സ്വന്തം ലേഖകൻ: സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ സേവനങ്ങൾക്കായി ഇനി വിഡിയോ കോൾ ചെയ്യാം. കസ്റ്റമർ ഹാപ്പിനസ് പ്രതിനിധിയുമായി നേരിട്ട് വിഡിയോ കോളിലൂടെ സംസാരിക്കാം. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ വരെ സേവനം ലഭിക്കും. തിങ്കൾ രാവിലെ ഏഴര മുതലും ചൊവ്വ മുതൽ വെള്ളി വരെ രാവിലെ 7 മുതലും വിഡിയോ കോൾ ചെയ്യാം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയും മറ്റു ദിവസങ്ങളിൽ വൈകിട്ട് 3 വരെയും വിഡിയോ കോൾ സേവനം ലഭിക്കും. മന്ത്രാലയത്തിന്റെ സ്മാർട് ആപ്ലിക്കേഷൻ വഴിയാണ് വിഡിയോ കോൾ ചെയ്യാനാവുക. മന്ത്രാലയത്തിന്റെ 600590000 വാട്സാപ് നമ്പർ വഴിയുള്ള ആശയവിനിമയം തുടർന്നു ലഭിക്കും. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മാത്രമല്ല വീട്ടുജോലിക്കാർക്കും തൊഴിലുടമകൾക്കുമെല്ലാം പുതിയ സംവിധാനം പ്രയോജനപ്പെടുത്താം.
ജനങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും സേവനം ലഭ്യമാക്കുന്നതിനുള്ള പുതിയ ചുവടുവയ്പ്പാണ് ഇതെന്ന് സംവിധാനമെന്നു മന്ത്രാലയം അറിയിച്ചു. ഊഹാപോഹങ്ങൾക്ക് പിന്നാലെ പോകാതെ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നു നേരിട്ട് വിവരങ്ങൾ ലഭിക്കുന്നതിലൂടെ തൊഴിൽ മേഖലയിലെ ആശയക്കുഴപ്പം ഒഴിവാക്കാനാകും. മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളുടെയും വിവരം ഇവിടെ ലഭിക്കും. ബഹുഭാഷയിലാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. 6 മാസത്തിനിടെ മന്ത്രാലയത്തിലെത്തിയ വിവരാന്വേഷണം 3 കോടി കടന്നതായി അധികൃതർ അറിയിച്ചു.
‘തവാസുൽ’ സംവിധാനത്തിലൂടെയാണ് ജനങ്ങൾ ആശയ വിനിമയം നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 61% അധികം ഉപഭോക്തൃ സമ്പർക്കമാണ് ഈ വർഷം ആദ്യ 6 മാസങ്ങളിലുണ്ടായത്. മൊത്തം 14 സ്മാർട് ഡിജിറ്റൽ ചാനലുകൾ ‘തവാസുൽ ‘ സംവിധാനത്തിനുണ്ട്. വാട്സാപ് നമ്പർ, വെബ്‌സൈറ്റ്, സ്മാർട് ആപ്ലിക്കേഷൻ, നേരിട്ടുള്ള ആശയ വിനിമയം, ask@mohre.gov.ae എന്നിവ ഉൾപ്പെടെയുള്ള ആശയ വിനിമയങ്ങളുടെ എണ്ണമാണിത്. ഇതിനു പുറമെ മറ്റു സമൂഹമാധ്യമങ്ങൾ വഴിയും മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല