1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ വേതന സുരക്ഷ ഉറപ്പുവരുത്തുന്ന പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി നിലവില്‍ വന്നു. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും സൗദി അറേബ്യന്‍ ഇന്‍ഷുറന്‍സ് അതോറിറ്റിയും ചേര്‍ന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ ഏതെങ്കിലും കാരണത്താല്‍ തൊഴിലാളിക്ക് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് വേതന സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവാസി തൊഴിലാളി വേതന ഇന്‍ഷുറന്‍സ് സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഇന്നലെ 2024 ഒക്ടോബര്‍ 6 മുതല്‍ പദ്ധതി നിലവില്‍ വന്നതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത് തൊഴിലുടമകള്‍ അവരുടെ പേയ്മെന്റ് ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പ്രവാസി തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളികളുടെ സംരക്ഷണവും അവകാശങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ്, തൊഴിലുടമകള്‍ അവരുടെ വേതന ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഒരു ഇന്‍ഷുറന്‍സ് സേവനം അവതരിപ്പിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി പറഞ്ഞു.

കമ്പനി നഷ്ടത്തിലാവുകയോ തൊഴിലുട വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയോ ചെയ്യുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍ തൊഴിലാളികള്‍ക്കുള്ള ഒരു സുരക്ഷാ വല എന്ന നിലയിലാണ് തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷിതത്വം സംരക്ഷിക്കുന്നതിനുള്ള ഈ സുപ്രധാന ചുവടുവയ്‌പ്പെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഷുറന്‍സ് പോളിസി കവര്‍ ചെയ്യുന്നതും നിര്‍വചിച്ചിരിക്കുന്നതുമായ നിബന്ധനകള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അനുസൃതമായാണ് പദ്ധതി നടപ്പിലാക്കുക. നഷ്ടപരിഹാര ക്ലെയിമുകള്‍ കൈകാര്യം ചെയ്യാന്‍ ഉത്തരവാദിത്തമുള്ള നിയുക്ത ഇന്‍ഷുറന്‍സ് കമ്പനി മുഖേന ക്ലെയിമുകള്‍ സമര്‍പ്പിച്ചാല്‍ തൊഴിലുടമ വേതനം നല്‍കുന്നതില്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഇന്‍ഷൂറന്‍സ് സേവനത്തില്‍ നിന്ന് പ്രയോജനം നേടാന്‍ തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ജോലി മതിയാക്കി പ്രവാസി തൊഴിലാളി സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്കുള്ള യാത്രാ ടിക്കറ്റും പദ്ധതിയില്‍ ഉള്‍പ്പെടും. പദ്ധതിയുടെ സുഗമമായ നടത്തിപ്പ് മന്ത്രാലയം ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

വേതന ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് തൊഴിലുടമകളെ അവരുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതിലാണ് മന്ത്രാലയത്തിന്റെ മുന്‍ഗണന. തൊഴിലുടമയ്ക്ക് ശമ്പളം നല്‍കാന്‍ ഒരു വഴിയുമില്ലാത്ത സാഹചര്യത്തില്‍ മാത്രമേ ഇന്‍ഷൂറന്‍സ് സേവനം അനുവദിക്കൂ. തങ്ങളുടെ വേതന ബാധ്യതകള്‍ നിറവേറ്റുന്നതില്‍ മനപൂര്‍വം വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്ക് കര്‍ശനമായ പിഴകള്‍ നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.