സ്വന്തം ലേഖകൻ: മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ തിരിച്ചെത്തി. ഇലോണ്‍ മസ്ക് നേരത്തെ പ്രഖ്യാപിച്ചത് പോലെ തന്നെ കാര്യങ്ങൾ സംഭവിച്ചിരിക്കുകയാണ്. ട്രംപിനെ തിരിച്ചെടുക്കണോ എന്ന കാര്യത്തിൽ ഒരു ഓണ്‍ലൈന്‍ പോള്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു മസ്ക്. ഇതിൽ നേരിയ വിജയം ട്രംപ് നേടിയിരിക്കുകയാണ്.
ഇതിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കുമെന്ന് മസ്ക് അറിയിച്ചിരുന്നു. ജനങ്ങൾ അവരുടെ അഭിപ്രായം പറഞ്ഞുകഴിഞ്ഞുവെന്നും മസ്ക് പറഞ്ഞിരുന്നു. വോക്സ് പോപ്പുലി, വോക്സ് ഡീ, എന്ന വാക്കുകളും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്. ജനങ്ങളുടെ ശബ്ദം, ദൈവത്തിന്റെ ശബ്ദമാണെന്നാണ് ഇതിന്റെ അര്‍ത്ഥം.
അതേസമയം മസ്കിന്റെ ട്വീറ്റിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. വളരെ ചെറിയ വ്യത്യാസമാണ് ട്രംപിനെ തിരിച്ചെത്തിക്കണമെന്ന പോളിന് ലഭിച്ചത്. 51.8 ശതമാനം പേര് ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഒരിക്കലും തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ടത് 48.2 ശതമാനം പേരാണ്.
സറ്റൈറിക്കല്‍ വെബ്സൈറ്റ് ബാബിലോണ്‍ ബീയുടെയും, മാധ്യമ പ്രവര്ത്തകന് ജോര്‍ദാന്‍ പീറ്റേഴ്സന്റെയും അക്കൗണ്ടുകൾ നേരത്തെ മസ്ക് പുനസ്ഥാപിച്ചിരുന്നു. നേരത്തെ ട്വിറ്റര്‍ പുതിയൊരു കണ്ടന്റ് മോഡറേഷന് കൗണ്‍സില്‍ രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നു.
ഇതിൽ വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങൾ പറയാനുള്ള അവകാശം കൂടി ഉള്‍പ്പെടുത്തുമെന്നും മസ്ക് പറഞ്ഞിരുന്നു. അതിന് മുമ്പ് കണ്ടന്റിന്റെ കാര്യത്തിലും പ്രധാന തീരുമാനങ്ങളോ, വിലക്കേര്‍പ്പെടുത്തിയ ഏതെങ്കിലും അക്കൗണ്ട് പുനസ്ഥാപിക്കുകയോ ചെയ്യില്ലെന്ന് മസ്ക് അറിയിച്ചിരുന്നു. അതേസമയം മസ്ക് വിവാദത്തിൽ മുങ്ങി നില്ക്കുന്ന സമയത്താണ് ഈ പോള്‍ നടത്തിയിരിക്കുന്നത്.
നിരവധി പേരാണ് ട്വിറ്ററില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പകുതിയോളം സ്റ്റാഫുകളെയാണ് പുറത്താക്കിയത്. അത് മാത്രമല്ല, ജോലി സമയം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തുടരാനില്ലെന്ന് നിരവധി ജീവനക്കാര്‍ പറഞ്ഞത്.
അതേസമയം താന്‍ ട്വിറ്ററിലേക്ക് തിരിച്ചെത്തിൽലെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് അക്കാര്യത്തിൽ ഒരു താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മടങ്ങിവരാനുള്ള ഒരു കാരണവും ഞാന്‍ കാണുന്നില്ല. ട്രൂത്ത് സോഷ്യല്‍ എന്ന പുതിയ പ്ലാറ്റ്ഫോമില്‍ തന്നെ താന്‍ തുടരുമെന്നും ട്രംപ് പറഞ്ഞു.
ട്രംപ് മീഡിയയും, ടെക്നോളജി ഗ്രൂപ്പ് സ്റ്റാര്‍ട്ടപ്പും ചേര്‍ന്നാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തതാണ്. ട്വിറ്ററിനേക്കാൾ മികച്ച യൂസര്‍ എന്‍ഗേജ്മെന്റ് ഈ ആപ്പിനുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഗംഭീരമായി അത് മുന്നോട്ട് പോകുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്താലാണ് ട്രംപിന് നേരത്തെ ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല