സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി യുവതീ യുവാക്കളുടെ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലേക്ക് എത്തി. 2024ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 350 ശതമാനം വര്‍ധനവമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം അറിയിച്ചത്.
അദ്ദേഹത്തിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2025ലെ ആദ്യ കാബിനറ്റ് യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍ വിലയിരുത്തുന്ന കൂട്ടത്തിലാണ് സ്വദേശിവല്‍ക്കരണ രംഗത്തെ ഈ നേട്ടം അദ്ദേഹം എടുത്തുപറഞ്ഞത്. യുഎഇയുടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്‍മാരുടെ എണ്ണം 2024-ല്‍ 131,000 ആയി ഉയര്‍ന്നതായി അദ്ദേഹം അറിയിച്ചു.
സ്വദേശിവല്‍ക്കരണം പാലിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ കാണിക്കുന്ന താല്‍പര്യവും നിയം ലംഘിക്കുന്നവര്‍ക്കെതിരേ ഭരണകൂടം സ്വീകരിക്കുന്ന പിഴ ഉള്‍പ്പെടെയുള്ള കര്‍ക്കശമായ ശിക്ഷാ വ്യവസ്ഥകളും ഫലം കണ്ടുതുടങ്ങി എന്നതിന് തെളിവാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനായി ആവിഷ്‌ക്കരിച്ച പിന്തുണാ പദ്ധതിയായ നഫീസ് പ്രോഗ്രാമും അത് നല്‍കുന്ന നേട്ടങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചതായും ശെയ്ഖ് മുഹമ്മദ് അദ്ദേഹം വിലയിരുത്തി.
2024 ല്‍ യുഎഇ കൈവരിച്ച ശ്രദ്ധേയമായ നിരവധി വിജയങ്ങളില്‍ ഒന്ന് മാത്രമാണ് എമിറേറ്റൈസേഷന്‍. രാജ്യത്തിൻ്റെ ശ്രദ്ധേയമായ വളര്‍ച്ച കാണിക്കുന്ന മറ്റ് പ്രധാന സംഭവങ്ങളുടെ ഒരു പരമ്പര വൈസ് പ്രസിഡൻ്റ് എടുത്തുപറഞ്ഞു. വിദേശ വ്യാപാരം ആദ്യമായി 2.8 ട്രില്യണ്‍ ദിര്‍ഹം കടന്നു. വ്യാവസായിക കയറ്റുമതിയുടെ മൂല്യം 190 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തിയപ്പോള്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 130 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 200,000 പുതിയ കമ്പനികളാണ് യുഎഇയില്‍ കഴിഞ്ഞ വര്‍ഷം പുതുതായി എത്തിയത്.സ്വദേശി യുവതീ യുവാക്കള്‍ കഴിഞ്ഞ വര്‍ഷം 25,000 ചെറുകിട ഇടത്തരം കമ്പനികള്‍ ആരംഭിച്ചതായും ശെയ്ഖ് മുഹമ്മദ് പറഞ്ഞു.
യൂണിയൻ്റെ തുടക്കം മുതല്‍ പുറപ്പെടുവിച്ച നിയമനിര്‍മ്മാണങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള മൂന്ന് വര്‍ഷത്തെ പദ്ധതി യുഎഇ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയതായും വൈസ് പ്രസിഡൻ്റ് പറഞ്ഞു. ഏകദേശം 2,500 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഇവയെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. രാജ്യത്തിൻ്റെ സാമ്പത്തിക, സാമൂഹിക, നിയന്ത്രണ നിയമ നിര്‍മ്മാണത്തിൻ്റെ 80 ശതമാനവും ഈ ഉദ്യോഗസ്ഥ സംഘം പരിഷ്‌ക്കരിച്ചതായും ശെയ്ഖ് മുഹമ്മദ് പറഞ്ഞു.
രാജ്യത്തുടനീളമുള്ള ടൂറിസ്റ്റ് സൗകര്യങ്ങള്‍ 2024-ല്‍ 30 ദശലക്ഷത്തിലധികം അതിഥികളെ സ്വാഗതം ചെയ്തതായും അദ്ദേഹം വിലയിരുത്തി. അതേ കാലയളവില്‍ 150 ദശലക്ഷം യാത്രക്കാര്‍ വിമാനത്താവളങ്ങളിലൂടെ കടന്നുപോയി. ലക്ഷ്യം നേടുന്നതിനും മറികടക്കുന്നതിനും അപ്പുറം, അടുത്ത 20 വര്‍ഷത്തേക്കുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ട് യുഎഇ സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.
വികസന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനും മികച്ച കഴിവുകള്‍, നിക്ഷേപങ്ങള്‍ എന്നിവ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി 750-ലധികം ദേശീയ പ്രോജക്ടുകളും സംരംഭങ്ങളും ആരംഭിച്ചു നടപ്പിലാക്കി. അടുത്ത രണ്ട് ദശകങ്ങളില്‍ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ പിന്തുണയ്ക്കുന്ന മികച്ച നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കാബിനറ്റും മന്ത്രിതല വികസന സമിതിയും 1,300 തീരുമാനങ്ങള്‍ പുറപ്പെടുവിച്ചതായും ശെയ്ഖ് മുഹമ്മദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല