സ്വന്തം ലേഖകന്‍: യുഎഇ എമിഗ്രേഷന്‍ നടപടികള്‍ വെറും 20 സെക്കന്റില്‍ പൂര്‍ത്തിയാക്കാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചു. യുഎഇ പൗരന്മാര്‍ക്കും രാജ്യത്ത് റസിഡന്റ് വിസയുള്ള വിദേശ പൗരന്മാര്‍ക്കുമാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുക എന്ന് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു.
യുഎഇ വിമാനത്താവളങ്ങളില്‍ എളുപ്പത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനം വഴിയാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുക. സ്മാര്‍ട്ട് ഗേറ്റില്‍ സൗജന്യ രജിസ്‌ട്രേഷനുള്ള സൗകര്യം ദുബായ് എമിഗ്രേഷന്‍ ഓഫീസ് ഒരുക്കിയിട്ടുണ്ട്.
ഒറിജിനല്‍ പാസ്‌പോര്‍ട്ട് സഹിതം ദുബായ് വിമാനത്താവളത്തിലെ ഗേറ്റ് നമ്പര്‍ ഏഴിനടുത്തുള്ള പവലിയനില്‍ എത്തുന്ന ആര്‍ക്കും സൗജന്യ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണെന്ന് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു. ഏത് എമിറേറ്റിലെ വിസയുള്ളവര്‍ക്കും സ്മാര്‍ട്ട് ഗേറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.
അതിനു ശേഷം രാജ്യത്തിന് പുറത്തു പോകുമ്പോഴും തിരിച്ചു പ്രവേശിക്കുമ്പോഴും വിമാനത്താവളങ്ങളില്‍ ക്യൂ നില്‍ക്കാതെ സ്മാര്‍ട്ട് ഗേറ്റ് വഴി കടന്നു പോകാം. തിങ്കളാഴ്ച മുതല്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കുന്ന ദുബായ് ഗവണ്‍മെന്റ് അച്ചീവ്‌മെന്റ് എക്‌സിബിഷനിലാണ് പൊതുജനങ്ങള്‍ക്ക് രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഏപ്രില്‍ 1 വരെ നടക്കുന്ന എക്‌സിബിഷനില്‍ പരമാവധി ആളുകള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് എമിഗ്രേഷന്‍ വിഭാഗം അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല