സ്വന്തം ലേഖകൻ: ഖത്തർ ഭരണഘടനയിൽ ഭേദഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പൊതു റഫറണ്ടത്തില്‍ പങ്കെടുക്കാന്‍ 18 വയസും അതില്‍ കൂടുതലും പ്രായമുള്ള എല്ലാ പൗരന്മാരെയും ക്ഷണിച്ചുകൊണ്ട് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. 2024. നവംബർ അഞ്ച് ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ആരംഭിച്ച് വൈകുന്നേരം ഏഴ് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ഹിതപരിശോധന നടക്കുക. റഫറണ്ടം അവസാനിച്ച് 24 മണിക്കൂറിനുള്ളില്‍ ഫലം പ്രഖ്യാപിക്കണമെന്നും അമീറിന്‍റെ ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
റഫറണ്ടം സംഘടിപ്പിക്കാനും നിയന്ത്രിക്കാനും അതിന്‍റെ ഫലങ്ങള്‍ പ്രഖ്യാപിക്കാനും ആഭ്യന്തര മന്ത്രാലയത്തില്‍ ഒരു പൊതു റഫറണ്ടം കമ്മിറ്റി രൂപീകരിക്കും. ആഭ്യന്തര മന്ത്രി ചെയർമാനും നീതിന്യായ മന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി, ആഭ്യന്തര സഹമന്ത്രി എന്നിവർ അംഗങ്ങളുമായാണ് ‘പൊതു റഫറണ്ടം കമ്മിറ്റി’ രൂപീകരിക്കുക. ഷൂറ കൗണ്‍സിലിന്‍റെ സ്പീക്കര്‍ തെരഞ്ഞെടുക്കുന്ന ഒരു കൗൺസിൽ അംഗം, ആഭ്യന്തര മന്ത്രാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറി, സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ പ്രസിഡന്‍റ് തെരഞ്ഞെടുത്ത ജഡ്ജി, ആഭ്യന്തര മന്ത്രാലയത്തിലെ തെരഞ്ഞെടുപ്പ് വകുപ്പ് ഡയറക്ടര്‍ എന്നിവരും അംഗങ്ങളായിരിക്കും.
ഖത്തറിന്‍റെ ശൂറ കൗണ്‍സിലിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ നിലവിലെ തെരഞ്ഞെടുപ്പ് രീതി തുടരണമോ, അതോ അമീര്‍ നാമനിര്‍ദ്ദേശം ചെയ്താല്‍ മതിയോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്തുമെന്ന് ഖത്തർ അമീർ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇതുൾപ്പെടെ മന്ത്രിമാരുടെ കൗണ്‍സില്‍ തയ്യാറാക്കിയ നിര്‍ദ്ദിഷ്ട ഭേദഗതികള്‍, സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കിടയിലും നീതിയുടെയും സമത്വത്തിന്‍റെയും മൂല്യങ്ങള്‍ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതാണെന്നും അമീർ അഭിപ്രായപ്പെടുകയുണ്ടായി.
ആവശ്യമായ ഭരണഘടനാ ഭേദഗതിയെ കുറച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2021-ല്‍ ശൂറാ കൗൺസിൽ മന്ത്രിസഭാ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭരണഘടന ഭേദഗതികൾ വരുത്തുന്നത്. പ്രധാന ഭേദഗതികളില്‍ ഒന്ന്, ശൂറ കൗണ്‍സിലിലെ അംഗങ്ങളെ നിയമിക്കുന്ന പഴയ സമ്പ്രദായത്തിലേക്കുള്ള തിരിച്ചുവരവാണ്. നിലവില്‍ കൗണ്‍സിലിലെ മൂന്നില്‍ രണ്ട് അംഗങ്ങളെയും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും ബാക്കിയുള്ളവരെ അമീര്‍ നാമനിര്‍ദ്ദേശം ചെയ്യുകയുമാണ് നിലവിലെ രീതി. എന്നാല്‍ ഇത് മാറ്റി നേരത്തേയുണ്ടായിരുന്ന മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യുന്ന രീതിയിലേക്ക് തിരിച്ചുപോവുന്നതിനെ കുറിച്ചാണ് ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തുക.
1972-ല്‍ ഷൂറ കൗണ്‍സില്‍ സ്ഥാപിതമായതിന് ശേഷം ഖത്തര്‍ ആദ്യമായി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ നീക്കം. കൗണ്‍സിലിലെ 45 അംഗങ്ങളില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും പൗരന്മാര്‍ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുകയായിരുന്നു. രാജ്യത്തിന്‍റെ പൊതു നയങ്ങളും ബജറ്റും അംഗീകരിക്കുന്നതുള്‍പ്പെടെ, ശൂറ കൗണ്‍സിലിന് കാര്യമായ നിയമനിർമാണ അധികാരമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല