1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2024

സ്വന്തം ലേഖകൻ: വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ഇമോജികളും സ്റ്റിക്കറുകളും ഇടുന്നവര്‍ ശ്രദ്ധിക്കുക. രാജ്യത്തെ ഇതുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചാല്‍ 1000 ഒമാന്‍ റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ പിഴ ഈടാക്കാന്‍ വകുപ്പുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. വാട്ട്‌സ്ആപ്പിലും മറ്റും നമുക്ക് ഇഷ്ടമുള്ളത് എന്തും അയക്കാമെന്ന ധാരണ ശരിയല്ലെന്നും ഇക്കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും അവര്‍ പറയുന്നു.

ഒമാന്‍ പൗരന്‍മാരുടെയും ഒമാനി ഇതര വ്യക്തികളുടെയും ഫോട്ടോകളോ കാരിക്കേച്ചറുകളോ ഉപയോഗിച്ച് പരിഹാസ്യമായ ആംഗ്യങ്ങളോ ചേഷ്ടകളോ പദപ്രയോഗങ്ങളോ ഉള്ള ഇമോജികളും സ്റ്റിക്കറുകളും ഉപയോഗിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. പിഴയ്ക്ക് പുറമെ ചിലപ്പോള്‍ തടവു ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

നിയമവിരുദ്ധമായ രീതികള്‍ ഇമോജികളും സ്റ്റിക്കറുകളും ഉപയോഗിക്കുന്നത് നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് തന്നെ താല്‍ക്കാലികമായോ ശാശ്വതമായോ റദ്ദ് ചെയ്യപ്പെടുന്നതിലേക്ക് നയിക്കാനും സാധ്യതയുണ്ട്. നിലവില്‍ ആര്‍ക്കു വേണമെങ്കിലും വാട്സ്ആപ്പിൽ നിന്ന് ആവശ്യമുള്ള സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സ്വന്തമായി സ്റ്റിക്കറുകള്‍ സൃഷ്ടിക്കാനും ആപ്പ് വഴി പങ്കിടാനും കഴിയും.

സ്റ്റിക്കറില്‍ എന്തുതന്നെയായാലും, വാട്ട്സ്ആപ്പില്‍ എന്ത് പോസ്റ്റ് ചെയ്യുന്നതിനും കാര്യമായ നിയന്ത്രണങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍, ഈയിടെയായി, ഒമാനി, ഒമാനി ഇതര വ്യക്തികളുടെ ‘പോസ്റ്ററുകള്‍’ ആക്ഷേപഹാസ്യമായ പദപ്രയോഗങ്ങളോടെ സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇതിനെതിരായ നിരീക്ഷണം പോലിസ് ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി,

ഒമാന്‍ നിയമം അനുസരിച്ച് ആളുകളുടെ ചിത്രങ്ങളില്‍ നിന്നുള്ള സ്റ്റിക്കറുകള്‍ ആ വ്യക്തിയുടെ സമ്മതമില്ലാതെ തമാശയുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് പോസ്റ്റ് ചെയ്യുന്നത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്മേലുള്ള കടന്നുകയറ്റവും ലംഘനവുമായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷവും മൂന്ന് വര്‍ഷത്തില്‍ കൂടാത്തതുമായ തടവ് ശിക്ഷയും 1,000 റിയാലില്‍ കുറയാത്തതും 5,000 റിയാലില്‍ കൂടാത്തതുമായ പിഴയും, അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളിലൊന്ന് ലഭിക്കും.

ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്റെ പവിത്രത ലംഘിക്കുന്നതാണ് ആളുകളുടെ ചിത്രങ്ങളും പോസ്റ്ററുകളും അവരുടെ സമ്മതമില്ലാതെ പ്രസിദ്ധീകരിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസഥാനത്തിലാണിത്. ഫോട്ടോയും കാരിക്കേച്ചറും മറ്റും ഉപയോഗിച്ചിട്ടുള്ള സ്റ്റിക്കറുകളില്‍ അധാര്‍മികമായി ഒന്നുമില്ലെങ്കിലും അത് ഒരാളുടെ അഭിമാനത്തെ വ്രണപ്പെടുത്തിയേക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ അവ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം.

അത് ആദ്യമായി ഡിസൈന്‍ ചെയ്ത് പോസ്റ്റ് ചെയ്യുന്ന വ്യക്തി മാത്രമല്ല, നിയമ നടപടിക്ക് വിധേയരാവുകയെന്നും മറിച്ച് അവ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കും വ്യവസ്ഥകള്‍ ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.