തിരുവനന്തപുരം:സ്വപ്‌നം കണ്ടത് രണ്ടുലക്ഷം കോടി രൂപയുടെ വിസകനം. കിട്ടിയത് ഇരുപതിനായിരം കോടിരൂപയുടെ വാഗ്ദാനങ്ങള്‍. എങ്കിലും മോശമായെന്ന് പ്രചരിപ്പിക്കേണ്ടതില്ല. ഈ നിര്‍ദേശങ്ങളെങ്കിലും ഫലപ്രദമായി നടപ്പാക്കാനായാല്‍ കേരളത്തിന്റെ വികസനചരിത്രത്തിലെ നാഴികക്കല്ലാകും എമേര്‍ജിംഗ് കേരളയുടെ ലക്ഷ്യം. നാല്പതിനായിരം കോടിയുടെ നിക്ഷേപം ഉറപ്പായെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടുവെങ്കിലും ഇരുപതിനായിരം കോടി രൂപയുടെ പദ്ധതി നിര്‍ദേശം മാത്രമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനിടയില്‍ ഫോക്‌സ്‌വാഗണ്‍ മോഡലിലുള്ള അലമ്പുകള്‍ കൂടിയുണ്ടെങ്കില്‍ ഏറെ പ്രചാരണം നല്കിയ നടപ്പാക്കിയ എമേര്‍ജിംഗ് കേരളയുടെ ശോഭ കെടുമെന്ന് ഉറപ്പ്. എമേര്‍ജിംഗ് കേരളയിലൂടെ ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലെത്തിയിരിക്കുന്ന പദ്ധതികളില്‍ ഭൂരിഭാഗവും വിദേശമലയാളികളുടെ സംരംഭമാണെന്ന പ്രത്യേകതകൂടിയുണ്ട്.
സ്വകാര്യ ടൗണ്‍ഷിപ്പുകളും ഷോപ്പിംഗ് മാളുകളും ആശുപത്രി-ഹോട്ടല്‍ സമുച്ചയങ്ങളും അതില്‍ ഉള്‍പ്പെടും. ഇല്ലാത്ത പദ്ധതികളെക്കുറിച്ച് അവകാശവാദവും ഉണ്ട്. ഫോക്‌സ് വാഗണ്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അത്തരമൊരു പദ്ധതിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. വലിയ തരത്തിലുള്ള സൗജന്യങ്ങള്‍ കമ്പനി ആവശ്യപ്പെട്ടുവെന്നും അത് നിഷേധിച്ചതോടെ നിറംമാറുകയായിരുന്നുവെന്ന ആരോപണവും ഇതിനിടെ ഉയരുന്നു. നിക്ഷേപകസംഗമത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികള്‍ക്ക് ലഭ്യമാക്കാന്‍ പോകുന്ന സൗജന്യങ്ങളെക്കുറിച്ചും അവ്യക്തത തുടരുകയാണ്.
നേരത്തെ പ്രഖ്യാപിക്കപ്പെട്ട പദ്ധതി പുതുരൂപത്തില്‍ വരുന്നതും ഇതിലെ മറിമായങ്ങളിലൊന്നാണ്. ഭാരത്‌പെട്രോളിയം കോര്‍പറേഷന്‍ നടപ്പാക്കുന്ന 20000 കോടി ചെലവിട്ടുള്ള കൊച്ചിന്‍ റിഫൈനറിയുടെ വികസനം ഉദാഹരണം. എമര്‍ജിംഗ് കേരളയിലെ പദ്ധതിയല്ല. ആറുമാസം മുന്‍പ് കേന്ദ്രഅനുമതി ലഭിച്ച പദ്ധതിയുടെ പ്രാരംഭനിര്‍മ്മാണം രണ്ടുമാസം മുന്‍പ് തുടങ്ങിയതുമാണ്. ലക്ഷക്കണക്കിന് കോടിയുടെ മെഗാ പദ്ധതികളില്‍ കൊച്ചി ആസ്ഥാനമായ ചില പദ്ധതികളോട് മാത്രമാണ് സംരംഭകര്‍ അല്പമെങ്കിലും താല്പര്യം കാട്ടിയത്.കൊച്ചിയുടെ വിലയേറിയ ഭൂമി കൈവശംവച്ചുള്ള പദ്ധതികളും ഇതിലുണ്ട്. പല നിക്ഷേപകരും പിന്‍വലിയാന്‍ കാരണം കൊച്ചിയില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സൗജന്യമായി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതായതുകൊണ്ടാണെന്നും വ്യക്തമാണ്.
മുതല്‍മുടക്കുന്നവര്‍ക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് ഭൂമിയും ഇത് പണയപ്പെടുത്തി കോടികളുടെ വായ്പയും നികുതിയിളവുകളുമെല്ലാം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ കണ്ണുവച്ചായിരുന്നു ഈ വാഗ്ദാനങ്ങള്‍. എന്നാല്‍ വ്യക്തതയില്ലാത്ത മെഗാപദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കാതിരിക്കുകയും ഇവയില്‍ പങ്കാളിത്തം വേണ്ടെന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ തീരുമാനിക്കുകയും ചെയ്തതോടെ ഭൂമി കിട്ടാക്കനിയായി.
കൊച്ചിന്റിഫൈനറിയോട് ചേര്‍ന്ന് നാലായിരം കോടിയുടെ പെട്രോകെമിക്കല്‍ പദ്ധതിയില്‍ മുതല്‍മുടക്കണമെങ്കില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി വേണമെന്ന് ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളില മൂന്നു സംരംഭകര്‍ ആവശ്യപ്പെട്ടു. കെമിക്കല്‍, പ്‌ളാസ്റ്റിക്ക് കമ്പനികളാണ് ഭൂമിയില്ലാതെ നിക്ഷേപത്തിനില്ലെന്ന് വ്യക്തമാക്കിയത്. 52825 കോടിയുടെ കൊച്ചി പാലക്കാട് വ്യവസായ മേഖലയിലും (നിംസ്) ഭൂമിയിലായിരുന്നു നിക്ഷേപകരുടെ കണ്ണ്. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് നിംസ് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. 13,000 ഏക്കറോളം ഭൂമിയാണ് പദ്ധതിക്ക് വേണ്ടതെന്നും ആയിരം ഏക്കറെങ്കിലും കൈയ്യിലില്ലാതെ സംരംഭകരെ സമീപിക്കാനാവില്ലെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
എങ്കിലും ഇരുപതുകോടിയോളം രൂപ പൊടിപൊടിച്ചാണെങ്കിലും നിരവധി നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. മേളയുടെ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അഞ്ചുകോടി അനുവദിച്ചിരുന്നു. 15 കോടി കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി ധനകാര്യ വകുപ്പിന് കത്ത് നല്‍കിയിരുന്നു.
36 രാജ്യങ്ങളില്‍ നിന്ന് എത്തിയ 1500 ഓളം പ്രതിനിധികള്‍ക്ക് താമസിക്കാന്‍ നഗരത്തിലും പുറത്തും 23 ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കിയതിനും വാഹനം, ഭക്ഷണം എന്നിവക്കും വന്‍തുക ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്. പുറമെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലും താമസ സൗകര്യം ഒരുക്കിയിരുന്നു. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍, വി.ഐ.പികള്‍ എന്നിവര്‍ക്കാണിത്. മന്ത്രിമാരില്‍ ചിലരും വി.ഐ.പികളും കുടുംബസമേതമാണ് എത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ചെലവഴിച്ച തുകയുടെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ഐലന്‍ഡിലെ താജ് മലബാറിലായിരുന്നു പ്രധാനമന്ത്രിയുടെ താമസം. ഇതിന് പുറമെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായും വന്‍തുക ചെലവഴിക്കേണ്ടിവന്നു. ഗെസ്റ്റ് ഹൗസുകള്‍ മോടി പിടിപ്പിക്കാനും ലക്ഷങ്ങള്‍ ചെലവായി.
മേള നടന്ന മൂന്നുദിവസവും അതിന് ദിവസങ്ങള്‍ മുമ്പും ഭക്ഷണത്തിനും മറ്റുമായി നല്ലൊരു തുക ചെലവഴിക്കേണ്ടി വന്നു. 24 മണിക്കൂറും ലെ മെറിഡിയനില്‍ പ്രവര്‍ത്തിച്ച ആഗോള കിച്ചണില്‍ നിന്ന് 20,000 ത്തോളം പേര്‍ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. സെപ്റ്റംബര്‍ ഒമ്പതുമുതല്‍ കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരുനേരം 2500-3000 പേര്‍ വരെ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. പണം വാരിയെറിഞ്ഞ് പണം നേടുക എന്ന വ്യാപാരതന്ത്രം പകുതി വിജയിച്ചുവെന്ന് പറയാം. ഇനി വേണ്ടത് പണം നിക്ഷേപിക്കുക എന്ന ശ്രമകരമായ ദൗത്യത്തിലേക്ക് നിക്ഷേപകരെ എത്തിക്കുക എന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല