സ്വന്തം ലേഖകൻ: ട്വിറ്ററിന്റെ ഉടമയായി ചുമതലയേറ്റതിന് പിന്നാലെ കടുത്ത നടപടികളുമായി ടെസ്ല സിഇഒ ഇലോണ്‍ മസ്ക്. തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയ ജനപ്രിയ പ്ലാറ്റ്ഫോമില്‍ മസ്ക് തന്റെ അഭിലാഷങ്ങള്‍ എങ്ങനെ കൈവരിക്കുമെന്നതില്‍ സൂചനകളും നല്കി.
സ്പാം ബോട്ടുകള്‍ ഇല്ലാതാക്കുക, ഉപയോക്താക്കൾ ഉള്ളടക്കം എങ്ങനെ അവതരിപ്പിക്കണമെന്ന് നിർണ്ണയിക്കുന്ന അൽഗോരിതങ്ങൾ പൊതുവായി ലഭ്യമാക്കുക, വിദ്വേഷത്തിനും വിഭജനത്തിനും ട്വിറ്റര്‍ വേദിയാകുന്നത് തടയാനും താന്‍ ആഗ്രഹിക്കുന്നതായി മസ്ക് പറഞ്ഞു.
എന്നാല്‍ ഇതെല്ലാം എങ്ങനെ സാധ്യമാക്കുമെന്ന കാര്യത്തില്‍ മസ്ക് വ്യക്തത വരുത്തിയിട്ടില്ല. ട്വിറ്ററിലെ ഏകദേശം 7,500 ജീവനക്കാർ തങ്ങളുടെ ഭാവിയെക്കുറിച്ച് ആകുലരാക്കിക്കൊണ്ട്, ജോലി വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു. കൂടുതൽ പണം സമ്പാദിക്കാനല്ല താൻ ട്വിറ്റർ വാങ്ങിയതെന്നും മനുഷ്യരാശിയെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും മസ്ക് കൂട്ടിച്ചേര്‍ത്തു.
ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് പരാഗ് അഗർവാൾ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, നിയമകാര്യ, നയ മേധാവി വിജയ ഗാഡ്ഡെ എന്നിവരെയാണ് മസ്ക് പിരിച്ചുവിട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിൽ തന്നെയും ട്വിറ്റർ നിക്ഷേപകരെയും ഇവര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മസ്ക് ആരോപിച്ചിരുന്നു.
മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുന്ന സന്ദര്‍ഭത്തില്‍ അഗര്‍വാളും സെഗാളും സാന്‍ ഫ്രാന്‍സിസ്കോയിലെ ആസ്ഥാനത്തുണ്ടായിരുന്നതായാണ് വിവരം. പുറത്താക്കല്‍ നടപടിയില്‍ ട്വിറ്ററോ മസ്കോ ഉദ്യോഗസ്ഥരോ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
44 ബില്യണ്‍ ഡോളറിനാണ് മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തത്. എന്നാല്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുമോ എന്ന സംശയം നേരത്തെ നിലനിന്നിരുന്നു. ട്വിസ്റ്റുകളും ടേണുകളുമെല്ലാം നിറഞ്ഞ സംഭവികാസങ്ങള്‍ക്കാണ് ഇന്നലെ പരിസമാപ്തിയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല