സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. ഒരു കാരണവുമില്ലാതെ വൈകി എത്തുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് തൊഴിലാളികൾക്കെതിരെ പിഴ ചുമത്താമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഒരോ നിയമലംഘനത്തിനും പ്രത്യേക പിഴ ഘടനയെ കുറിച്ചും മന്ത്രാലയം പുറപ്പെടുവിപ്പിച്ച മാർഗനിർദേശത്തിൽ പറയുന്നുണ്ട്. തൊഴിൽ സ്ഥാപനങ്ങളിൽ ഈ നിയമങ്ങളും പിഴയും അറബിയിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. 25ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ് ഈ നിയമം ബാധകമാകുക.
15 മിനിറ്റ് വരെ വൈകിയാൽ: ആദ്യത്തെ തവണയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകണം. പിന്നീട് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ദിവസവേതനത്തിന്റെ 5,10,15 ശതമാനം വരെ പിടിക്കാം. 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ: വൈകിയെത്തിയത് മൂലം തൊഴിലിൽ ചെറിയ തടസ്സമാണ് അനുഭവപ്പെടുന്നതെങ്കിൽ 10,15,25 ശതമാനം വരെ വേതനം പിടിക്കാവുന്നതാണ്. തൊഴിലിൽ വലിയ തടസ്സമാണ് അനുഭവപ്പെടുന്നതെങ്കിൽ 15,25,50 ശതമാനമായി ഉയർത്തും.
30 മിനിറ്റിൽ കൂടുതൽ വൈകിയാൽ: തൊഴിൽ സ്ഥാപനത്തിൽ ഒരു മണിക്കൂർ വൈകിയാണ് എത്തുന്നതെങ്കിൽ ദിവസ വേതനത്തിന്റെ 75 ശതമാനം ഈടാക്കാവുന്നതാണ്. ജോലിയിലെ തടസ്സം ഇക്കാര്യത്തിൽ പരിഗണിക്കുന്നതല്ല.
അനുമതിയില്ലാതെ അവധിയെടുത്താൽ: ആ ദിവസത്തെ വേതനം നഷ്ടപ്പെടുകയും ഒപ്പം ദിവസ വേതനത്തിന്റെ 25 മുതൽ 50 ശതമാനം വരെ പിടിക്കുകയും ചെയ്യും.
ജോലി നിർത്തി നേരത്തെ പോകൽ: നിശ്ചയിക്കപ്പെട്ട സമയത്തിന് മുൻപ് അനുമതിയില്ലാതെ പോവുകയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ വേതനത്തിന്റെ 50 ശതമാനം പിടിക്കാം. ജോലിക്കിടയിലെ ഉറക്കം, നിരോധിത മേഖലയിലെ ഭക്ഷണം കഴിക്കൽ: നിരോധിത മേഖലയിലിരുന്നു ഭക്ഷണം കഴിക്കുക, തൊഴിൽ സമയത്ത് ഉറങ്ങൽ തുടങ്ങിയ പ്രവർത്തികൾ ഏതെങ്കിലും തൊഴിലാളിയിൽ നിന്നുണ്ടായാൽ രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ഒന്നിലേറെ ദിവസങ്ങളിലേക്ക് സസ്പെൻഷൻ വരെയുണ്ടാകും.
അനുമതിയില്ലാതെ സന്ദർശകരെ സ്വീകരിക്കൽ: കമ്പനിയിലെ ജീവനക്കാരെയല്ലാതെ അനുമതി കൂടാതെ സ്വീകരിച്ചലാൽവ്യത്യസ്ത പിഴ ഈടാക്കും. തൊഴിലിടത്തെ സുരക്ഷ പ്രകാരമാണ് പിഴ ഈടാക്കുന്നത്. ജോലി സമയത്ത് മദ്യം, മയക്കുമരുന്ന് പോലുള്ള ഉത്പ്പന്നങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം കൂടാതെ ഉടനെ ജോലിയിൽ നിന്നും പിരിച്ചുവടാവുന്നതാണ്.
കമ്പനി ഫോൺ അടക്കമുള്ള സൗകര്യങ്ങൾ അനുമതിയില്ലാതെ സ്വന്തം ആവശ്യത്തിനായി ഉപോയഗിച്ചാൽ പിഴ ഈടാക്കും. ഹാജർ പുസ്തകത്തിലെ ലോഗുകളിൽ മാറ്റം വരുത്തിയാൽ കനത്ത പിഴ ഈടാക്കും. കൂടാതെ സസ്പെൻഷനും നൽകും. നിശ്ചിത എക്സിറ്റിലൂടെയല്ലാതെ പുറത്തുപോകുന്നവർക്ക് ദിവസ വേതനത്തിന്റെ 25 ശതമാനം വരെ പിഴയോ രണ്ട് ദിവസത്തെ സസ്പെൻഷനോ ലഭിക്കും.
കൈക്കൂലി വാങ്ങൽ, നിയമ നടപടിക്രമങ്ങൾ പാലിക്കാതെ സമരം ചെയ്യുക, സഹപ്രവർത്തകർക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുക പോലെയുള്ള കാര്യങ്ങൾ ചെയ്താൽ നഷ്ടപരിഹാരത്തോടുകൂടിയഉള്ള പിരിച്ചുവിടലിന് കാരണമാകും. മോശമായ രീതിയിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുകയോ കയ്യാങ്കളിയോ ഉണ്ടായാൽ ഗുരുതര പിഴ ഈടാക്കും. ഒന്നിലധികം സസ്പെൻഷനോ പിരിച്ചുവിടലിനോ ഇത് ഇടയാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല