സ്വന്തം ലേഖകൻ: പകരക്കാരനെ കണ്ടെത്തിയാല്‍ ട്വിറ്റർ സി ഇ ഓ സ്ഥാനത്ത് നിന്നും ഒഴിയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഇലോണ്‍ മസ്ക്. പകരക്കാരനെ കണ്ടെത്തിയാൽ താന്‍ പദവി ഒഴിയാന്‍ തയ്യാറാണെന്നാണ് ട്വിറ്ററിലൂടെയുള്ള മസ്കിന്റെ പ്രഖ്യാപനം. ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്ഥാനം രാജിവെക്കും! അതിനുശേഷം, ഞാൻ സോഫ്റ്റ് വെയർ, സെർവറുകളുടെ മാത്രം ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം താൻ ട്വിറ്റർ മേധാവിയായി തുടരണോ വേണ്ടയോ എന്ന വോട്ടെടുപ്പില്‍ 57.5 ശതമാനം പേരും പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മസ്കിന്റെ പ്രഖ്യാപനം.
അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ച് 20 മിനുറ്റ് പിന്നിട്ടപ്പോള്‍ തന്നെ ഫലം മസ്കിനെതിരായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇതിന് പിന്നാലെയാണ് സിഇഒയെ കണ്ടെത്തലല്ല, ട്വിറ്റർ സജീവമായി നിലനിർത്താൻ കഴിയുന്ന ഒരു സിഇഒയെ കണ്ടെത്തുക എന്നതാണ് ചോദ്യമെന്ന മസ്കിന്റെ വിശദീകരണം എത്തുന്നത്. എന്നാല്‍ ട്വിറ്റർ സജീവമായി നിലനിർത്താൻ കഴിയുന്ന ജോലി ആരും ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് പിൻഗാമിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിയണമെന്ന് ഭൂരിഭാഗം വോട്ടുകളും അഭിപ്രായപ്പെട്ട ട്വിറ്റർ വോട്ടെടുപ്പിന്റെ വിശ്വാസ്യതയെക്കുറിച്ച് തനിക്ക് സംശയമുണ്ടെന്നും എലോൺ മസ്‌ക് വ്യക്തമാക്കി. ഒക്ടോബർ 27 ന് പ്ലാറ്റ്‌ഫോമിന്റെ ഏക ഉടമയായി മാറിയ മസ്‌ക്, വോട്ടെടുപ്പ് ഫലങ്ങൾ പാലിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും നിരവധി ട്വീറ്റുകളിൽ, ബോട്ടുകൾ വോട്ട് തട്ടിപ്പ് നടത്തിയിരിക്കാമെന്ന സംശയമാണ് ഉന്നയിക്കുന്നത്.
എന്നാൽ പോളിംഗ് കമ്പനിയായ ഹാരിസ് എക്സ് ചൊവ്വാഴ്ച ട്വിറ്റർ ഉപയോക്താക്കളുടെ സ്വന്തം വോട്ടെടുപ്പ് ട്വീറ്റ് ചെയ്തു, അതിൽ പ്രതികരിച്ചവരിൽ 61 ശതമാനം പേരും മസ്കിനെ സിഇഒ ആയി നിലനിർത്താൻ വോട്ട് ചെയ്തിട്ടുണ്ട്. ട്വിറ്റർ വോട്ടെടുപ്പ് ബോട്ടുകൾ മറികടന്നുവെന്ന് സൂചിപ്പിക്കുന്ന മറ്റൊരു ട്വീറ്റ് മസ്‌ക് അംഗീകരിച്ചതിന് പിന്നാലെയാണിത്. ഭാവിയിലെ എല്ലാ വോട്ടെടുപ്പുകളും ട്വിറ്ററിന്റെ പണമടയ്ക്കുന്ന വരിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല