1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2012

കേരളത്തിലേക്ക് പ്രവാസികള്‍ എത്തിക്കുന്ന വിദേശനിക്ഷേപം അരലക്ഷംകോടി കവിഞ്ഞുവെന്നാണ് ഏറ്റവുംപുതിയ കണക്കുകള്‍. കൊട്ടിഘോഷിച്ച എമേര്‍ജിംഗ് കേരളയിലൂടെ ഇരുപതിനായിരംകോടി രൂപ സംസ്ഥാനം പ്രതീക്ഷിക്കുന്നു എന്ന പറയുമ്പോഴാണ് അരലക്ഷംകോടി കേരളത്തിലെത്തിച്ച വിദേശമലയാളികളുടെ മിടക്ക്. 55663 കോടി രൂയാണു കേരളത്തിലെ ബാങ്കുകളില്‍ പ്രവാസിമലയാളികള്‍ നിക്ഷേപിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 17107 കോടി കൂടുതലാണിത്.. 44.3% വര്‍ധന. രൂപയുടെ വിലയിടിഞ്ഞതും വിദേശ കറന്‍സികളുടെ മൂല്യം കൂടിയതും വര്‍ധനയ്ക്കു കാരണമാണ്. വിദേശ ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന പണം മലയാളികള്‍ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു.

അതേസമയം കേരളത്തിലെ ബാങ്കുകളുടെ വായ്പാ-നിക്ഷേപ അനുപാതം കുറയുന്നുവെന്ന തിരിച്ചടിയും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ വായ്പകളിലെ കിട്ടാക്കടം വര്‍ധിക്കുന്നതും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലെ കുറവുമാണ് ബാങ്കിംഗ് രംഗത്തെ മറ്റു പുതിയ പ്രവണതകള്‍. കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനം വരെയുള്ള ആദ്യപാദത്തില്‍ 74.84% ആയിരുന്നു വായ്പാ-നിക്ഷേപ അനുപാതമെങ്കില്‍ ഇക്കൊല്ലം ഇതേ കാലയളവില്‍ 72.56% മാത്രം. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദത്തിന്റെ ഫലങ്ങളിലാണു കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിദ്യാഭ്യാസ വായ്പകളിലാകട്ടെ ഇതുവരെയുള്ള കിട്ടാക്കടം 173% വര്‍ധിച്ച് 603 കോടി രൂപയിലെത്തി. കിട്ടാക്കടമായ അക്കൗണ്ടുകളുടെ എണ്ണവും 172% വര്‍ധിച്ചു 34836ല്‍ എത്തിയിട്ടുണ്ട്. സംസ്ഥാനത്തു 3,68,307 പേര്‍ക്കു വിദ്യാഭ്യാസ വായ്പ നല്‍കിയിട്ടുണ്ട്. ആകെ 7269 കോടി വായ്പ നല്‍കിയതിലാണ് 603 കോടി കിട്ടാക്കടം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ നേരിയ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ 221.5 കോടിയുടെ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് നടന്നിടത്ത് ഇക്കൊല്ലം 211.4 കോടി മാത്രം. 10 കോടിയുടെ കുറവ്. എന്നാല്‍ ഭവന വായ്പയില്‍ 14% വര്‍ധന രേഖപ്പെടുത്തി. 20095 കോടിയാണ് ഇതുവരെയുള്ള ഭവന വായ്പ. മുന്‍ വര്‍ഷത്തെക്കാള്‍ 2469 കോടി കൂടുതല്‍. വ്യവസായ വായ്പകളില്‍ 37% വര്‍ധനയുണ്ട്. 27829 കോടിയാണു വായ്പ. മുന്‍ വര്‍ഷത്തെക്കാള്‍ 7644 കോടി കൂടുതല്‍. ഇപ്പോള്‍ ബാങ്കുകളുടെ ആകെ ബിസിനസ് മൂന്നര ലക്ഷം കോടി കവിഞ്ഞു. 209490 കോടി നിക്ഷേപവും 151999 കോടി വായ്പകളും.

ബ്രാഞ്ചുകളുടെ എണ്ണം 5000 കവിഞ്ഞു. കൃഷി ഉള്‍പ്പെടുന്ന മുന്‍ഗണനാ മേഖലയില്‍ 87751 കോടി. നടപ്പുവര്‍ഷം ആദ്യപാദത്തില്‍ 15471 കോടിയാണു മുന്‍ഗണനാ മേഖലയില്‍ നല്‍കിയത്. കൃഷിക്കു മാത്രം 8256 കോടി. 611 കോടി വ്യവസായ മേഖലയ്ക്കും 6604 കോടി സേവന മേഖലയ്ക്കും നല്‍കി. ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി വി.എസ്. സെന്തില്‍, റിസര്‍വ് ബാങ്ക് റീജനല്‍ ഡയറക്ടര്‍ സലിം ഗംഗാധരന്‍, എസ്എല്‍ബിസി കണ്‍വീനര്‍ ജി. ശ്രീറാം, കാനറ ബാങ്ക് ഡിജിഎം: സി.ജി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.