കേരള പോലീസ് 268 പേരുടെ ഈ മെയില്‍ ചോര്‍ത്താന്‍ ശ്രമിച്ചതും അതില്‍ 258 പേരും മുസ്ലിംകളായിരുന്നു എന്നതും മാധ്യമം വാരികയും ദിനപത്രവും പുറത്തുകൊണ്ടു വന്നിരിക്കുന്നു. ഇത്തരമൊരു പ്രശ്നം ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ സാമാന്യ മര്യാദയുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് അതിനെ കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ അറിയിക്കുകകയാണ്. അതിനുപകരം അന്വേഷണം നടത്തേണ്ടതില്ല എന്നു തീരുമാനിക്കുക മാത്രമല്ല റിപ്പോര്‍ട്ടു ചെയ്ത പത്രസ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനുമാണ് തുടക്കത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നാട്ടിലെ അറിയപ്പെടുന്ന ക്രിമിനല്‍ അച്ചുതണ്ടുകള്‍ പല ജീവിത മേഖലകളിലായി കിടക്കുന്നുണ്ട്. റിയല്‍എസ്റ്റേറ്റ്, കുഴല്‍പ്പണം, ബ്ളേഡ് മാഫിയ, ആശുപത്രി -വിദ്യാഭ്യാസ മാഫിയ, ലോട്ടറി, സിനിമ, പെണ്‍വാണിഭം തുടങ്ങി ഹൈടെക് ക്വട്ടേഷന്‍ മാഫിയവരെ. ഇവയില്‍പെട്ട ഒരുത്തന്‍െറ പേരുപോലും ഇപ്പറഞ്ഞ പട്ടികയിലില്ലെന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട വസ്തുത. ഏറ്റവും ഒടുവില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞതാകട്ടെ ആരും ആരുടെയും മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ല പകരം ലോഗിന്‍ വിവരങ്ങള്‍ ശേഖരിച്ചതെ ഉള്ളൂ എന്നാണു..അല്ല ഈ ലോഗിന്‍ വിവരങ്ങള്‍ തന്നെയല്ലേ മെയില്‍ നോക്കാനും ഉപയോഗിക്കുന്നത്?
ഏറ്റവും വിചിത്രമെന്ന് പറയട്ടെ ജീവിതത്തിന്‍െറ വിവിധ തുറകളി ല്‍പ്പെട്ട ഈ പൗരസാമാന്യത്തെ രഹസ്യമായി നോട്ടപ്പുള്ളികളാക്കിയിരിക്കുന്നതോ അവര്‍തന്നെ തെരഞ്ഞെടു ത്ത് ഭരണമേല്‍പ്പിച്ച സ്വന്തം ജനനായകര്‍- യു.ഡി.എഫ് സര്‍ക്കാര്‍. അതിലൊക്കെ മര്‍മപ്രധാനമായ തുറുങ്കന്‍ യാഥാര്‍ഥ്യം ഇനിയൊന്നാണ്. ഇപ്പറഞ്ഞ നോട്ടപ്പുള്ളിപ്പട്ടികയിലെ മുഴുവന്‍ പേരും കേരളത്തില്‍ സാധാരണ ജീവിതം നയിച്ചുപോരുന്ന മുസ്ലിംകളാണ്. പേരിനൊരു പെറ്റിക്കേസുപോലും സ്വന്തം തലയിലില്ലാത്ത മനുഷ്യരെങ്ങനെ നോട്ടപ്പുള്ളികളാകും എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല. കാരണം, ഏതു ഭരണകൂടവും എക്കാലവും ചെയ്തിട്ടുള്ളത് പൗരാവലിയെ ആധിപത്യസൗകര്യാര്‍ഥം വിഭജിച്ചുകാണലാണ്.
വിഭജനങ്ങള്‍ ചിലപ്പോള്‍ പ്രത്യക്ഷത്തിലുള്ളതാവും, പലപ്പോഴും ലീനമായിരിക്കും. ഇന്ത്യയില്‍ ഈ ലീനവിഭജനത്തിന് ഏറ്റവും സൗകര്യപ്രദമായ സമുദായമായാണ് മുസ്ലിംകളെ ഒന്നരനൂറ്റാണ്ടായി കണക്കാക്കിപ്പോന്നിട്ടുള്ളത്. ആ ചരിത്രമൊന്നും ഇവിടെ വിസ്തരിക്കുന്നില്ല. എങ്കിലും ചരിത്രത്തിന് കഴിഞ്ഞ 20 കൊല്ലത്തില്‍ സംഭവിച്ചൊരു സംഗതമായ പരിണതിയുണ്ട്. ഭരണവര്‍ഗക്കണ്ണിലെ ഈ വിഭജനം മറവിട്ട് പ്രത്യക്ഷമായി. ഭീകരപ്രവര്‍ത്തനമെന്ന ആഗോള രാഷ്ട്രീയത്തിന്‍െറ പശ്ചാത്തലത്തില്‍ ഈ മറനീക്കലിന് ശക്തിയുള്ള ഭരണകൂട യുക്തികിട്ടി. രാജ്യസുരക്ഷയുടെ പേരില്‍ ആ യുക്തിയെ പൊതുസമൂഹത്തില്‍ എളുപ്പത്തില്‍ സ്ഥാപിച്ചെടുക്കാനുമാവുന്നു.
ജി മെയില്‍ മുഖേന തപാല്‍ വിനിമയം നടത്തുന്ന 159 പേര്‍ പട്ടികയിലുണ്ട്. റീ-ഡിഫ് മെയിലില്‍നിന്ന് ഒരാള്‍ മാത്രം. യാഹുവിലുള്ള 63 പേര്‍, ഹോട്മെയിലിലുള്ള 22 പേര്‍ എന്നിങ്ങനെ ഏഷ്യാനെറ്റ് ഇന്ത്യ, എമിറേറ്റ്സ്.നെറ്റ് തുടങ്ങി ഇന്‍ഫോബാന്‍ .നെറ്റ് വരെ 23 ലക്കോട്ട് കമ്പനികളിലായി 268 പേര്‍. അതില്‍ പത്തോളം സ്ഥാപനങ്ങളാണ്. ബാക്കി 258 പേരും മുസ്ലിംകളായ വ്യക്തികള്‍. അതില്‍ പ്രഫ. എസ്.എ.ആര്‍. ഗീലാനി (പഴയ പാര്‍ലമെന്‍റാക്രമണ കേസില്‍നിന്ന് മുക്തനായ അതേയാള്‍) ഒഴികെ 257 പേരും കേരളത്തില്‍ ജീവിക്കുന്ന തനി മലയാളി മുസ്ലിംകള്‍. ഇനി ഈ ‘നോട്ടപ്പുള്ളി’കളുടെ പരിച്ഛേദത്തെ പരിചയപ്പെടുക: അവരുടെ നോട്ടപ്പുള്ളി യോഗ്യത എന്തെന്നറിയാന്‍.
പാര്‍ലമെന്‍റംഗംവും വ്യവസായിയായ പി.വി. അബ്ദുല്‍വഹാബ് എം.പിയുടെ കോര്‍പറേറ്റ് തപാലുകള്‍ ചോര്‍ത്താനാണ് നിര്‍ദേശംനല്കിയതത്രേ. ഇദ്ദേഹത്തിന്‍െറ ഒരു കമ്പനിയില്‍ (Bridgeway) ഭരണവിഭാഗം ഉദ്യോഗസ്ഥനായ ഹാരിസ് നീലാമ്പ്രയാണ് കൂട്ടുനോട്ടപ്പുള്ളി. ഒരു ഔദ്യോഗിക ജനപ്രതിനിധിയുടെ സ്വകാര്യതയില്‍ നിരീക്ഷണമാകാമെങ്കില്‍ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെ പിടിക്കാനാണോ പ്രയാസം? മുസ്ലീം ലീഗില്‍ നിന്നുള്ള ചിലരെ കൂടി നോട്ടപ്പുള്ളികള്‍ ആക്കിയിട്ടുണ്ട്. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നേതാവ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ മകന്‍ ജുനൈദ്, ലീഗ് എക്സിക്യൂട്ടിവ് സമിതിയംഗം റഷീദ് വയനാട്, കോട്ടയം ജില്ലാ നേതാവ് കെ.എല്‍. ഫൈസല്‍, തൃശൂരിലെ ലീഗ് പ്രമുഖന്‍ ഹനീഫ് കാരക്കാട്, മലപ്പുറം പുന്നക്കാട് മുന്‍ പഞ്ചായത്തംഗവും ലീഗ് പ്രാദേശിക നേതാവുമായ ഹംസ, നിലമ്പൂര്‍ പീവീസ് സ്കൂള്‍ അധ്യാപകന്‍ ഡോ. ഇസ്ഹാഖ് പുല്ലന്‍കോട്, കൊല്ലം ജില്ലാ നേതാവും ദക്ഷിണ കേരള ജംഇയ്യതുല്‍ മഹല്‍ സംയുക്ത സമിതി പ്രസിഡന്‍റുമായ അബ്ദുല്‍ അസീസ്, ലീഗ് മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹുമയൂണ്‍ കബീര്‍, മലപ്പുറം ജില്ലാ നേതാവ് അബ്ദുല്‍ ഗഫൂര്‍ വേങ്ങര ഇങ്ങനെ നീളുന്നു ലിസ്റ്റ്
ഇനി ലീഗിന് പുറത്തുള്ളവരുടെ കാര്യമെടുത്താല്‍, ഭരണകക്ഷിയില്‍പെട്ട പ്രമുഖര്‍ ഇനിയുമുണ്ട്. ഉദാഹരണം മുജാഹിദ്ദീന്‍ കണ്ണൂര്‍ ജില്ലാ മെംബര്‍ ഇസ്ഹാഖ് മദനി.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ അബ്ദുല്‍ഖാദര്‍ കൊടിഞ്ഞി, പി.കെ. അബ്ദുല്‍റഷീദ്, റഫീഖ് തങ്ങള്‍, അഷ്റഫ് തിരൂര്‍ എന്നിങ്ങനെ ഒരു സംഘം വേറെ. പി.ഡി.പി സ്റ്റേറ്റ് കമ്മിറ്റി അംഗം സലിം കടലായിയും എഴുത്തുകാരനായ സി. ദാവൂദും പിന്നാലെയുണ്ട്.
ഇതിലൊക്കെ ഭരണകൂടത്തിന് രാഷ്ട്രീയ താല്‍പര്യങ്ങള്‍ കണക്കിലെടുക്കാമെങ്കിലും ഇപ്പറഞ്ഞതരം രാഷ്ട്രീയപ്രവര്‍ത്തനംപോലുമില്ലാത്ത സാധാരണക്കാരുടെ കഥ കേള്‍ക്കുക. കായംകുളത്ത് ദീനി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന (ഹസനിയ) എ. എം. ഷുക്കൂര്‍, മഞ്ചേരിയില്‍ സര്‍ക്കാര്‍വക ബധിര- മൂക വിദ്യാലയത്തിലെ അധ്യാപകന്‍ കെ.വി.നൂര്‍, പ്രശസ്ത ജനകീയവാദികളായ മണക്കാട് എജ്യുക്കേഷനല്‍ ട്രസ്റ്റ്, തൃശൂരിലെ സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍, ഗുജറാത്തി സുന്നികളും സാദാ വ്യാപാരികളുമായ കൊച്ചിയിലെ കച്ച് മേമന്മാര്‍, എല്ലാതരം വിദ്യാര്‍ഥികള്‍ക്കും കരിയര്‍ ഗൈഡന്‍സ് കൊടുക്കുന്ന കേന്ദ്ര ഗവ.അംഗീകൃത എന്‍.ജി.ഒ ആയ സിജി, പണ്ഡിതനും ഇമാം കൗണ്‍സില്‍ നേതാവുമായ കണ്ണൂര്‍ ഉള്ളാട്ടില്‍ അബ്ദുല്‍മജീദ് എന്നുവേണ്ട, കേരളത്തിലെ ഉന്നത പ്രഫഷനലുകളുടെ സാംസ്കാരിക സംഘടനയായ മെക്കാന്യൂസ് വരെയുണ്ട്!
പ്രഫഷനലുകളെയും വെറുതെ വിട്ടിട്ടില്ല, ഗള്‍ഫില്‍ സോഫ്റ്റ്വെയര്‍ സ്ഥാപനം നടത്തുന്ന അബ്ദുല്‍ സലാം പട്ടികയില്‍പ്പെട്ടത് ഇദ്ദേഹം പ്രമുഖ എഴുത്തുകാരന്‍ എന്‍.എം. ഹുസൈന്‍െറ സഹോദരനായിപ്പോയ വകയിലാണ്. എന്‍ജിനീയര്‍മാരായ അഹദ്, അക്ബര്‍ എന്നിവരുടെ കാര്യത്തില്‍ അങ്ങനെപോലുമില്ല പ്രശസ്തരുമായി ബന്ധം. ഈരാറ്റുപേട്ടയില്‍ എന്‍ജിനീയറിങ് സ്ഥാപനം നടത്തുന്നു എന്നതാണ് ഫസലിനെ പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ- സാമൂഹിക പ്രസക്തമായ സംവാദങ്ങള്‍ക്ക് വേദിയൊരുക്കുന്ന മൈനോറിറ്റി വാച്ച് എന്ന സംഘടനയുടെ പേരിലാണ് തിരുവനന്തപുരം ബാറിലെ പ്രമുഖ അഭിഭാഷകന്‍ എസ്. ഷാനവാസ് നോട്ടപ്പുള്ളിയായിരിക്കുന്നത്. തൃശൂരില്‍ വീഡിയോ എഡിറ്റിങ് സ്ഥാപനം നടത്തുന്ന ഷമീറിന്‍െറ കുറ്റകൃത്യം ഇയാള്‍ ജമാഅത്തിനുവേണ്ടി ചില അനിമേഷന്‍ ചിത്രങ്ങള്‍ ചെയ്തുകൊടുത്തു എന്നതാണ്. കോഴിക്കോട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് സി.എ. മജീദ്, കണ്ണൂരിലെ അധ്യാപകന്‍ മെഹബൂബ് തൊട്ട് ജേണലിസം വിദ്യാര്‍ഥി സമീര്‍ വരെ ഈ പട്ടികയിലുണ്ട്.
വിവിധ പത്രസ്ഥാപനങ്ങളില്‍നിന്നായി ഒരു ഡസനില്‍പരം പത്രപ്രവര്‍ത്തകര്‍ കൂടിയുണ്ട്. ചന്ദ്രിക ദിനപത്രത്തിന്‍െറ തിരുവനന്തപുരം റിപ്പോര്‍ട്ടറും സജീവ ലീഗുകാരനുമായ അബു മേടയില്‍ പട്ടികയില്‍ ആദ്യമേ ഇടംപിടിക്കുന്നു. എ. സക്കീര്‍ ഹുസൈന്‍, എന്‍.പി. ജിഷാര്‍. അബ്ദുല്‍ ജബ്ബാര്‍, ഹാരിസ് കുറ്റിപ്പുറം, വി.എം. ഇബ്രാഹീം, ഇ. ബഷീര്‍ തുടങ്ങിയ മാധ്യമം ജേണലിസ്റ്റുകള്‍ തൊട്ട് പ്രബോധനം മാസികയുടെ പരസ്യവിഭാഗംവരെയുണ്ട് നോട്ടപ്പുള്ളി പട്ടികയില്‍. അഹമ്മദ് ശരീഫ്, നിഷാദ്, നിസ്സാര്‍പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ മാത്രമല്ല തേജസില്‍നിന്നുള്ളത്, തേജസ് ദിനപത്രത്തിന്‍െറ തിരുവനന്തപുരം എഡിഷന്‍െറ ഇ-മെയില്‍ മൊത്തത്തില്‍ തന്നെ ചോര്‍ത്തുന്നു.
ദോഷം പറയരുതല്ലോ, മുസ്ലിം മാനേജ്മെന്‍റിലുള്ള പത്രങ്ങള്‍ നോക്കിയല്ല നറുക്കെടുപ്പ്. ലേഖകന്‍െറ പേരും സമുദായവും നോക്കി മാത്രമാണ്. അങ്ങനെ മാതൃഭൂമിയില്‍ മൊയ്തു ചാലിക്കലിന് കൃത്യമായി നറുക്കുവീഴുന്നു. സി.ടി. ഹാഷിമിന്‍െറ കഥയും വ്യത്യസ്തമല്ല. യൂത്ത് സെന്‍ററിലെ കെ.ടി. ഹനീഫിനുമുണ്ട് സമാന ഭാഗ്യം. മാതൃഭൂമിയുടെ ജിദ്ദ ലേഖകന്‍ അക്ബര്‍ പൊന്നാനിയും സൗദി ഗെസറ്റ് പത്രത്തിലുള്ള മലപ്പുറം സ്വദേശി ജലാലും പട്ടികയില്‍ സ്ഥാനംപിടിക്കുന്നു. എന്തിനധികം, അല്‍ജസീറയുടെ ഖത്തറിലെ ജേണലിസ്റ്റ് ഫസീര്‍ അത്തിമണ്ണിലിനെ വരെ ഒഴിവാക്കുന്നില്ല. കാരണം, ഇയാളും ഒരു കേരള മുസല്‍മാന്‍തന്നെ.
ഇന്ത്യ, ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യരാജ്യം! തീര്‍ച്ചയായും ഇപ്പറഞ്ഞതിലുള്ള വിശ്വാസത ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു ജാനാധിപത്യ രാജ്യം അവിടത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം ഉണ്ട്. അതില്‍ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ രഹസ്യമാക്കി വെക്കുവാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടും എന്നാല്‍ ഭരണകൂടം ഇവയെല്ലാം ചോര്‍ത്തുക എന്ന് പറഞ്ഞാലോ? എല്ലാത്തിനും ഒടിവില്‍ ചില സിനിമാ ഡയലോഗുകള്‍ പറയാതെ വേറെ വഴിയില്ല, എല്ലാ മുസ്ലീമുകളും തീവ്രവാദികള്‍ ആണോ? അതോ മുസ്ലീമുകള്‍ മാത്രമാണോ തീവ്രവാദികള്‍?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല