1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2023

സ്വന്തം ലേഖകൻ: ദുബായിലെ മുന്‍നിര വിമാന സര്‍വീസ് കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂ അംഗസംഖ്യ 20,000 കടന്നു. ഈ വര്‍ഷം കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്നും ഇതിനായി ലോകമെമ്പാടും റിക്രൂട്ട്‌മെന്റ് ഇവന്റുകള്‍ നടത്തുന്നത് തുടരുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.

ആറ് ഭൂഖണ്ഡങ്ങളിലായി 340 നഗരങ്ങളില്‍ ഒന്നിലധികം റിക്രൂട്ട്‌മെന്റ് ഇവന്റുകള്‍ നടത്തിയാണ് ഇത്രയധികം ജീവനക്കാരെ തെരഞ്ഞെടുത്തത്. നിലവില്‍ 140 ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ജോലിചെയ്യുന്നുണ്ട്.

നിലവിലുള്ള ക്രൂവില്‍ 4,000 പേര്‍ അഞ്ചു മുതല്‍ ഒമ്പതു വര്‍ഷമായി കമ്പനിയില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. 3,000 പേര്‍ 10-14 വര്‍ഷമായി ജോലി ചെയ്യുന്നു. 1,500 പേര്‍ 15-19 വര്‍ഷം ജോലി ചെയ്തവരാണ്. കൂടാതെ 400 പേര്‍ 20 വര്‍ഷത്തെ സേവന നാഴികക്കല്ല് പിന്നിട്ടു.

മൂന്ന് ക്രൂ അംഗങ്ങള്‍ 30 വര്‍ഷത്തിലേറെയായി കമ്പനിയുടെ കൂടെയുണ്ട്. 1987ല്‍ ചേര്‍ന്ന യുഎഇയിലെ പുരുഷ ജീവനക്കാരനാണ് സര്‍വീസില്‍ ഏറ്റവും സീനിയര്‍. ഇദ്ദേഹം 3,500ലധികം വിമാനങ്ങളില്‍ എമിറേറ്റ്‌സിന്റെ ക്യാബിന്‍ ക്രൂ ആയി പറന്നു. വനിതാ ജീവനക്കാരില്‍ 1994ല്‍ എയര്‍ലൈനില്‍ ചേര്‍ന്ന ക്യാബിന്‍ ക്രൂ ആണ് ഏറ്റവും സീനിയര്‍.
ക്യാബിന്‍ ക്രൂവില്‍ നിന്ന് പ്രൊമോഷന്‍ ലഭിച്ച് പേഴ്‌സര്‍ തസ്തികയിലെത്തിയ
1,100ലധികം പേര്‍ എയര്‍ലൈനിലുണ്ട്.

എല്ലാ പുതിയ ക്യാബിന്‍ ക്രൂവും എട്ട് ആഴ്ചത്തെ തീവ്രമായ പരിശീലനത്തിന് വിധേയരാകുന്നുണ്ട്. 12ാം ക്ലാസ് വിജയമാണ് എമിറേറ്റ്‌സ് ക്യാബിന്‍ ക്രൂവില്‍ ചേരുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷില്‍ എഴുതാനും അനായാസം സംസാരിക്കാനും കഴിയണം. കുറഞ്ഞത് 160 സെ.മീ ഉയരം വേണം. എമിറേറ്റ്‌സ് ക്യാബിന്‍ ക്രൂ യൂണിഫോം ധരിച്ചാല്‍ മറയാത്ത ടാറ്റൂകളൊന്നും ശരീരത്തില്‍ ഉണ്ടാവരുത്.

എമിറേറ്റ്‌സ് വിമാന കമ്പനിയില്‍ നൂറ് കണക്കിന് ഒഴിവുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, കസ്റ്റമര്‍ സര്‍വീസ് സ്റ്റാഫ്, എഞ്ചിനീയര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിനുള്ള ഒരു വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഗ്രൂപ്പിന്റെ രണ്ട് സ്ഥാപനങ്ങളായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിനും എയര്‍പോര്‍ട്ട് സര്‍വീസ് പ്രൊവൈഡറായ ഡിനാറ്റയ്ക്കും വേണ്ടിയാണ് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്. എമിറേറ്റ്‌സ് കമ്പനിയുടെ ശൃംഖല വികസിപ്പിക്കുന്നതിനനുസരിച്ച് പിന്നീട് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം എയര്‍ബസ് എ-350, ബോയിംഗ് 777എക്‌സ് എന്നീ ഗണത്തില്‍പെട്ട പുതിയ വിമാനങ്ങള്‍ എമിറേറ്റ്‌സ് വാങ്ങുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.