1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2023

സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാർക്ക് ജോലി, താമസം എന്നിവ നൽകുന്നവർക്ക് പിഴ തുകകൾ മൂന്നിരട്ടിയായി വർധിപ്പിച്ചു യുകെ ഹോം ഓഫീസ്. അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് എടുത്തതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ഓരോ ലംഘനത്തിനും 60,000 പൗണ്ട് വരെ (ഏകദേശം 63 ലക്ഷം ഇന്ത്യൻ രൂപ) പിഴ ചുമത്താം. അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയമിച്ചാൽ ആദ്യ കുറ്റത്തിന് നിലവിൽ 15,000 പൗണ്ടായിരുന്നു പിഴ. ഇപ്പോൾ അത് നിന്ന് 45,000 പൗണ്ടായാണ് വർധിപ്പിച്ചത്. കുറ്റം ആവർത്തിക്കുന്നവർക്ക് 60,000 പൗണ്ട് പിഴയായി നൽകേണ്ടി വരും.

ഇത്തരത്തിൽ എത്തുന്നവർക്ക് താമസം നൽകിയാൽ 10,000 പൗണ്ടാണ് പിഴ. ആവർത്തിച്ചാൽ 20,000 പൗണ്ട് നൽകണം. താമസിക്കുന്നവർക്കും പിഴ നൽകണം. ഒരു തവണ പിടിക്കപ്പെട്ടാൽ 5000 പൗണ്ടാണ് അടക്കേണ്ടത്. ആവർത്തിക്കപ്പെട്ടാൽ 10,000 പൗണ്ട് നൽകണം. എത്ര പേർ യുകെയിൽ അനധികൃതമായി താമസിക്കുന്നുവെന്നതിന് ഇതുവരെയും കണക്കില്ല. ഗ്രേറ്റർ ലണ്ടൻ അതോറിറ്റി 2020-ൽ നടത്തിയ ഒരു പഠനം അനുസരിച്ച്, 5, 94,000 മുതൽ 7, 45,000 വരെ ആളുകൾ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നുണ്ട്.

2024 തുടക്കം മുതൽ പിഴ തുക വർധിപ്പിച്ച നിയമം പ്രാബല്യത്തിൽ വരും. ചെറിയ ബോട്ടുകൾ വഴിയുള്ള അപകടകരമായ ചാനൽ ക്രോസിംഗുകൾ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് പറഞ്ഞു. അനധികൃതമായ ജോലിയും താമസവും നിയമവിരുദ്ധ കുടിയേറ്റത്തിന് കാരണമാകുന്ന പ്രധാന ഘടകമാണെന്ന് ഹോം ഓഫീസ് വാദിക്കുന്നു.

2018 മുതൽ രേഖകളില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയമിച്ചതിന് തൊഴിലുടമകൾക്ക് ഏകദേശം 4,000 സിവിൽ പെനാൽറ്റികൾ നൽകിയിട്ടുണ്ട്. ഇതിലൂടെ 74 ദശലക്ഷം പൗണ്ട് തുക ആണ് ലഭിച്ചത്. ഇംഗ്ലീഷ് ചാനൽ മുറിച്ചു കടന്നുള്ള കുടിയേറ്റം തടയുക എന്നത് നിലവിലെ സർക്കാർ മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ഇംഗ്ലീഷ് ചാനൽ കടന്ന് 45,000 ത്തിലധികം ആളുകൾ യുകെയിൽ എത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.