സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഇന്ദിരാ സര്‍ക്കാരിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ഇന്ന് നാല്‍പ്പത് വയസ്സ്. രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിലെ കറുത്ത അധ്യായമായി കരുതപ്പെടുന്ന അടിയന്തിരാവസ്ഥ 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയാണ് പ്രഖ്യാപിച്ചത്. പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥ പ്രഖ്യാപനം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുപ്രസിദ്ധയാക്കുകയും ചെയ്തു.
പ്രഖ്യാപനത്തില്‍ ഒപ്പിട്ട രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് പോലും പിന്നീട്ട് ചരിത്രത്തില്‍ വിചാരണ ചെയ്യപ്പെട്ടു. രാജ്യസുരക്ഷയെന്ന പേരില്‍ ഇന്ദിരയുടെ രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചും മാധ്യമങ്ങള്‍ക്കെതിരെ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും രാജ്യം ഏകാധിപത്യത്തിന്‍ കീഴിലായെന്ന ധാരണ പരത്തിയ നാളുകളായിരുന്നു അത്.
രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. എന്നാല്‍ ഇന്ത്യക്കകത്തും പുറത്തും ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് 21 മാസം നീണ്ട ആഭ്യന്തര അടിയന്തരാവസ്ഥ 1977 മാര്‍ച്ച് 21നു പിന്‍വലിച്ചു.
അതിനിടെ അടിയന്തിരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജയപ്രകാശ് നാരായണന് സ്മാരകം പണിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ബിഹാറില്‍നിന്ന് രാജ്യത്തെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളിലൊരാളായി വളര്‍ന്ന ജയപ്രകാശ് നാരായണ്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രധാന രാഷ്ട്രീയ എതിരാളിയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരയെ പ്രേരിപ്പിച്ച ജനമുന്നേറ്റത്തിനു തുടക്കമിട്ടത് അദ്ദേഹമാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയെ പ്രതിരോധിച്ച ജെപിക്കു ചരിത്രത്തിലുള്ള അനിഷേധ്യസ്ഥാനം അംഗീകരിക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നു മന്ത്രിസഭാ തീരുമാനം അറിയിച്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ജെപിയുടെ ജന്മദേശമായ ചപ്രയിലെ ലാലാ കാ തോലയിലാണു സ്മാരകം പണിയുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല