1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2023

സ്വന്തം ലേഖകൻ: യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ഭൂമിയില്‍ തിരിച്ചെത്തി. തിങ്കളാഴ്ച യുഎഇ സമയം രാവിലെ 8.17 ന് ഫ്‌ളോറിഡ ജാക്സണ്‍വില്ലെ തീരത്ത് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് സുരക്ഷിതമായി മടങ്ങിയെത്തിയത്. 186 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് അല്‍ നെയാദി ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മടക്കം.

ഭൂമിയിലേക്ക് മടങ്ങുന്ന കാഴ്ച ഏവര്‍ക്കും തത്സമയം കാണാനുള്ള സൗകര്യം ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ (എം.ബി.ആര്‍.എസ്.സി) ഒരുക്കിയിരുന്നു. അല്‍ നെയാദിക്കൊപ്പം നാസ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ആന്ദ്രേ എന്നിവരുമുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തില്‍ വന്‍ മുന്നേറ്റം കൈവരിച്ചതിന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുഴുവന്‍ ടീമിനെയും അഭിനന്ദിച്ചു.

‘‘രാജ്യത്തിന്റെ സ്വപ്നങ്ങൾ നിങ്ങൾ സഫലീകരിച്ചു. അൽ നെയാദിയുടെ നേട്ടങ്ങൾ ലക്ഷക്കണക്കിന് യുവത്വങ്ങൾക്ക് പ്രചോദനമാണ്. 200-ലേറെ ശാസ്ത്ര ഗവേഷണ ദൗത്യങ്ങൾ നടത്തി. 4400 മണിക്കൂറിലേറെ ബഹിരാകാശത്ത് ചെലവഴിച്ചു. ഈ വിജയം രാജ്യം ആഘോഷിക്കുകയാണ്’’- യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിൽ കുറിച്ചു. അൽ നെയാദിയുടെ സുരക്ഷിതമായ മടങ്ങിവരവിൽ യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആഹ്ലാദം പ്രകടിപ്പിച്ചു.

‘‘യുഎഇ സ്ഥാപകപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ അഭിലാഷം നിറവേറ്റി. മരുഭൂമിയിൽനിന്ന് നമ്മൾ ബഹിരാകാശത്തെത്തി, അസാധ്യമായതൊന്നുമില്ലെന്ന് തെളിയിച്ചു. കൂടുതൽ ദൗത്യത്തിനായുള്ള തയ്യാറെടുപ്പിലാണ് രാജ്യം’’- ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

അൽ നെയാദിയുടെ നേട്ടങ്ങൾ യുഎഇയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് വ്യക്തമാക്കി.

രാജ്യത്തിന്റെ നവീന ബഹിരാകാശ വ്യവസായം പുതിയതലത്തിലെത്തിയെന്ന് ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റും ദുബായ് എയർപോർട്ട് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ നെയാദിക്ക് അയച്ച സന്ദേശത്തിൽ കുറിച്ചു.

‘‘മഹത്തായ നേട്ടത്തിൽ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിനും യുഎഇക്കും അഭിനന്ദനങ്ങൾ. സായിദിന്റെ അഭിലാഷം അദ്ദേഹത്തിന്റെ മക്കൾ യാഥാർഥ്യമാക്കി’’- പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷ് എക്സിൽ എഴുതി. ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി അധ്യക്ഷ ശൈഖ ഫാത്തിമ ബിൻത് മുഹമ്മദും ആശംസകൾ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.