് കമ്പനി അടുത്തിടെ മനുഷ്യമസ്തിഷ്‌കത്തിൽ ചിപ് ഘടിപ്പിച്ച് നടത്തിയ പരീക്ഷണം വിജയകരമായതായി ഇലോൺ മസ്‌ക്. മസ്തിഷ്‌കത്തിൽ ചിപ് ഘടിപ്പിച്ച വ്യക്തിക്ക് മനസുകൊണ്ട് കമ്പ്യൂട്ടർ കഴ്‌സർ നിയന്ത്രിക്കാൻ സാധിച്ചെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കി. ‘ടെലിപ്പതി’ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 6 വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ടെലിപ്പതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കാൻ കമ്പനിക്ക് സാധിച്ചത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയിൽ റോബോട്ടിക് ശസ്ത്രക്രിയ വഴി തലയിൽ ചിപ് ഘടിപ്പിച്ചത്. പാർക്കിൻസൺ രോഗം പിടിപ്പെട്ട് ശരീരം തളർന്ന വ്യക്തിയിലായിരുന്നു പരീക്ഷണം നടത്തിയത്. നേർത്ത 64 ഇംപ്ലാന്റേഷനുകൾ ചേർത്ത ചിപ്പാണ് ഇയാളുടെ തലച്ചോറിൽ ഘടിപ്പിച്ചത്. തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ ചിപ് വഴി കമ്പ്യൂട്ടറിലേക്ക് എത്തുന്ന സംവിധാനമാണിത്.
ഇത്തരത്തിൽ ചലന ശേഷി നഷ്ടപ്പെട്ടവരുടെയും ശാരീരിക അവശതകൾ അനുഭവപ്പെടുന്നരുടേയും ആവശ്യങ്ങൾ വേഗത്തിൽ മനസിലാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് ന്യൂറാലിങ്ക് പറയുന്നത്. ആളുകളുടെ തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ കമ്പ്യൂട്ടർ സർക്യൂട്ടിലെത്തി പിന്നീടാണ് ഇത് ഡി കോഡ് ചെയ്യുന്നത്. ചിപ്പിനുള്ളിൽ സെൻസറുകളും വയർലെസ് രീതിയിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല